യു എസ് ഷട്ട്ഡൗണ്‍: നാസയുടെ പ്രവര്‍ത്തനം താളംതെറ്റി, സ്‌പേസ് എക്‌സ് റോക്കറ്റ് വിക്ഷേപണം മുടങ്ങി

യു എസ് ഷട്ട്ഡൗണ്‍: നാസയുടെ പ്രവര്‍ത്തനം താളംതെറ്റി, സ്‌പേസ് എക്‌സ് റോക്കറ്റ് വിക്ഷേപണം മുടങ്ങി

അമേരിക്കയിലെ ട്രഷറി ഷട്ട്ഡൗണ്‍ നാസയുടെ ബരിഹാകാശ പദ്ധതികള്‍ അവതാളത്തിലാക്കി. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്നലെ വിക്ഷേപിക്കേണ്ടിയിരുന്ന സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കന്‍ ഹെവി റോക്കറ്റിന്റെ വിക്ഷേപണം ജീവനക്കാര്‍ എത്താതിരുന്നതു മൂലം മുടങ്ങി. കെന്നഡി സ്‌പേസ് സെന്ററിന്റെയും കേപ്പ് കാനവരല്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷന്റെയും പ്രവര്‍ത്തനം ഭാഗികമായി നിലച്ചിരിക്കുകയാണ്. ഷട്ട്ഡൗണ്‍ കഴിയുന്നതു വരെ ജോലിക്ക് കയറേണ്ടെന്നാണ് നാസയിലെ ജീവനക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഷട്ട്ഡൗണ്‍ നീണ്ടു പോയാല്‍ നാസയുടെ ബഹിരാകാശ സഞ്ചാരികളായ മാര്‍ക്ക് വാന്‍ഡെ ഹെയ്, സ്‌കോട്ട് ടിങ്കിള്‍ എന്നിവര്‍ ഇന്ന് രാത്രി നടത്താനിരിക്കുന്ന സ്‌പേസ് വാക്കിന്റെ തുടര്‍ സംപ്രേക്ഷണം മുടങ്ങിയിക്കും. ജനുവരി 30ന് നടക്കേണ്ട സ്‌പേസ് എക്‌സിന്റെ കമ്യൂണിക്കേഷന്‍ സാറ്റലൈറ്റിന്റെ വിക്ഷേപണവും മുടങ്ങും.

ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശക്തിയുള്ള സ്‌പേസ് എക്‌സിന്റെ ട്രിപ്പിള്‍ കോര്‍ 23 എഞ്ചിന്‍ ഫാല്‍ക്കന്‍ ഹെവി മെഗാ റോക്കറ്റിന്റെ വിക്ഷേപണം പലവട്ടം മാറ്റിവെച്ച ശേഷമാണ് തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നത്. റോക്കറ്റിന്റെ ടെസ്റ്റ് ഫയറിംഗ് രണ്ടു വട്ടം നടത്തിയിരുന്നു. സ്‌പേസ് എക്‌സ് സ്വകാര്യ കമ്പനിയായതിനാല്‍ സ്വന്തം നിലക്ക് വിക്ഷേപണം നടത്താന്‍ സജ്ജമാണെങ്കിലും സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കെന്നഡി സ്‌പേസ് സെന്ററിലെ ജീവനക്കാര്‍ എത്താതായതോടെ ഗ്രൗണ്ട് ഹാന്റ്‌ലിംഗിന് വേണ്ട പിന്തുണ ഇല്ലാതായി. 23 എഞ്ചിനുകളുള്ള ഫാല്‍ക്കന്‍ ഹെവി മെഗാ റോക്കറ്റ് ടെസ്്‌ലയുടെ ഇലക്ട്രിക് കാറുള്‍പ്പെടെ 1,40,660 പൗണ്ട് ഭാരവുമായാണ് ഭ്രമണപഥത്തിലെത്തേണ്ടത്.

രണ്ടാഴ്ച മുമ്പ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കേപ് കാനവരല്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് വിക്ഷേപിച്ച ഫാല്‍ക്കന്‍ 9 റോക്കറ്റ് യു എസ് ഗവണ്‍മെന്റിന്റെ രഹസ്യ സാറ്റലൈറ്റിനെ ഭ്രമണ പഥത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.

 

Comments

comments

Categories: FK News, Politics, Tech, World