2018 ഡിട്രോയിറ്റ് ഓട്ടോ ഷോ ; കാറുകളുടെ തൃശ്ശൂര്‍ പൂരം

2018 ഡിട്രോയിറ്റ് ഓട്ടോ ഷോ ; കാറുകളുടെ തൃശ്ശൂര്‍ പൂരം

 

ഡിട്രോയിറ്റില്‍ നടന്നുവരുന്ന നോര്‍ത്ത് അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ നിരവധി കണ്‍സെപ്റ്റ് കാറുകളാണ് അണിനിരന്നത്

യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ഡിട്രോയിറ്റില്‍ നടന്നുവരുന്ന നോര്‍ത്ത് അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ നിരവധി കണ്‍സെപ്റ്റ് കാറുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ഭാവിയിലെ മോട്ടോറിംഗ് എങ്ങനെയിരിക്കുമെന്നതിന്റെ ‘ജീവിക്കുന്ന മോഡലുകളാണ്’ കണ്‍സെപ്റ്റ് കാറുകള്‍. ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡുകള്‍, ഗ്രീന്‍ എനര്‍ജി, ഓട്ടോണമസ് ഫീച്ചറുകള്‍ എന്നിവയ്ക്കാണ് ഈ വര്‍ഷത്തെ ഡിട്രോയിറ്റ് ഓട്ടോ ഷോയില്‍ പ്രാധാന്യം ലഭിച്ചത്.

മൂന്നാം തലമുറ ഹോണ്ട ഇന്‍സൈറ്റ്

ഡിടോയിറ്റ് ഓട്ടോ ഷോയില്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായ മൂന്നാം തലമുറ ഹോണ്ട ഇന്‍സൈറ്റ് പ്രദര്‍ശിപ്പിച്ചു. ടൊയോട്ട പ്രയസ്, ഫോഡ് ഫ്യൂഷന്‍ തുടങ്ങിയ ഹൈബ്രിഡ് മോഡലുകളെയാണ് ഇന്‍സൈറ്റ് വെല്ലുവിളിക്കുന്നത്. മറ്റുചില എതിരാളി കാറുകളില്‍നിന്ന് വ്യത്യസ്തമായി ഹോണ്ട ഇന്‍സൈറ്റിലെ എന്‍ജിന്‍ പലപ്പോഴും ജനറേറ്ററിന്റെ റോളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എന്‍ജിന്‍ റീച്ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍ ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിക്കും. ഒന്നും രണ്ടും തലമുറ ഇന്‍സൈറ്റുകള്‍ യൂറോപ്യന്‍ വിപണിയിലെത്തിച്ചിരുന്നു. എന്നാല്‍ പുതിയ മൂന്നാം തലമുറ ഇന്‍സൈറ്റ് യുകെയില്‍ വില്‍ക്കില്ലെന്നാണ് കരുതുന്നത്. ഈ വര്‍ഷം രണ്ടാം പകുതിയില്‍ കാര്‍ വിപണിയിലെത്തും.

നിസ്സാന്‍ എക്‌സ്‌മോഷന്‍

ഡിട്രോയിറ്റില്‍ നിസ്സാന്‍ എക്‌സ്‌മോഷന്‍ കണ്‍സെപ്റ്റ് അനാവരണം ചെയ്തു. ഈ വാഹനത്തിന്റെ രൂപകല്‍പ്പനയിലൂടെ ഭാവിയിലെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) എങ്ങനെയിരിക്കുമെന്ന് തെളിയിക്കുകയാണ് നിസ്സാന്‍. ജാപ്പനീസ് രൂപകല്‍പ്പനയോടൊപ്പം അമേരിക്കന്‍ വിപണിയിലേക്ക് അനുയോജ്യമായ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതാണ് എക്‌സ്‌മോഷന്‍ കണ്‍സെപ്റ്റ് എന്ന് ജാപ്പനീസ് ബ്രാന്‍ഡ് പ്രസ്താവിച്ചു. കാറിനകത്ത് ഏഴ് ഡിജിറ്റല്‍ സ്‌ക്രീനുകളാണ് നല്‍കിയിരിക്കുന്നത്. നിസ്സാന്‍ മോട്ടോര്‍ കമ്പനിയുടെ പുതിയ ചീഫ് ഡിസൈനര്‍ അല്‍ഫോണ്‍സോ അല്‍ബൈസയുടെ സ്വന്തം ആശയവും സ്വപ്‌നവുമാണ് എക്‌സ്‌മോഷന്‍ ക്രോസ്ഓവര്‍.

