ഡിപി വേള്‍ഡും ഇന്ത്യയുടെ എന്‍ഐഐഎഫും വന്‍നിക്ഷേപത്തിന്

ഡിപി വേള്‍ഡും ഇന്ത്യയുടെ എന്‍ഐഐഎഫും വന്‍നിക്ഷേപത്തിന്

ട്രാന്‍സ്‌പോര്‍ട്ട്, ലോജിസ്റ്റിക്‌സ് മേഖലകളില്‍ 3 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് ഡിപി വേള്‍ഡും ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും തീരുമാനിച്ചിരിക്കുന്നത്

ദുബായ്: ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തുറമുഖ ഓപ്പറേറ്റര്‍ ഡിപി വേള്‍ഡും ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടും പുതിയ ഫണ്ട് രൂപീകരിച്ചു. ട്രാന്‍സ്‌പോര്‍ട്ട്, ലോജിസ്റ്റിക്‌സ് മേഖലകളില്‍ മൂന്ന് ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനാണ് ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യയിലാകും നിക്ഷേപം കൂടുതല്‍ നടത്തുക.

ചരക്ക് ഇടനാഴികകള്‍, തുറമുഖങ്ങള്‍, സ്‌പെഷല്‍ ഇക്കണോമിക് സോണുകള്‍, ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ടെര്‍മിനലുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ ആസ്തി ഏറ്റെടുക്കുന്നതിനായി നിക്ഷേപം ഉപയോഗപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനെ പിന്‍പറ്റി അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുമായി എന്‍ഐഐഎഫ് ഒക്‌റ്റോബറില്‍ ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപക ഡീല്‍ ഒപ്പ് വെക്കുന്നുമുണ്ട്. ഇന്ത്യയില്‍ നിരവധി തുറമുഖങ്ങള്‍ ഡിപി വേള്‍ഡ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് മാനേജറായ കയ്‌സെ ഡെ ഡിപ്പോട്ട് എറ്റ് പ്ലേസ്‌മെന്റ് ഡു ക്വുബെക്കുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നുവെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. വിവിധ രാജ്യങ്ങളിലുള്ള പോര്‍ട്ടുകളിലും ടെര്‍മിനലുകളിലുമായി നിക്ഷേപിക്കുന്നതിന് 3.7 ബില്ല്യണ്‍ ഡോളര്‍ ഫണ്ട് നീക്കിവെക്കുകയായിരുന്നു അതിന്റെ ലക്ഷ്യം.

Comments

comments

Categories: Arabia, Business & Economy