ബഹിരാകാശം കീഴ്‌പ്പെടുത്താന്‍ വമ്പന്‍ ശക്തികളുടെ മത്സരം

ബഹിരാകാശം കീഴ്‌പ്പെടുത്താന്‍ വമ്പന്‍ ശക്തികളുടെ മത്സരം

ടെക്‌നോളജിയില്‍ കൈവരിച്ച മുന്നേറ്റം, ബഹിരാകാശ രംഗവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന മത്സരങ്ങള്‍, ഇതിനു പുറമേ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ വിക്ഷേപണ ശേഷികള്‍ (satellite launch capabilities) അതിവേഗം വര്‍ധിക്കുന്നതും സ്‌പേസ് ബിസിനസിന്റെ സാധ്യത വര്‍ധിക്കാന്‍ കാരണമായി

ബഹിരാകാശം കീഴ്‌പ്പെടുത്താനുള്ള വമ്പന്‍ ശക്തികളുടെ മത്സരത്തിനായിരിക്കും 2018 സാക്ഷ്യം വഹിക്കുന്നത്. യുഎസും, ചൈനയും, ഇന്ത്യയും ഈ വര്‍ഷം നടത്താന്‍ പോകുന്നത് ഡസന്‍ കണക്കിനു ബഹിരാകാശ പര്യവേക്ഷണങ്ങളാണ്. ബഹിരാകാശ രംഗത്തെ ഗവേഷണ സ്ഥാപനവും അമേരിക്കന്‍ കമ്പനിയുമായ സ്‌പേസ് എക്‌സിന്റെ നേതൃത്വത്തിലുള്ള വിപുലമായ പര്യവേക്ഷണങ്ങളും, ഇന്ത്യയുടെ മംഗള്‍യാന്‍ രണ്ടാം പതിപ്പിന്റെ വിക്ഷേപണവുമൊക്കെ 2018 ലാണു നടക്കുക.

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനെ (ഐഎസ്ആര്‍ഒ) സംബന്ധിച്ചു വളരെ ശ്രദ്ധേയമായ ഒരു വര്‍ഷമായിരുന്നു 2017. ആദ്യ ആറ് മാസത്തിനിടെ, രണ്ട് പ്രധാന ഉപഗ്രഹങ്ങളാണു ഐഎസ്ആര്‍ഒ 2017-ല്‍ വിക്ഷേപിച്ചത്. ഇതില്‍ ആദ്യത്തേത് ഫെബ്രുവരിയിലും, രണ്ടാമത്തേത് ജൂണിലുമായിരുന്നു. ഫെബ്രുവരിയില്‍, ഒരൊറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുകയുണ്ടായി ഐഎസ്ആര്‍ഒ.

ഇത് റെക്കോഡ് നേട്ടമായിരുന്നു. ഇതിനു മുന്‍പുള്ള റെക്കോഡ് 2014-ല്‍ 37 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചതായിരുന്നു. അതു പക്ഷേ റഷ്യ-ഉക്രൈന്‍ സംയുക്ത സംരംഭമായിരുന്ന നെപ്പര്‍(Dnepr) എന്ന ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലായിരുന്നു. പിന്നീട് ജൂണില്‍, ഇന്ത്യയിലെ ഏറ്റവും വലുതും ശക്തമായതുമായ ജിഎസ്എല്‍വി മാര്‍ക്ക്-111 എന്ന റോക്കറ്റ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. 15 വര്‍ഷമെടുത്ത്, ക്ഷമയോടെ, ആഭ്യന്തരതലത്തില്‍ വികസിപ്പിച്ചെടുത്തതായിരുന്നു ഈ റോക്കറ്റ്.