ജിഎസി എന്‍വെര്‍ജ്

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ജിഎസി ‘എന്‍വെര്‍ജ്’ അനാവരണം ചെയ്തു. ജിഎസിയുടെ ഓള്‍-ന്യൂ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) പ്ലാറ്റ്‌ഫോമിലാണ് എന്‍വെര്‍ജ് നിര്‍മ്മിച്ചിരിക്കുന്നത്. ഇലക്ട്രിക് കോംപാക്റ്റ് ക്രോസ്ഓവറിന് 71 കിലോവാട്ട്അവര്‍ ബാറ്ററി കരുത്ത് പകരും. 370 ല്‍ കൂടുതല്‍ മൈല്‍ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. ഗള്‍-വിംഗ് ഡോറുകളും ‘ഫ്‌ളോട്ടിംഗ്’ ഡിജിറ്റല്‍ ഡാഷ്-സ്‌ക്രീനുമുള്ള കാര്‍ ഓട്ടോ ഷോയില്‍ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റി. കാറിന്റെ ഹെഡ്‌ലൈറ്റുകളെ ഗംഭീരമെന്ന് വിശേഷിപ്പിക്കാം. ആവശ്യമുള്ളപ്പോള്‍ ഇവ ഊരിയെടുത്ത് ഫഌ്‌ലൈറ്റുകളായി ഉപയോഗിക്കാം.

ലെക്‌സസ് എല്‍എഫ്-1 ലിമിറ്റ്‌ലെസ്

ഫുള്‍-സൈസ് ലക്ഷ്വറി എസ്‌യുവി കണ്‍സെപ്റ്റായ ‘എല്‍എഫ്-1 ലിമിറ്റ്‌ലെസ്’ ജാപ്പനീസ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ലെക്‌സസ് അനാവരണം ചെയ്തു. ഫ്യൂവല്‍ സെല്‍, ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് തുടങ്ങിയ വേര്‍ഷനുകളില്‍ പുറത്തിറക്കാന്‍ കഴിയുംവിധമാണ് എസ്‌യുവി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്‍എഫ്-1 ലിമിറ്റ്‌ലെസ് കണ്‍സെപ്റ്റില്‍ 4ഡി നാവിഗേഷന്‍ സിസ്റ്റമുണ്ടെന്ന് ലെക്‌സസ് അറിയിച്ചു. സമയമാണ് നാലാമത്തെ ഡൈമന്‍ഷന്‍. ഡ്രൈവറുടെ ഷെഡ്യൂള്‍, മറ്റ് വിവരങ്ങള്‍ എന്നിവ മനസ്സിലാക്കി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സമയം മുന്‍കൂട്ടി അറിയിക്കുന്നതിന് സഹായിക്കുന്ന ഓണ്‍-ബോര്‍ഡ് ഇന്റലിജന്റ് അസ്സിസ്റ്റന്റാണ് 4ഡി നാവിഗേഷന്‍ സിസ്റ്റം.

