സിപിഎം കേന്ദ്ര കമ്മറ്റിയില്‍ യെച്ചൂരിക്ക് കനത്ത തിരിച്ചടി; 55-31 ന് ജനറല്‍ സെക്രട്ടറിയുടെ നിലപാട് സിസി തള്ളി; കേരള ഘടകവും കാരാട്ടിനൊപ്പം

സിപിഎം കേന്ദ്ര കമ്മറ്റിയില്‍ യെച്ചൂരിക്ക് കനത്ത തിരിച്ചടി; 55-31 ന് ജനറല്‍ സെക്രട്ടറിയുടെ നിലപാട് സിസി തള്ളി; കേരള ഘടകവും കാരാട്ടിനൊപ്പം

കൊല്‍ക്കത്ത : ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി ധാരണ വേണമെന്ന ആശയം മുന്നോട്ടു വെച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ രേഖ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര കമ്മറ്റി വോട്ടിനിട്ട് തള്ളി. കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്നും പാര്‍ട്ടി സ്വന്തം നിലയില്‍ ശക്തിപ്പെടണമെന്നുമുള്ള നിലവിലെ രാഷ്ട്രീയ നയം തുടരണമെന്ന് ആവശ്യപ്പെട്ട് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച രേഖ കേന്ദ്ര കമ്മറ്റി അംഗീകരിച്ചു. 55 കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ കാരാട്ടിനെ അനുകൂലിച്ചപ്പോള്‍ 31 പേര്‍ മാത്രമാണ് യെച്ചൂരിയെ പിന്താങ്ങിയത്. ഇതോടെ കാരാട്ടിന്റെ രോഖ മാത്രമാവും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ആവുക. തന്റെ നിലപാട് വോട്ടിനിട്ട് തള്ളിയാല്‍ ജനറല്‍ സെക്രട്‌റി പദവി ഒഴിയുമെന്ന യെച്ചൂരിയുടെ ഭീഷണിയും ഫലം കണ്ടില്ല. പശ്ചിമ ബംഗാള്‍ ഘടകവും തമിഴ്‌നാട് അടക്കം എതാനു സംസ്ഥാനങ്ങളിലെ ചില അംഗങ്ങളും മാത്രമാണ് യെച്ചൂരിയെ അനുകൂലിച്ചത്. കേരള ഘടകം ഒറ്റക്കെട്ടായി കാരാട്ടിന് വോട്ട് ചെയ്തു. അതേസമയം നേരത്തെ യെച്ചൂരിയെ പിന്തുണച്ച ധനമന്ത്രി തോമസ് ഐസക് വോട്ടെടുപ്പിന് നില്‍ക്കാതെ ബജറ്റിന്റെ തിരക്ക് ചൂണ്ടിക്കാണിച്ച് കേരളത്തിലേക്ക് മടങ്ങി.യെച്ചൂരിയെ അനുകൂലിച്ച വിഎസ് അച്യുതാനന്ദന് കേന്ദ്ര കമ്മറ്റിയില്‍ വോട്ടവകാശമില്ല. ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ രേഖ ഇപ്രകാരം കേന്ദ്ര കമ്മറ്റി വന്‍ ഭൂരിപക്ഷത്തോടെ തളളുന്നത് സിപിഎം ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. ന്യൂനപക്ഷത്തിന്റെ ജനറല്‍ സെക്രട്ടറിയെന്ന അപവാദത്തിലേക്കാണ് യെച്ചൂരിയെ ഇത് തള്ളിവിട്ടിരിക്കുന്നത്.

Comments

comments

Categories: FK News, Politics