സ്‌പേസ് എക്‌സ് മാത്രമല്ല, സുനില്‍ ഭാരതി മിത്തല്‍, റിച്ചാര്‍ഡ് ബ്രാന്‍സന്‍ തുടങ്ങിയവരുടെ പിന്തുണയോടെ വണ്‍ വെബ് എന്ന ലണ്ടന്‍ ആസ്ഥാനമായ കൂട്ടായ്മ, ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ഇലക്ട്രോണിക്‌സ്, ആപ്പിളിന്റെ സഹായത്തോടെ ബോയിംഗ് കമ്പനി തുടങ്ങിയവരും ബഹിരാകാശ വ്യവസായരംഗത്ത് മത്സരത്തിനായി തയാറെടുത്തു കഴിഞ്ഞു

ഇത്തരത്തില്‍ സ്‌പേസ് പ്രോഗ്രാമുകളിലൂടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയരുകയുണ്ടായി. എന്നാല്‍ ഈ രണ്ട് വിക്ഷേപണങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ നാഴികക്കല്ലായി അടയാളപ്പെടുത്തിയവ കൂടിയായിരുന്നു. 335.5 ബില്യന്‍ ഡോളറിന്റെ ഗ്ലോബല്‍ സ്‌പേസ് ഇന്‍ഡസ്ട്രിയില്‍ (ആഗോള ബഹിരാകാശ വ്യവസായരംഗം) ശക്തനായ ഒരു മത്സരാര്‍ഥിയാണു തങ്ങളെന്നു ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്റ്ട്രിക്‌സ് കോര്‍പ്. ലിമിറ്റഡ്, ലോകത്തിനു ബോദ്ധ്യപ്പെടുത്തി കൊടുത്തു.

‘ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, സ്‌പേസ് രംഗത്തു നടക്കാന്‍ പോകുന്ന വികസനം അത്ഭുതപ്പെടുത്തുന്നവയായിരിക്കുമെന്ന് ‘ ആന്റ്ട്രിക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാകേഷ് ശശിഭൂഷണ്‍ പറയുന്നു.

ഉപഗ്രഹത്തില്‍ ഇന്റര്‍നെറ്റ്

ഭൂമിശാസ്ത്രപരമായ ബന്ധങ്ങള്‍ (terrestrial connections) വഴിയാണു ഭൂരിഭാഗം ഇന്റര്‍നെറ്റും പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിക്ക് ഓരോ ദിവസം പിന്നിടുമ്പോഴും ആവശ്യം വര്‍ധിച്ചു വരുന്നുണ്ടെങ്കിലും, ടെറസ്ട്രിയല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് അതിന്റേതായ പരിമിതികളുണ്ട്. ലോകത്ത് എല്ലായിടത്തുമുള്ള ഇന്റര്‍നെറ്റ് യൂസര്‍മാര്‍ പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ഇന്നും clustered ആണ്. (പരസ്പരം കൂടി ചേരുന്ന സംവിധാനമാണു ക്ലസ്റ്റര്‍). കാരണം നഗരപ്രദേശങ്ങള്‍, കേബിളുകള്‍ എളുപ്പം സ്ഥാപിക്കാന്‍ കഴിയുന്ന സ്ഥലങ്ങളാണ്. ഇന്നും ഇന്ത്യയിലും ആഫ്രിക്കയിലും ചില പ്രദേശങ്ങളില്‍ (ഉള്‍നാടന്‍ പ്രദേശങ്ങള്‍) അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭ്യമാകാത്തതിന്റെ കാരണവും കേബിള്‍ എളുപ്പം സ്ഥാപിക്കാന്‍ സാധിക്കാത്തതു കൊണ്ടാണ്. എന്തിന് അമേരിക്കയിലെ ചില പ്രദേശങ്ങളില്‍ പോലും ഇന്ന് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭിക്കുന്നില്ല. എങ്കിലും ബ്രോഡ്ബാന്‍ഡ് സര്‍വീസസിനുള്ള ആഗോള ഡിമാന്‍ഡ് വര്‍ധിച്ചുവരികയാണെന്നു സിസ്‌കോ സിസ്റ്റംസ് (Cisco Systems Inc.) റിപ്പോര്‍ട്ട് പറയുന്നു.

