മഹീന്ദ്ര മോജോ യുടി300 ബുക്കിംഗ് തുടങ്ങി

മഹീന്ദ്ര മോജോ യുടി300 ബുക്കിംഗ് തുടങ്ങി

 

ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : മഹീന്ദ്ര മോജോയുടെ ചെറിയ വേര്‍ഷന്‍ മഹീന്ദ്ര 2വീലേഴ്‌സ് ഉടനെ അവതരിപ്പിക്കും. മഹീന്ദ്ര മോജോ യുടി300 കാര്‍ബുറേറ്റഡ് വേര്‍ഷന്‍ വിവിധ ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി. സ്റ്റാന്‍ഡേഡ് വേര്‍ഷനില്‍നിന്ന് വലിയ മാറ്റങ്ങള്‍ വരുത്തിയാണ് കുറഞ്ഞ വിലയില്‍ പുതിയ പതിപ്പ് വിപണിയിലെത്തിക്കുന്നത്. 5,000 രൂപ നല്‍കി ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് നടത്താം. 1.30 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വിലയെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 9 ന് തുടങ്ങുന്ന ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര മോജോ യുടി300 അവതരിപ്പിക്കും.

ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ അല്ല എന്നതാണ് മഹീന്ദ്ര മോജോ യുടി300 കാര്‍ബുറേറ്റഡ് വേര്‍ഷനിലെ ഏറ്റവും വലിയ മാറ്റം. 295 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് തുടര്‍ന്നും ഉപയോഗിക്കുന്നത്. എന്നാല്‍ പവര്‍, ടോര്‍ക്ക് ഔട്ട്പുട്ടില്‍ അല്‍പ്പം കുറവ് വരുത്തിയിട്ടുണ്ട്. നിലവിലെ അതേ 6 സ്പീഡ് ഷിഫ്റ്റര്‍ നിലനിര്‍ത്തിയിരിക്കുന്നു. സ്റ്റാന്‍ഡേഡ് വേര്‍ഷന്‍ 8,000 ആര്‍പിഎമ്മില്‍ 27 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. കെര്‍ബ് വെയ്റ്റ് 182 കിലോഗ്രാം.

ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ അല്ല എന്നതാണ് മഹീന്ദ്ര മോജോ യുടി300 കാര്‍ബുറേറ്റഡ് വേര്‍ഷനിലെ ഏറ്റവും വലിയ മാറ്റം

സ്റ്റാന്‍ഡേഡ് മോജോയിലെ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ക്ക് (യുഎസ്ഡി) പകരം മോജോ യുടി300 ല്‍ ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍ നല്‍കിയിരിക്കുന്നു. പിന്നില്‍ ഇപ്പോഴും മോണോഷോക്ക് യൂണിറ്റ് തന്നെ. സ്റ്റാന്‍ഡേഡ് വേര്‍ഷനിലെ പിറെല്ലി ഡയാബ്ലോ റോസ്സോ 2 ടയറുകള്‍ ഇപ്പോള്‍ എംആര്‍എഫ് ടയറുകള്‍ക്ക് വഴി മാറിയിരിക്കുന്നു. ബൈക്കിന്റെ ഭാരം നല്ല പോലെ കുറയുമെന്ന് പ്രതീക്ഷിക്കാം.

മോജോ യുടി300 വേര്‍ഷന്റെ ഫ്രണ്ട് കൗളില്‍ എല്‍ഇഡി ഡേെൈടം റണ്ണിംഗ് ലൈറ്റുകള്‍ കാണാനില്ല. രണ്ടെണ്ണത്തിന് പകരം സിംഗിള്‍ സൈഡ് എക്‌സ്‌ഹോസ്റ്റ് നല്‍കിയിരിക്കുന്നു. സ്റ്റാന്‍ഡേഡ് വേര്‍ഷനില്‍ ട്വിന്‍ ബാറുകള്‍ക്ക് സ്വര്‍ണ്ണ നിറമായിരുന്നു. ഇപ്പോഴത് കറുപ്പായി മാറി. സൈക്കിള്‍ പാര്‍ട്‌സുകളില്‍ മാറ്റമില്ല. സ്റ്റാന്‍ഡേഡ് മഹീന്ദ്ര മോജോയുടെ എക്‌സ് ഷോറൂം വില 1.7 ലക്ഷം രൂപയാണ്. മോജോ യുടി300 കാര്‍ബുറേറ്റഡ് വേര്‍ഷന് 30,000-35,000 രൂപ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto