കൗമാരപ്രായം 10-24 വരെയാകുമെന്ന് ലാന്‍സെറ്റ് പഠനം

കൗമാരപ്രായം 10-24 വരെയാകുമെന്ന് ലാന്‍സെറ്റ് പഠനം

ജനറല്‍ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് നടത്തിയ പഠന പ്രകാരം ഇനി കൗമാരപ്രായം 10-24 വയസുവരെ ആകേണ്ടിയിരിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുമ്പ് ഇത് 10- 19 വയസുവരെ ആയിരുന്നു

മാറിവരുന്ന ജീവിതശൈലി മനുഷ്യന്റെ ശാരീരിക മാനസിക തലങ്ങളെ കാര്യമായ തോതില്‍ സ്വാധീനിക്കുന്നതായി വിവിധ പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞ കാര്യമാണ്. കുട്ടികളിലെ വളര്‍ച്ചയിലും അവരുടെ ജൈവ ഘടികാര വ്യവസ്ഥയിലും ചെറുതല്ലാത്ത മാറ്റങ്ങളുണ്ടാക്കാനും ആധുനിക ജീവിതശൈലിയിലെ പ്രവണതകള്‍ ഇടയാക്കിയിട്ടുണ്ട്. ജീവിതശൈലി, ജനറ്റിക്‌സ്, വിവിധ പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയെല്ലാം കൂടിച്ചേര്‍ന്നാല്‍ പ്രായമേറുമ്പോള്‍ ആരോഗ്യാവസ്ഥ തകരാറിലാക്കുമെന്നും ഗവേഷകലോകം മുന്നറിയിപ്പ് നല്‍കുന്നു. പുതിയ പഠനപ്രകാരം സാമൂഹ്യപരമായ മാറ്റങ്ങള്‍ക്കൊപ്പം, വിവാഹം വൈകുന്നതും രക്ഷകര്‍ത്തിത്വം താമസിക്കുന്നതും മറ്റും വിരല്‍ ചൂണ്ടുന്നത് വരും തലമുറയുടെ കൗമാര കാലഘട്ടത്തിലേക്കാണ്. ജനറല്‍ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് നടത്തിയ പഠന പ്രകാരം ഇനി കൗമാരപ്രായം 10-24 വയസുവരെ ആകേണ്ടിയിരിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുമ്പ് ഇത് 10- 19 വയസുവരെ ആയിരുന്നു.

കൗമാരപ്രായത്തിന്റെ ഗതിയില്‍ കാര്യമായ മാറ്റമുണ്ടാക്കിയ നൂറ്റാണ്ടായാണ് കഴിഞ്ഞ നൂറ്റാണ്ടിനെ പഠനം നടത്തിയ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. മാറിവരുന്ന ജീവിതശൈലികള്‍ പെണ്‍കുട്ടികളിലെ ആര്‍ത്തവ കാലയളവിലും വലിയ തോതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ന് 8- 10 വയസില്‍ പെണ്‍കുട്ടികള്‍ ഋതുമതികളാകുന്നു. എന്നാല്‍ പ്രായവും പക്വതയും എത്തും മുമ്പേയുള്ള ഈ പ്രായപൂര്‍ത്തിയാകല്‍ പെണ്‍കുട്ടികളില്‍ നിരവധി മാനസിക പ്രശ്‌നങ്ങളും വിഷാദം, പെരുമാറ്റ വൈകല്യം തുടങ്ങിയവയ്ക്കും കാരണമാകുന്നുണ്ട്. തീരെ ചെറിയ പ്രായത്തില്‍ തന്നെ അവര്‍ കൗമാര അവസ്ഥയിലേക്കു കടക്കുകയാണ്. ഇത് കാലക്രമേണ നിരവധി രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാലക്രമേണ ഈ വ്യതിയാനങ്ങള്‍ ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്കും കാന്‍സര്‍ പോലുള്ള രോഗങ്ങളിലേക്കും നയിക്കാന്‍ കാരണമാകും.

അതുപോലെതന്നെ പ്രായപൂര്‍ത്തിയായവര്‍ പഠനത്തിനും ജോലിക്കും മറ്റുമായി ദീര്‍ഘകാലം ചെലവഴിക്കുന്നു. ഇത് വിവാഹം താമസിക്കുന്നതിനും പേരന്റിംഗ് വൈകുന്നതിലേക്കും നയിക്കുകയാണ്. ഇതോടെ കൗമാര കാലഘട്ടം 24 വയസിലേക്കു നീളാന്‍ ഇടയാക്കുന്നു. കൗമാരപ്രായത്തിന്റെ നിര്‍വചനത്തില്‍ തന്നെ മാറ്റമുണ്ടാകുന്ന തരത്തിലുള്ള പഠനമാണ് ലാന്‍സറ്റ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ഭാവിതലമുറയുടെ കൗമാര കാലഘട്ടത്തില്‍ ഉണ്ടാകുന്ന സാമൂഹ്യ പരമായ ഈ മാറ്റത്തിന് അനുസരിച്ച് നിയമങ്ങളും സാമൂഹിക നയങ്ങളും സേവന വ്യവസ്ഥകളിലും മാറ്റം വരുത്തണമെന്നും ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്‍സ് ഹെല്‍ത്ത് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌

Comments

comments

Categories: Life