റിലയന്‍സ് ജിയോ 23 ബില്യണ്‍ ഡോളര്‍ ചെലവിടുമെന്ന് മൂഡീസ്

റിലയന്‍സ് ജിയോ 23 ബില്യണ്‍ ഡോളര്‍ ചെലവിടുമെന്ന് മൂഡീസ്

മൂന്നാം പാദത്തില്‍ ലാഭം മെച്ചപ്പെടുത്തുന്ന ഇന്ത്യയിലെ ഏക ടെലികോം കമ്പനി ജിയോ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: വയര്‍ലെസ് സര്‍വീസസിനു പുറത്തേക്ക് സേവനങ്ങള്‍ വിപുലീകരിക്കുന്നതിന് റിലയന്‍സ് ജിയോ ഇന്‍ഫൊകോം 23 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസിന്റേതാണ് ഇതുസംബന്ധിച്ച വിലയിരുത്തല്‍. സേവന വിപുലീകരണത്തിന് അടുത്ത മൂന്നോ നാലോ വര്‍ഷംകൊണ്ട് ജിയോ ഇത്രയും തുക ചെലവഴിക്കുമെന്നാണ് മൂഡീസ് പറയുന്നത്.

ഇന്ത്യന്‍ ടെലികോം വിപണിയില്‍ വിപ്ലകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ജിയോ ഈ വിഭാഗത്തില്‍ ഇതിനോടകം 31 ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചുകഴിഞ്ഞു. ഇന്ന് ഇന്ത്യയിലെ നാലാമത്തെ വലിയ ടെലികോം സേവനദാതാവാണ് ജിയോ. ഫൈബര്‍-ടു-ഹോം, ഡിജിറ്റല്‍ ടിവി, മൊബീല്‍ ഫോണ്‍ സര്‍വീസസുമായി ബന്ധപ്പെട്ട അനുബന്ധ ബിസിനസുകള്‍ തുടങ്ങിയ വിഭാഗങ്ങളിലായിരിക്കും ജിയോയുടെ അടുത്ത നിക്ഷേപ നീക്കങ്ങള്‍ എന്നാണ് മൂഡീസ് പറയുന്നത്. ഈ തുകയില്‍ ഒരു പങ്ക് ജിയോ തങ്ങളുടെ 4ജി ഫീച്ചര്‍ ഫോണ്‍ വിഭാഗത്തിലും അനുബന്ധ നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിലുമായി വിനിയോഗിച്ചേക്കുമെന്നും മൂഡീസ് അനലിസ്റ്റ് വികാസ് ഹാലന്‍ വിശദീകരിച്ചു.

വീട്, ബിസിനസുകള്‍, കാര്‍ തുടങ്ങിയവ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ ഹെവി ഡാറ്റ സര്‍വീസസ് അവതരിപ്പിക്കുന്നതിനുള്ള നീക്കങ്ങളും ജിയോ നടത്തുന്നുണ്ട്. അതേസമയം നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ലാഭം മെച്ചപ്പെടുത്തുന്ന ഇന്ത്യയിലെ ഏക ടെലികോം കമ്പനി റിലയന്‍സ് ജിയോ ആയിരിക്കുമെന്നാണ് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. ഇന്റര്‍കണക്ഷന്‍ യൂസേജ് ചാര്‍ജ് വെട്ടിക്കുറച്ചതും വരിക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയും സേവനങ്ങളുടെ നിരക്കിലെ സ്ഥിരതയും മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് ജിയോക്ക് അനുകൂലമായ ഫലം നല്‍കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. ഡിസംബര്‍ പാദത്തില്‍ എയര്‍ടെലിന്റെ അറ്റാദായത്തില്‍ 39 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഐഡിയ സെല്ലുലാറിന്റെ വരുമാനത്തിലും തുടര്‍ച്ചയായി ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy