സ്റ്റാര്‍ട്ടപ്പ് നയത്തിന് മഹാരാഷ്ട്ര അംഗീകാരം നല്‍കി

സ്റ്റാര്‍ട്ടപ്പ് നയത്തിന് മഹാരാഷ്ട്ര അംഗീകാരം നല്‍കി

മുംബൈ: സംരംഭകര്‍ക്ക് നിരവധി ആനുകൂല്യങ്ങളും ഫണ്ടിംഗും നല്‍കുക ലക്ഷ്യമിട്ട് ഇന്നൊവേഷന്‍, സ്റ്റാര്‍ട്ടപ്പ് പോളിസിയ്ക്ക് മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിലൂടെ 10,000 അടുത്ത് സ്റ്റാര്‍ട്ടപ്പുകളിലേക്ക് നയത്തിന്റെ ആനുകൂല്യങ്ങള്‍ വ്യാപിപ്പിക്കാനാകുമെന്നും സംസ്ഥാനത്തെ അഞ്ച് ലക്ഷം പൗരന്‍മാര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 15 ലധികം ഇന്‍കുബേറ്ററുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കും. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി 5,000 കോടി രൂപയുടെ സ്വകാര്യ ഓഹരി ആകര്‍ഷിക്കാനാകുമെന്നാണ് കരുതുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 500 കോടി രൂപ നല്‍കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും അറിയിന്നു.

ഏതെങ്കിലും പ്രത്യേകമേഖലയെക്കുറിച്ച് പോളിസി പരാമര്‍ശിക്കുന്നില്ലെങ്കിലും ബയോടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), വിവരസാങ്കേതികവിദ്യ, ക്ലീന്‍ എനര്‍ജി ജനറേഷന്‍ എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കും. ആനുകൂല്യനിരക്കില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്‌പേസ് വാങ്ങുന്നതിനോ വാടകയ്ക്ക് എടുക്കുന്നതിനോ സാധ്യതകള്‍ ലഭിക്കും. ആദ്യഇടപാടില്‍ സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷന്‍ ഫീസിലും 100 ശതമാനം ഇളവുണ്ടാകും. രണ്ടാമത്തെ ഇടപാടില്‍ 50 ശതമാനം ഇളവും ലഭിക്കും.

ബിസിനസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായുള്ള ലൈസന്‍സിന് ഏകജാലക ക്ലിയറന്‍സ് സംവിധാനമായിരിക്കും. നിര്‍മാണം, വൈദ്യുതി കണക്ഷന്‍, പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ എന്നിവ എളുപ്പത്തിലാക്കും. അതോടൊപ്പം അന്തര്‍ സംസ്ഥാന ചരക്ക് ഗതാഗതവും തൊഴില്‍ നിയമങ്ങളും ഭേദഗതി ചെയ്യും. ഇന്ത്യയിലോ അന്താരാഷ്ട്രതലത്തിലോ പേറ്റന്റ് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സബ്‌സിഡികള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് നൈപുണ്യ വികസനവകുപ്പിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

വിപണി ആവശ്യകതകളള്‍ അനുസരിച്ച് പോളിസി നടപ്പിലാക്കല്‍ ഉറപ്പിക്കുന്നതിനായി രഘുനാഥ് മഷേല്‍ക്കറിന്റെ നേതൃത്വത്തിന് കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ ഇന്നൊവേഷന്‍ കൗണ്‍സിലും സ്ഥാപിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy