പടിവാതുക്കല്‍ സ്റ്റേഷനറി സൗകര്യവുമായി ‘സ്റ്റേഷനറൈ’

പടിവാതുക്കല്‍ സ്റ്റേഷനറി സൗകര്യവുമായി ‘സ്റ്റേഷനറൈ’

പഠന സംബന്ധമായ പുസ്തകങ്ങളും നോട്ടു ബുക്കുകളും ഉള്‍പ്പെടെയുള്ള സ്റ്റേഷനറികള്‍ വാഹനങ്ങളില്‍ വടിവാതുക്കലെത്തി വില്‍ക്കുന്ന സംരംഭമാണ് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സ്റ്റേഷനറൈ’

പുസ്തകങ്ങളും നോട്ട് ബുക്കുകളും ഉള്‍പ്പെടെ എല്ലാവിധ സ്റ്റേഷനറികളും വീടിന്റെ പടിവാതുക്കല്‍ എത്തിയാല്‍ എത്ര സൗകര്യപ്രദമാകും. ഈ ചിന്ത യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ‘സ്റ്റേഷനറൈ’ എന്ന സ്റ്റാര്‍ട്ടപ്പ്.
നിരവധി കമ്പനികളുടെ മാര്‍ക്കറ്റിംഗ്, പ്രോഡക്റ്റ് വിഭാഗങ്ങളില്‍ പ്രവൃത്തി പരിചയമുള്ള ഹുംരാഹി ജെയിന്‍ 2017 ലാണ് ഈ വേറിട്ട ആശയത്തിലുള്ള സംരംഭത്തിനു തുടക്കമിട്ടത്. ആശയം ചെറുതെങ്കിലും മേഖലയില്‍ പുതുമയുള്ളതും വിപ്ലവകരവുമായ മാറ്റത്തിനാണ് ഇതു വഴിവെച്ചത്. പഠന സംബന്ധമായ പുസ്തകങ്ങള്‍, നോട്ടു ബുക്കുകള്‍, സമ്മാനങ്ങള്‍ തുടങ്ങിയ ഒട്ടുമിക്ക സ്‌റ്റേഷനറി ഉല്‍പ്പന്നങ്ങളും നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറൈയുടെ വാഹനങ്ങളില്‍ ലഭ്യമാകും. സ്‌കൂളുകളും ഹൗസിംഗ് സൊസൈറ്റികളും മറ്റും കേന്ദ്രീകരിച്ചാണ് കമ്പനിയുടെ വിതരണ കേന്ദ്രങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കരിയറിലെ കോര്‍പ്പറേറ്റ് മികവിന്റെ പിന്തുണ

കുട്ടിക്കാലത്ത് സ്ഥിരമായി സ്ഥലമാറ്റം ലഭിക്കുന്ന പിതാവിന്റെ ജോലി കൂടുതല്‍ സ്ഥലങ്ങളെ കുറിച്ചുള്ള അവബോധമാണ് ഹുംരാഹിക്കു നല്‍കിയത്. പല സ്ഥലങ്ങള്‍, സ്‌കൂളുകള്‍ പരിചയപ്പെട്ടെങ്കിലും വിദ്യഭ്യാസം കൂടുതലും ചെലവിട്ടത് ബെംഗളൂരിലാണ്. ബെംഗളൂരു സര്‍വകലാശാലയില്‍ നിന്നും ബിബിഎം, എംബിഎ പൂര്‍ത്തിയാക്കിയ ശേഷം ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ പ്രശസ്തമായ റിട്ടെയ്ല്‍ ചെയ്ന്‍ പ്രോജക്റ്റിന്റെ ഭാഗമായി. ഒരു ദശാബ്ദത്തോളം നീണ്ട കോര്‍പ്പറേറ് കരിയറില്‍ മാധ്യമ രംഗത്ത് മാര്‍ക്കറ്റിംഗ് മേഖലയിലും പരിചയ സമ്പത്ത് കരസ്ഥമാക്കി. കരിയറിലെ ദീര്‍ഘകാലമായുള്ള മാര്‍ക്കറ്റിംഗ്, കോര്‍പ്പറേറ്റ് മേഖലകളിലെ പ്രവൃത്തി പരിചയം തന്നെയാണ് പുതിയ ആശയത്തില്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാന്‍ ഹുംരാഹിക്ക് ഊര്‍ജ്ജം നല്‍കിയത്.

