റസ്മല ആമസോണിന്റെ ലോജിസ്റ്റിക്‌സ് സെന്റര്‍ ഏറ്റെടുത്തു

റസ്മല ആമസോണിന്റെ ലോജിസ്റ്റിക്‌സ് സെന്റര്‍ ഏറ്റെടുത്തു

ലോജിസ്റ്റിക്‌സിലേക്ക് ഒരു ബില്ല്യണ്‍ ഡോളര്‍ വിന്യസിക്കാനുള്ള തയാറെടുപ്പിലാണ് ദുബായിലെ പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ റസ്മല

ദുബായ്: ജര്‍മനിയിലെ രണ്ട് ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങള്‍ ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ റസ്മല ഏറ്റെടുത്തു. 185 മില്ല്യണ്‍ ഡോളറിനാണ് ഏറ്റെടുക്കല്‍. ഡോര്‍ട്ടമണ്ടിലുള്ള ആമസോണിന്റെ പുതിയ ലോജിസ്റ്റിക്‌സ് കേന്ദ്രവും ഇതില്‍ പെടും.

88,000 സ്‌ക്വയര്‍ മീറ്ററിലാണ് ആമസോണ്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ഇതിന് മാത്രം റസ്മലയ്ക്ക് മുടക്കേണ്ടി വന്നത് 145 മില്ല്യണ്‍ ഡോളറാണ്. സ്‌പോര്‍ട്‌സ് ഗുഡ്‌സ് റീട്ടെയ്‌ലറായ ഡെക്കത്‌ളോണിന്റെ സബ്‌സിഡിയറിയാണ് റസ്മല ഏറ്റെടുത്ത മറ്റൊരു ലോജിസ്റ്റിക്‌സ് സെന്റര്‍. 40 മില്ല്യണ്‍ ഡോളറിനാണ് ഈ ഏറ്റെടുക്കല്‍ നടന്നത്. ഡോര്‍ട്മണ്ടിന് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഗ്രേഡ് എ വെറ്റ്ഫാളെന്‍ഹ്യുറ്റെ ലോജിസ്റ്റിക്‌സ് പാര്‍ക്കിലാണ് ഈ രണ്ട് ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത്.

റസ്മലയുടെ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ റസ്മല ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിലൂടെയാണ് ഇടപാടുകള്‍ നടന്നത്. ലോജിസ്റ്റിക്‌സ് പദ്ധതികളിലേക്കുള്ള തങ്ങളുടെ നിക്ഷേപം ഒരു ബില്ല്യണ്‍ ഡോളര്‍ ആക്കാനുള്ള പുറപ്പാടിലാണ് റസ്മല. അതിലേക്കുള്ള പ്രധാന ഇടപാടായാണ് പുതിയ ഏറ്റെടുക്കല്‍ വിലയിരുത്തപ്പെടുന്നത്.

2017 മാര്‍ച്ചില്‍ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ യുകെയിലെ ഏറ്റവും വലിയ ഫുള്‍ഫില്‍മെന്റ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ റസ്മല ഏറ്റെടുത്തിരുന്നു. സ്‌കോട്‌ലന്‍ഡിലെ ഡന്‍ഫെര്‍മ്ലിനില്‍ സ്ഥിതി ചെയ്യുന്ന ഈ ലോജിസ്റ്റിക്‌സ് കേന്ദ്രം ഒരു ദശലക്ഷം ചതുരശ്രയടിയാണ് കവര്‍ ചെയ്യുന്നത്. സ്‌കോട്‌ലന്‍ഡില്‍ എക്കാലവും നടന്ന ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് പ്രോപ്പര്‍ട്ടി ഡീലായിരുന്നു അത്.

ജെബെല്‍ അലി ഫ്രീ സോണിനടുത്തുള്ള ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലെ 120 വെയര്‍ ഹൗസുകളും റസ്മല ഏറ്റെടുത്തിരുന്നു. 140 മില്ല്യണ്‍ ഡോളറിനായിരുന്നു ഈ ഏറ്റെടുക്കല്‍. സുസ്ഥിരവരുമാനം തരുന്ന ആസ്തികളായി ഇതിനെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. ഏകദേശം 400 മില്ല്യണ്‍ ഡോളറിനടുത്ത് ലോജിസ്റ്റിക്‌സ് ആസ്തികള്‍ക്കായി റസ്മല ചെലവിട്ട് കഴിഞ്ഞു.

 

Comments

comments

Categories: Arabia