ഈ വര്‍ഷം പ്രോപ്പര്‍ട്ടി വിലയില്‍ കുതിപ്പുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ഈ വര്‍ഷം പ്രോപ്പര്‍ട്ടി വിലയില്‍ കുതിപ്പുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

തിരിച്ചടികള്‍ അവസാനിക്കുന്നു. എക്‌സ്‌പോ 2020ക്ക് മുന്നോടിയായി ഈ വര്‍ഷം ദുബായിലെ പ്രോപ്പര്‍ട്ടി വിലയില്‍ വര്‍ധനയുണ്ടാകുമെന്ന് പ്രോപ്പര്‍ട്ടിഫൈന്‍ഡറിന്റെ റിപ്പോര്‍ട്ട്

ദുബായ്: യുഎഇ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ സംബന്ധിച്ചിടത്തോളം 2018 വഴിത്തിരിവുണ്ടാക്കുന്ന വര്‍ഷമായേക്കും. ഏറെ നാളത്തെ തളര്‍ച്ചയ്ക്ക് ശേഷം പ്രോപ്പര്‍ട്ടി വിപണി ഈ വര്‍ഷം തിരിച്ചുകയറുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രോപ്പര്‍ട്ടി വിലയില്‍ ഈ വര്‍ഷം വര്‍ധനയുണ്ടാകുമെന്നാണ് പ്രോപ്പര്‍ട്ടിഫൈന്‍ഡര്‍ ഗ്രൂപ്പ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അപ്പാര്‍ട്ട്‌മെന്റുകളുടെയും വില്ലകളുടെയും വിലയില്‍ കാര്യമായ ഇടിവാണ് കുറച്ചുകാലമായി ഉണ്ടാകുന്നത്. മീഡോസ്, ദുബായ്‌ലാന്‍ഡ്, ഫര്‍ജന്‍, ജുമയ്‌റ ഐലന്‍ഡ്‌സ് തുടങ്ങിയിടങ്ങളിലെല്ലാം അപ്പാര്‍ട്ട്‌മെന്റുകളുടെ വിലയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.

എന്നാല്‍ ദുബായില്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020ക്ക് മുന്നോടിയായി പ്രോപ്പര്‍ട്ടി വിലയില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് പ്രോപ്പര്‍ട്ടിഫൈന്‍ഡര്‍ ചൂണ്ടിക്കാട്ടുന്നു. അഫോഡബിള്‍ കാറ്റഗറിയില്‍ കൂടുതല്‍ പദ്ധതികള്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് പ്രോപ്പര്‍ട്ടി വിദഗ്ധരുടെ നിഗമനം.

ദുബായ് നഗരത്തെ സംബന്ധിച്ച് അതിനിര്‍ണായകവും ഏറെ പ്രതീക്ഷാനിര്‍ഭരവുമാണ് എക്‌സ്‌പോ 2020. ഷോപ്പിംഗ് ഡെസ്റ്റിനേഷന്‍ എന്ന ദുബായിയുടെ ഏറെക്കാലമായി നിലനില്‍ക്കുന്ന വിശേഷണത്തിന്റെ പുതിയ അളവുകോലായിരിക്കും എക്‌സ്‌പോ 2020 എന്നാണ് വിലയിരുത്തപ്പെടുന്നത്. 2020ലെ ഒക്‌റ്റോബര്‍ മാസത്തില്‍ ആരംഭിക്കുന്ന പരിപാടിയുടെ ഔദ്യോഗിക കൗണ്ട്ഡൗണ്‍ ദുബായ് ആരംഭിച്ചുകഴിഞ്ഞു. ഒരുക്കങ്ങളും വ്യാപകമായിത്തുടങ്ങി. മന്ദഗതിയിലായ റിയല്‍റ്റി മേഖലയ്ക്കായിരിക്കും എക്‌സപോയുടെ മുന്നൊരുക്കങ്ങള്‍ ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുകയെന്നാണ് വിലയിരുത്തല്‍.