ഇന്‍ഫിനിറ്റി ക്യു ഇന്‍സ്പിറേഷന്‍

മിഡ്-സൈസ് സലൂണ്‍ ആണ് ഇന്‍ഫിനിറ്റി ക്യു ഇന്‍സ്പിറേഷന്‍ കണ്‍സെപ്റ്റ്. ഇന്‍ഫിനിറ്റി എന്ന ജാപ്പനീസ് ബ്രാന്‍ഡിന്റെ ഫ്യൂച്ചര്‍ ഡിസൈന്‍ വെളിവാക്കുന്നതാണ് ക്യു ഇന്‍സ്പിറേഷന്‍. ഇന്‍ഫിനിറ്റിയുടെ ഇനി വരുന്ന സലൂണ്‍ കാറുകള്‍ ഏതുവിധമായിരിക്കുമെന്ന് ഈ കണ്‍സെപ്റ്റില്‍നിന്ന് വായിച്ചെടുക്കാം. ടെക്‌നോളജി പാക്കാണ് ഇന്‍ഫിനിറ്റി ക്യു ഇന്‍സ്പിറേഷന്‍ കണ്‍സെപ്റ്റ്. ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡ്, ഡ്രൈവിംഗ് ഓപ്ഷനുകള്‍ നല്‍കുന്ന പുതിയ പ്രോപൈലറ്റ് ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റം എന്നിവ നല്‍കിയിരിക്കുന്നു. ഇന്‍ഫിനിറ്റി ക്യു ഇന്‍സ്പിറേഷന്‍ ഇലക്ട്രിക് വാഹനമാകാത്തതില്‍ പലരും നിരാശ പ്രകടിപ്പിച്ചു. മാതൃ കമ്പനിയായ നിസ്സാന്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട് എന്നായിരുന്നു ഇന്‍ഫിനിറ്റിയുടെ മറുപടി.

ഐന്റൈഡ് ടി-പോഡ് ഓട്ടോണമസ് ട്രക്ക്

കാറുകളുടേത് മാത്രമല്ല ഡിട്രോയിറ്റ് മോട്ടോര്‍ ഷോ. സ്വീഡിഷ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സ്റ്റാര്‍ട്ടപ്പായ ഐന്റൈഡ് പ്രദര്‍ശിപ്പിച്ച ടി-പോഡ് എന്ന ഓട്ടോണമസ് ട്രക്ക് കണ്‍സെപ്റ്റ് നിറയെ കയ്യടി വാങ്ങി. ഏഴ് മീറ്റര്‍ നീളമുള്ള ട്രക്കില്‍ പതിനഞ്ച് സ്റ്റാന്‍ഡേഡ് പാലറ്റുകള്‍ ഘടിപ്പിക്കാന്‍ കഴിയും. 200 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഇലക്ട്രിക് ഓട്ടോണമസ് ട്രക്ക് ഉപയോഗിക്കുന്നത്. ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 124 മൈല്‍ ഓടും. ട്രക്കില്‍ വിന്‍ഡോകള്‍ കാണാന്‍ കഴിയില്ല. മാത്രമല്ല വാഹനത്തില്‍ ഡ്രൈവര്‍ക്ക് ഇരിക്കാന്‍ ഇടമില്ല. അതിന്റെ ആവശ്യവുമില്ല.

2019 അക്യൂറ ആര്‍ഡിഎക്‌സ്

വി6 എന്‍ജിന്‍, സോഫ്റ്റ് സസ്‌പെന്‍ഷന്‍ സെറ്റപ്പ്, ഓള്‍-വീല്‍ ഡ്രൈവ് എന്നീ സവിശേഷതകളോടെയാണ് 2019 അക്യൂറ ആര്‍ഡിഎക്‌സ് കണ്‍സെപ്റ്റ് വാഹനം പ്രദര്‍ശിപ്പിച്ചത്. 2007 ല്‍ അവതരിപ്പിച്ച ആദ്യ തലമുറ അക്യൂറ ആര്‍ഡിഎക്‌സ് എന്ന ക്രോസ്ഓവര്‍ എസ്‌യുവിയെ കോളജ് വിദ്യാര്‍ത്ഥി എന്ന് വിശേഷിപ്പിക്കാമെങ്കില്‍ 2013 ല്‍ പുറത്തിറങ്ങിയ രണ്ടാം തലമുറ അക്യൂറ ആര്‍ഡിഎക്‌സ് കുറേക്കൂടി മുതിര്‍ന്ന് നല്ല പക്വത കൈവരിച്ചിരുന്നു.