2016-ല്‍ മാത്രം ബ്രോഡ്ബാന്‍ഡ് കണക്ഷനിലൂടെ 1,000 ബില്യന്‍ ജിഗാബൈറ്റ് ഡാറ്റയാണു കൈമാറിയത്. ഇത് 2020- ആകുമ്പോഴേക്കും ഇരട്ടിയാകും. അന്ന് ആഗോള ജനസംഖ്യയുടെ മൂന്നിലൊന്നായിരിക്കും കണക്റ്റഡ് ഡിവൈസുകളുടെ (connected device) എണ്ണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ ആവശ്യം നിറവേറ്റാന്‍ സ്‌പേസ് എക്‌സ് (SpaceX) Low Earth Orbit-ല്‍ (ഭൂമിയില്‍നിന്നും 1,150 മുതല്‍ 1,350 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള അന്തരീക്ഷമാണ് low earth orbit) ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

2017-ല്‍ ഐഎസ്ആര്‍ഒയുടെ രണ്ട് വിക്ഷേപണങ്ങള്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുക മാത്രമല്ല ചെയ്തത്. മറിച്ച് വാണിജ്യാടിസ്ഥാനത്തില്‍ നേട്ടം സമ്മാനിച്ചവ കൂടിയായിരുന്നു. 335.5 ബില്യന്‍ ഡോളറിന്റെ ഗ്ലോബല്‍ സ്‌പേസ് ഇന്‍ഡസ്ട്രിയില്‍ ശക്തനായ ഒരു മത്സരാര്‍ഥിയാണു തങ്ങളെന്നു ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്റ്ട്രിക്‌സ് കോര്‍പ്. ലിമിറ്റഡ്, ലോകത്തിനു ബോദ്ധ്യപ്പെടുത്തി കൊടുത്തു.

ഈ ചെറിയ ഉപഗ്രഹങ്ങള്‍, നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഭൂമിയിലെ എല്ലാ പ്രദേശങ്ങളെയും കവര്‍ ചെയ്യാന്‍ പര്യാപ്തമായിരിക്കും. ഈ ഉപഗ്രഹങ്ങളുടെ മാതൃകാ രൂപം 2017-ല്‍ പരീക്ഷിക്കാനാണു തീരുമാനിച്ചതെങ്കിലും പലകാരണങ്ങളാല്‍ ഈ വര്‍ഷത്തേയ്ക്കു മാറ്റി. 2019-ല്‍ സ്‌പേസ് എക്‌സ് ആദ്യ ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഏറെക്കുറെ ഉറപ്പാക്കിയിട്ടുമുണ്ട്. സ്‌പേസ് എക്‌സ് മാത്രമല്ല ബ്രോഡ്ബാന്‍ഡ് സാറ്റ്‌ലൈറ്റ് വിക്ഷേപിക്കാനൊരുങ്ങുന്നത്. സുനില്‍ ഭാരതി മിത്തല്‍, റിച്ചാര്‍ഡ് ബ്രാന്‍സന്‍ തുടങ്ങിയവരുടെ പിന്തുണയോടെ വണ്‍ വെബ് എന്ന ലണ്ടന്‍ ആസ്ഥാനമായ കൂട്ടായ്മ (consortium) ഉപഗ്രഹം വിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

ഇതിനു പുറമേ ബോയിംഗ് കമ്പനിയും മത്സരരംഗത്തുണ്ട്. ഇവര്‍ക്ക് ആപ്പിളിന്റെ സാമ്പത്തികസഹായം ലഭ്യമായിട്ടുണ്ടെന്നു ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിയോസാറ്റ്, ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ഇലക്ട്രോണിക്‌സ് തുടങ്ങിയവര്‍ക്കും ഉപഗ്രഹം വിക്ഷേപിക്കാന്‍ പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് ആയിരക്കണക്കിന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്നു തന്നെയാണ്.

