ബിസിജി പട്ടികയില്‍ ആപ്പിള്‍ ഒന്നാമത്

ബിസിജി പട്ടികയില്‍ ആപ്പിള്‍ ഒന്നാമത്

ഏറ്റവും മികച്ച ഇന്നൊവേറ്റീവ് കമ്പനി

കാലിഫോര്‍ണിയ: ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ്(ബിസിജി) തയാറാക്കിയ ഈ വര്‍ഷത്തെ ലോകത്തിലെ ഏറ്റവും ഇന്നൊവേറ്റീവായ കമ്പനികളുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആപ്പിള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ടെക് ഭീമന്‍മാരായ ഗൂഗിളാണ് രണ്ടാം സ്ഥാനത്ത്. മൈക്രോസോഫ്റ്റ് മുന്‍ വര്‍ഷത്തേക്കാള്‍ ഒരു സ്ഥാനം കയറി മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ കഴിഞ്ഞ തവണ മൂന്നാം സ്ഥാനം നേടിയ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ല ഇത്തവണ ആറാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടു.

യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍ അഞ്ചാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ ടോപ്പ് 10 ല്‍ ഇടം നേടിയ നെറ്റിഫഌക്‌സിന് ഇത്തവണ 13ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം യുഎസ് കാബ് സേവനദാതാക്കളായ യുബറും ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബയും ആദ്യമായി ഈ വര്‍ഷം ടോപ്പ് 10ല്‍ ഇടം നേടി.

ഭൂമി ശാസ്ത്രപരമായി നോക്കിയാല്‍ ഏറ്റവും ഇന്നൊവേറ്റീവായിട്ടുള്ള കമ്പനികള്‍ വടക്കേ അമേരിക്കയിലാണുള്ളത്. ഈ പ്രദേശത്തെ 27 കമ്പനികളാണ് പട്ടികയില്‍ ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷം പത്ത് യൂറോപ്യന്‍ കമ്പനികളാണ് പട്ടികയില്‍ ഇടം നേടിയതെങ്കില്‍ ഇത്തവണ 16 കമ്പനികള്‍ ഈ നേട്ടം കൈവരിച്ചു. യുബര്‍, ടെസ്ല, സ്‌പേസ്എക്‌സ്, എയര്‍ബിഎന്‍ബി ഉള്‍പ്പെടെ ട്രാവല്‍ കമ്പനികള്‍ പട്ടികയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്.

മികച്ച ഇന്നൊവേറ്റീവ് കമ്പനികളായി തെരഞ്ഞെടുക്കപ്പെട്ട കമ്പനികളെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗമാണ് ഈ നേട്ടത്തിന് പ്രധാനമായും സഹായിച്ചതെന്ന് കണ്ടെത്തി. ഈ കമ്പനികള്‍ മറ്റു കമ്പനികളേക്കാള്‍ കുറഞ്ഞ ചെലവിലും വേഗത്തിലും പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് നിരീക്ഷിക്കുകയുണ്ടായി.

Comments

comments

Categories: Business & Economy