2019 ഫോഡ് മസ്താംഗ് ബുള്ളിറ്റ്

ബുള്ളിറ്റ് തിരിച്ചു വരുന്നു. സ്റ്റീവ് മക്ക്വീന്‍ അഭിനയിച്ച ബുള്ളിറ്റ് എന്ന സിനിമയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ചാണ് ഫോഡിന്റെ സെപ്ഷല്‍ എഡിഷന്‍ 2019 മസ്താംഗ് ബുള്ളിറ്റ് വിപണിയിലെത്തുന്നത്. സ്‌പെഷല്‍ എഡിഷന്‍ ബുള്ളിറ്റ് ഇത് മൂന്നാം തവണയാണ് ഫോഡ് അവതരിപ്പിക്കുന്നത്. 2001, 2008-09 മോഡലുകളാണ് മുമ്പ് പുറത്തിറക്കിയ ഫോഡ് മസ്താംഗ് ബുള്ളിറ്റ്. ബുള്ളിറ്റ് സിനിമയിലെ ത്രസിപ്പിക്കുന്ന കാര്‍ ചേസില്‍ രണ്ട് 1968 മോഡല്‍ 390 വി8 ഫോഡ് മസ്താംഗ് ജിടി ഫാസ്റ്റ്ബാക്കുകള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

2019 ജീപ്പ് ചെറോക്കീ

2014 ല്‍ റീലോഞ്ച് ചെയ്തതുമുതല്‍ ജീപ്പിന്റെ ഐശ്വര്യമാണ് ചെറോക്കീ. നല്ല വില്‍പ്പന നേടാന്‍ ജീപ്പ് ചെറോക്കി എന്ന വാഹനത്തിന് കഴിഞ്ഞു. എന്നാല്‍ ജീപ്പ് ചെറോക്കിയുടെ വിപണി സാധ്യതകള്‍ അവസാനിച്ചിട്ടില്ല. പുതിയ ലുക്ക്, ഓള്‍-ന്യൂ ടര്‍ബോചാര്‍ജ്ഡ് 2.0 ലിറ്റര്‍ ഇന്‍ലൈന്‍-4 എന്‍ജിന്‍, പരിഷ്‌കരിച്ച ഇന്റീരിയര്‍ എന്നിവയോടെയാണ് പുതിയ ജീപ്പ് ചെറോക്കീ വരുന്നത്.

2019 ഫോക്‌സ്‌വാഗണ്‍ ജെറ്റ

2015 മുതല്‍ ഫോക്‌സ്‌വാഗണിന്റെ എംക്യുബി ആര്‍ക്കിടെക്ച്ചറിലാണ് യുഎസ് വിപണിയിലേക്കുള്ള ഗോള്‍ഫ് നിര്‍മ്മിക്കുന്നത്. അതേസമയം യുഎസ്സിലെ ഫോക്‌സ്‌വാഗണിന്റെ ബെസ്റ്റ് സെല്ലിംഗ് വാഹനമായ ജെറ്റ സെഡാന്‍ നിര്‍മ്മിക്കുന്നതാകട്ടെ പഴയ പിക്യു35 ആര്‍ക്കിടെക്ച്ചറിലും. ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ നിര്‍മ്മിക്കുന്നതും ഇതേ പ്ലാറ്റ്‌ഫോമിലാണ്. നഷ്ടപ്പെട്ട സിംഹാസനം തിരിച്ചുപിടിക്കാനാണ് ഓള്‍-ന്യൂ എംക്യുബി പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച ഫോക്‌സ്‌വാഗണ്‍ ജെറ്റ വരുന്നത്.

Comments

comments

Categories: Auto