ബഹിരാകാശ രംഗത്തെ ബിസിനസ്

ബഹിരാകാശ രംഗത്തെ ബിസിനസില്‍ ഇന്ത്യയുടെ ഇതുവരെയുള്ള പങ്ക് വളരെ ചെറുതാണ്. അഞ്ച് വര്‍ഷം മുന്‍പു വരെ Low Earth Orbit-ല്‍ ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതില്‍ ചെറിയ വാണിജ്യ താത്പര്യം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ആ സാഹചര്യം മാറിയിരിക്കുന്നു. ഇതാകട്ടെ ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്റ്ട്രിക്‌സിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍ സര്‍വീസുകളില്‍നിന്നായിരുന്നു ആന്റ്ട്രിക്‌സിന്റെ ഏറ്റവും വലിയ വരുമാനം. എന്നാല്‍ ഈ സ്ഥിതി മാറി വരികയാണ്. സാറ്റ്‌ലൈറ്റ് ബ്രോഡ്ബാന്‍ഡില്‍നിന്നുമായിരിക്കും ഇനി കൂടുതല്‍ വരുമാനം ലഭിക്കുക.

ഇന്ത്യയില്‍ ഇപ്പോഴും ബഹിരാകാശവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ദൗത്യങ്ങളും പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രിതമാണ്. എന്നാല്‍ അമേരിക്കയിലും യൂറോപ്പിലും സ്ഥിതി വ്യത്യസ്തമാണ്. അവിടെ 1980-കളില്‍ തന്നെ ബഹിരാകാശവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ദൗത്യങ്ങളും നിര്‍വഹിക്കാന്‍ സ്വകാര്യമേഖലയെയും അനുവദിച്ചു. സ്‌പേസ് എക്‌സും, ബോയിംഗ് തുടങ്ങിയ കമ്പനികള്‍ സ്വകാര്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. അമേരിക്കയുടെ ബഹിരാകാശ രംഗത്തെ മുന്നേറ്റത്തിനു വന്‍തോതില്‍ സംഭാവന നല്‍കാന്‍ ഈ സ്ഥാപനങ്ങള്‍ക്കു സാധിക്കുന്നു.

ഈ മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ ഏറെക്കാലമായി ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, തന്ത്രപരമായ പരിമിതികളും സര്‍ക്കാരിന്റെ നിയമങ്ങളുമാണ് ഈ മാതൃക നടപ്പിലാക്കുന്നതില്‍നിന്നും ഐഎസ്ആര്‍ഒയെ പിന്നോട്ടുവലിക്കുന്നത്. ഐഎസ്ആര്‍ഒയ്ക്കു സ്വകാര്യരംഗത്തെ 400-ാളം കമ്പനികളുമായി ബന്ധമുണ്ട്. ഐഎസ്ആര്‍ഒയുടെ ഗവേഷണ പദ്ധതികളിലേക്കു നിരവധി സാമഗ്രികളും, ഉപകരണങ്ങളും സ്വകാര്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്നുമുണ്ട്.

പക്ഷേ ഈ സ്ഥാപനങ്ങള്‍ക്കൊന്നും തന്നെ അവര്‍ ഉല്‍പാദിപ്പിച്ച് ഐഎസ്ആര്‍ഒയ്ക്കു വിതരണം ചെയ്യുന്ന ഉത്പന്നങ്ങള്‍ പൊതുവിപണിയില്‍ വില്‍പന നടത്താന്‍ അവകാശമില്ല. ഇതു കാരണം അവര്‍ക്കു ബഹിരാകാശ രംഗത്ത് കൂടുതല്‍ മുന്നേറാന്‍ സാധിക്കുന്നില്ല. ഗോദ്‌റെജ് എയ്‌റോസ്‌പേസ് ഐഎസ്ആര്‍ഒയ്ക്കു വേണ്ടി എന്‍ജിനുകളും, ബൂസ്റ്ററുകളും നിര്‍മിക്കുന്ന സ്ഥാപനമാണ്. എന്നാല്‍ ഇവര്‍ക്ക് ആഗോളതലത്തില്‍ മറ്റ് രാജ്യങ്ങള്‍ക്കോ, കമ്പനികള്‍ക്കോ വേണ്ടി ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ അനുവാദമില്ല. ഇന്ത്യയില്‍ സ്വകാര്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉപഗ്രഹങ്ങള്‍ നിര്‍മിക്കാനോ വിക്ഷേപിക്കാനോ അനുവാദമില്ലെന്നതും മറ്റൊരു വസ്തുതയാണ്.

 

Comments

comments

Categories: Slider, Tech