മാളുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ മികച്ച വര്‍ധന

മാളുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ മികച്ച വര്‍ധന

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സമയത്ത് മാളുകളിലേക്കെത്തിയ സന്ദര്‍ശകരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധന

ദുബായ്: നഗരത്തിലെ മാളുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ മികച്ച വര്‍ധന. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലന്റെ 23ാം പതിപ്പിനോട് അനുബന്ധിച്ച് ദുബായ് മാളുകളിലേക്ക് എത്തിയവരുടെ എണ്ണത്തിലും മികച്ച വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ട്.

ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിനെ സംബന്ധിച്ചിടത്തോളം 2018ലെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഏറ്റവും മികച്ചതായി മാറിയെന്ന് അല്‍ ഫുട്ടെയിം ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് ഷോപ്പിംഗ് മാള്‍സ് ഡയറക്റ്റര്‍ സ്റ്റീവന്‍ ക്ലീവര്‍ പറഞ്ഞു. മാളിലെത്തിയവരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനയുണ്ടായതായി അദ്ദേഹം വ്യക്തമാക്കി.

നക്കീല്‍ മാള്‍സ്, ഇബ്ന്‍ ബത്തൂത്ത മാള്‍, ഡ്രാഗണ്‍ മാര്‍ട്‌സ്, മെര്‍കാറ്റോ മാള്‍ തുടങ്ങിയവയിലും സമാനമായ രീതിയില്‍ സന്ദര്‍ശകരുടെ എണ്ണം കൂടിയിട്ടുണ്ട്.

മജീദ് അല്‍ ഫുട്ടെയിം പ്രോപ്പര്‍ട്ടീസിന്റെ ദുബായിലെ ആറ് ഷോപ്പിംഗ് മാളുകളിലും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നല്ല തിരക്കുണ്ടായിരുന്നതായും മികച്ച ബിസിനസ് തങ്ങള്‍ നേടിയതായും അധികൃതര്‍ പറഞ്ഞു. മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, സിറ്റി സെന്റേഴ്‌സ് ദെയ്‌റ, മിര്‍ദിഫ്, മെ ഐസെം, അല്‍ ഷിന്‍ദഗ, മൈ സിറ്റി സെന്റര്‍ അല്‍ ബര്‍ഷ തുടങ്ങിയ ഗ്രൂപ്പിന്റെ മാളുകളിലെല്ലാം കൂടുതല്‍ സന്ദര്‍ശകരെത്തി.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സമയത്ത് വിമാന കമ്പനിയായ എമിറേറ്റ്‌സിലൂടെ യാത്ര ചെയ്തവരുടെ എണ്ണത്തിലും മികച്ച വര്‍ധനയുണ്ടായി. എമിറേറ്റ്‌സ് കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ് സെന്റര്‍ ഡിവിഷണല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഷേഖ് മജിദ് അല്‍ മുവല്ല ഇത് സ്ഥിരീകരിച്ചു. യുകെ, യുഎസ്, ഫ്രാന്‍സ്, സ്‌പെയ്ന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ ദുബായിലേക്ക് ഒഴുകിയെന്നാണ് കണക്കുകള്‍.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആദ്യ പകുതിക്കുള്ളില്‍ തന്നെ വന്ന ഈ പോസിറ്റിവ് കണക്കുകള്‍ അടുത്ത പകുതിയിലെ കുതിപ്പിനെയാണ് സൂചിപ്പിക്കുന്നതെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ് സിഇഒ അഹമ്മദ് അല്‍ ഖാജ പറഞ്ഞു.

 

Comments

comments

Categories: Arabia

Related Articles