അറബ് മേഖലയിലാകെ ഈ ഉണര്‍വ് പ്രകടമായേക്കും. തൊഴിലവസരങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിന്റെ അളവിലും അഭൂതപൂര്‍വമായ വര്‍ധനയാണ് ദുബായ് പ്രതീക്ഷിക്കുന്നത്. ഇത് സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റത്തിന് വലിയ തോതില്‍ സമൂഹത്തിന്റെ നിലവാരം ഉയര്‍ത്താനും സാധിക്കും. 500,000 പുതിയ തൊഴിലവസരങ്ങള്‍ എക്‌സ്‌പോയോട് അനുബന്ധിച്ച് സൃഷ്ടിക്കപ്പെടുമെന്നാണ് പല പഠനങ്ങളും പറയുന്നത്.

ദുബായ് സൗത്ത് ഡിസ്ട്രിക്റ്റിലാണ് എക്‌സ്‌പോ 2020ന്റെ പ്രധാന സൈറ്റ്. ഇത് മാത്രം തന്നെ 483 ഏക്കറുകള്‍ വരും. എക്‌സ്‌പോയുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ മൂല്യമാകട്ടെ ഏകദേശം 33 ബില്ല്യണ്‍ ഡോളറും. ആറ് മാസം നീണ്ടു നില്‍ക്കുന്ന ഈ ഷോപ്പിംഗ് മാമാങ്കത്തിന് ചുരുങ്ങിയത് 180 രാജ്യങ്ങളില്‍ നിന്നെങ്കിലും പങ്കാളിത്തമുണ്ടാകുമെന്നാണ് ദുബായ് പ്രതീക്ഷിക്കുന്നത്. റീട്ടെയ്ല്‍ ഹബ്ബ് എന്നു പേരുകേട്ട ദുബായ് നഗരത്തിന്റെ പുതിയ സാധ്യതകളിലേക്കാണ് എക്‌സ്‌പോ 2020 ലോകത്തെ കൊണ്ടുപോകുന്നത്.

മനസുകളെ ബന്ധിപ്പിക്കുക, ഭാവിയെ സൃഷ്ടിക്കുക എന്നതാണ് എക്‌സ്‌പോ 2020ന്റെ ആപ്തവാക്യം.
ബ്യൂറോ ഒഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോസിഷന്‍സിന്റെ മേല്‍നോട്ടത്തിലാണ് 2020ല്‍ എക്‌സ്‌പോ നടക്കുക. ബ്യൂറോ ഒഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോസിഷന്‍സ് രണ്ട് തരത്തിലുള്ള എക്‌സ്‌പോകളാണ് സാധാരണ സംഘടിപ്പിക്കാറുള്ളത്. വേള്‍ഡ് എക്‌സ്‌പോ യും സ്‌പെഷ്യല്‍ ഇന്റര്‍നാഷണല്‍ എക്‌സ്‌പോയുംഇതില്‍ സ്‌പെഷ്യല്‍ ഇന്റര്‍നാഷണല്‍ എക്‌സ്‌പോ എല്ലാ മൂന്നു വര്‍ഷം കൂടുമ്പോഴാണ് നടക്കുക. ഇതിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. ആറു മാസം ദൈര്‍ഘ്യമുള്ളതാണ് വേള്‍ഡ് എക്‌സ്‌പോ. ഇത് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴുമാണ് നടക്കുക. 2010 ലെ എക്‌സ്‌പോ ചൈനയിലെ ഷാങ്ഹായ് നഗരത്തിലായിരുന്നു നടന്നത്. 2015ലെ എക്‌സ്‌പോ നടത്താനുള്ള അവകാശം ഇറ്റലിയിലെ മിലാന്‍ നഗരത്തിനാണ് ലഭിച്ചത്.

 

Comments

comments

Categories: Arabia