ആവശ്യക്കാര്‍ ഉല്‍പ്പന്നങ്ങള്‍ തേടി ചെല്ലേണ്ട സ്ഥിതിയില്‍ നിന്നും അവശ്യക്കാരെ തേടി എത്തുന്ന മൊബീല്‍ സ്‌റ്റേഷനറി സംരംഭം വേറിട്ട ബിസിനസ് ആശയം കൊണ്ടുതന്നെ അതിവേഗം ശ്രദ്ധേയമായി. 2017 നവംബറില്‍ തുടങ്ങിയ ‘സ്‌റ്റേഷനറൈ’ ഇതിനോടകം 12 സ്‌കൂളുകള്‍, എട്ട് ഹൗസിംഗ് സൊസൈറ്റികള്‍, മൂന്ന് കോര്‍പ്പറേറ്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ സേവനം നല്‍കിവരുന്നു

സഞ്ചരിക്കുന്ന സ്റ്റേഷനറി

മൊബൈല്‍ മാര്‍ക്കറ്റിംഗ്, ഉല്‍പ്പന്ന വികസനം എന്നീ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഹുംരാഹിയുടെ സഞ്ചരിക്കുന്ന സ്റ്റേഷനറി എന്ന ആശയത്തിന് തുടക്കത്തില്‍ തന്നെ വന്‍ വരവേല്‍പ്പാണ് ജനങ്ങള്‍ക്കിടയില്‍ നിന്നുമുണ്ടായത്. ഇന്ത്യയിലെ അസംഘിടതമായ സ്റ്റേഷനറി മേഖലയ്ക്ക് ഒരു നവ വരവേല്‍പ്പ് എന്ന നിലയിലും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പഠിക്കുന്ന പുസ്തകങ്ങളടക്കമുള്ളവ തെരഞ്ഞെടുക്കുന്നതിന് ഏറ്റവും ലളിതമായുള്ള ആവിഷ്‌കാരവുമായിരുന്നു ഇതുവഴി അവതരിപ്പിക്കപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കുക എന്നതിനും സ്റ്റേഷനറൈ പ്രാധാന്യം നല്‍കുന്നു. സ്‌കൂള്‍, കോളെജുകള്‍, കോര്‍പ്പറേറ്റ് പാര്‍ക്കുകള്‍ എന്നിവ കേന്ദ്രീകരിച്ച് നോയിഡയിലാണ് ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയില്‍ സംരംഭത്തിന് തുടക്കമിട്ടത്. സാധാരണ നിലയിലുള്ള ഒരു ട്രക്ക് വേറിട്ട ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത് ബിസിനസിനായി രൂപപ്പെടുത്തി. കെട്ടിലും മട്ടിലും മാര്‍ക്കറ്റിംഗും വില്‍പ്പനയും ഒന്നിച്ചു കൊണ്ടുപോകുന്ന ഹുംരാഹിയുടെ ഈ വാഹനവും ബിസിനസും ആളുകള്‍ക്കിടയില്‍ വളരെ പെട്ടെന്നു ഹിറ്റായി മാറുകയായിരുന്നു.

പുസ്തകങ്ങളും നോട്ട് ബുക്കുകളും സമ്മാനങ്ങളുമൊക്കെ ദിവസേന ആവശ്യമുള്ള ഒന്നല്ല, അതുകൊണ്ടുതന്നെ ഒരു പ്രത്യേക റൂട്ട്മാപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു വിപണന കേന്ദ്രങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ സ്‌കൂളുകള്‍ക്കു സമീപത്തും 10-15 ദിവസങ്ങളുടെ ഇടവേളകളില്‍ ഹൗസിംഗ് സൊസൈറ്റികള്‍ കേന്ദ്രീകരിച്ചും വിതരണം നടത്തിവരുന്നു. ഈ വിതരണ സംവിധാനം ധാരാളം ഉപഭോക്താക്കളെ സൃഷ്ടിക്കാന്‍ കാരണമാക്കിയെന്ന് ഹുംരാഹി അഭിപ്രായപ്പെടുന്നു.

അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഡോ. സ്മിതാ സിംഗ് സഹസ്ഥാപക ആയിരിക്കുന്ന സംരംഭം ഇതിനോടകം നോയിഡയിലെ അറിയപ്പെടുന്ന മൊബീല്‍ സ്‌റ്റേഷനറി ബിസിനസ് ആയി തീര്‍ന്നിട്ടുണ്ട്. നോളജ് ഓണ്‍ വീല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഇവരുടെ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിക്ഷേപം 85 ലക്ഷമായി വര്‍ധിപ്പിച്ച് പത്തോളം ട്രക്കുകളുമായി ഡല്‍ഹി എന്‍സിആര്‍ മേഖലയിലേക്ക് പ്രവേശിക്കാനാണ് കമ്പനിയുടെ അടുത്ത ശ്രമം. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി എന്‍സിആര്‍, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലായി ബിസിനസ് പരമാവധി വ്യാപിപ്പിക്കാനും ഹുംരാഹി പദ്ധതി തയാറാക്കുന്നുണ്ട്. കൂടാതെ ഭാവിയില്‍ രണ്ടാനിര, മൂന്നാംനിര നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും സഞ്ചരിക്കുന്ന സ്റ്റേഷനറി വാഹനമെത്തിക്കും

വേറിട്ട ബിസിനസ് മോഡല്‍

ആവശ്യക്കാര്‍ ഉല്‍പ്പന്നങ്ങള്‍ തേടി ചെല്ലേണ്ട സ്ഥിതിയില്‍ നിന്നും അവശ്യക്കാരെ തേടി എത്തുന്ന മൊബീല്‍ സ്‌റ്റേഷനറി സംരംഭം വേറിട്ട ബിസിനസ് ആശയം കൊണ്ടുതന്നെ അതിവേഗം ശ്രദ്ധേയമായി. 2017 നവംബറില്‍ തുടങ്ങിയ സ്‌റ്റേഷനറൈ ഇതിനോടകം 12 സ്‌കൂളുകള്‍, എട്ട് ഹൗസിംഗ് സൊസൈറ്റികള്‍, മൂന്ന് കോര്‍പ്പറേറ്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ സേവനം നല്‍കിവരുന്നു. ”സഞ്ചരിക്കുന്ന സ്റ്റേഷനറി ഷോപ്പിംഗ് എന്ന ബിസിനസ് മാതൃക നഗരത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വളരെ വേഗത്തില്‍ വ്യാപിക്കുന്നുണ്ട്. സര്‍ക്കാര്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി സംഖ്യത്തിലേര്‍പ്പെടാനും ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍,” ഹുംരാഹി പറയുന്നു.

5 വയസുള്ള കുട്ടികള്‍ മുതല്‍ മുതിര്‍ന്ന രക്ഷിതാക്കള്‍ വരെയുള്ളവരാണ് സ്റ്റേഷനറൈയുടെ ഉപഭോക്താക്കള്‍. ആധുനികയുഗത്തില്‍ സഞ്ചരിക്കുന്ന സ്‌റ്റേഷനറിക്കായുള്ള കാത്തിരിപ്പും ഹൗസിംഗ് സൊസൈറ്റിലേക്ക് വാഹനം വരുമ്പോള്‍ ഒത്തുകൂടി സാധനങ്ങള്‍ വാങ്ങുന്നതുമൊക്കെ പുതിയ വാങ്ങല്‍ സംസ്‌കാരത്തിനു പ്രേരിപ്പിക്കുന്നതായി ചില ഉപഭോക്താക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സംരംഭത്തിന്റെ ആദ്യ 45 ദിനങ്ങളില്‍ 1500 ഓളം ഉപഭോക്താക്കളില്‍ നിന്നായി പ്രതിദിനം 2850 രൂപ എന്ന നിലയിലായിരുന്ന സംരംഭത്തിന് , ഇന്നു 1.4 ലക്ഷം രൂപയാണ് മൊത്ത വരുമാനം.

വിപണിയിലെ പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പായ സ്റ്റേഷനറൈ 18 ലക്ഷം രൂപ നിക്ഷേത്തിലാണ് തുടക്കമിട്ടത്. നിക്ഷേപം 85 ലക്ഷമായി വര്‍ധിപ്പിച്ച് പത്തോളം ട്രക്കുകളുമായി ഡല്‍ഹി എന്‍സിആര്‍ മേഖലയിലേക്ക് പ്രവേശിക്കാനാണ് കമ്പനിയുടെ അടുത്ത ശ്രമം. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി എന്‍സിആര്‍, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലായി ബിസിനസ് പരമാവധി വ്യാപിപ്പിക്കാനും ഹുംരാഹി പദ്ധതി തയാറാക്കുന്നുണ്ട്. കൂടാതെ ഭാവിയില്‍ രണ്ടാനിര, മൂന്നാംനിര നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും സഞ്ചരിക്കുന്ന സ്റ്റേഷനറി വാഹനമെത്തിക്കും.

 

Comments

comments