മികച്ച ബ്രാന്‍ഡ് എമിറേറ്റ്‌സ് തന്നെ

മികച്ച ബ്രാന്‍ഡ് എമിറേറ്റ്‌സ് തന്നെ

യുവ്ഗവ് ബ്രാന്‍ഡ് ഇന്‍ഡക്‌സ് പ്രസിദ്ധീകരിച്ച ബെസ്റ്റ് ബ്രാന്‍ഡ് റാങ്കിംഗ്‌സിലാണ് എമിറേറ്റ്‌സ് മുമ്പിലെത്തിയത്

ദുബായ്: യുഎഇയിലെ മികച്ച ബ്രാന്‍ഡ് ഏതെന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് രണ്ടഭിപ്രായമില്ല. വിമാന കമ്പനി എമിറേറ്റ്‌സ് തന്നെ. യുവ്ഗവ് ബ്രാന്‍ഡ് ഇന്‍ഡെക്‌സ് പ്രസിദ്ധീകരിച്ച ബെസ്റ്റ് ബ്രാന്‍ഡ് റാങ്കിംഗ്‌സിലാണ് യുഎഇയിലെ മുന്‍നിര ബ്രാന്‍ഡായി എമിറേറ്റ്‌സ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സാപ്പാണ് ബ്രാന്‍ഡ് റാങ്കിംഗില്‍ രണ്ടമാതെത്തിയത്. യുഎഇയില്‍ വര്‍ഷങ്ങളായി മികവുറ്റ പ്രകടനം കാഴ്ച്ചവെക്കുന്ന എമിറേറ്റ്‌സിന് ഉപഭോക്താക്കളുടെ മനസില്‍ ഇപ്പോഴും വലിയ സ്ഥാനമാണുള്ളതെന്ന് അടിവരയിടുന്നു സര്‍വേ. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആപ്പിളിന്റെ ഐഫോണ്‍ സര്‍വേയില്‍ ഇത്തവണ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റാങ്കിംഗില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ഐഫോണാണ്. ഐഫോണിന്റെ പ്രധാന എതിരാളിയായ സാംസംഗ് ഗാലക്‌സിക്ക് പത്താം സ്ഥാനത്ത് എത്താന്‍ മാത്രമേ സാധിച്ചുള്ളൂ.

സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ ജനകീയത കൈവരുന്നുണ്ട് ബ്രാന്‍ഡ് സൂചികയില്‍. ഐഫോണ്‍, സാംസംഗ് ഗാലക്‌സി, നോക്കിയ എന്നീ ബ്രാന്‍ഡുകളെല്ലാം മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. ആപ്പിള്‍ കമ്പനിയാണ് നാലാം സ്ഥാനത്ത്, എതിരാളി സാംസംഗ് ആറാം സ്ഥാനത്തുമാണ്.

യുഎഇയിലെ 500 ബ്രാന്‍ഡുകളെ കുറിച്ച് ഉപഭോക്താക്കളുടെ അഭിപ്രായം തിരക്കിയാണ് യുവ് ഗവ് ബ്രാന്‍ഡ് ഇന്‍ഡക്‌സ് പുറത്തിറക്കിയിരിക്കുന്നത്. ഫേസ്ബുക്ക്, ഗൂഗിള്‍, യൂട്യൂബ് തുടങ്ങിയ പ്രധാന ടെക് ബ്രാന്‍ഡുകളെല്ലാം തന്നെ ആദ്യ പത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യ പത്തിലെ ഏക ടെക് ഇതര ബ്രാന്‍ഡാണ് ഒന്നാം സ്ഥാനത്ത് എത്തിയ എമിറേറ്റ്‌സ് എന്നത് അവരുടെ നേട്ടത്തിന്റെ മൂല്യം ഇരട്ടിയാക്കുന്നു.

ബ്രാന്‍ഡുകള്‍ അവരുടെ പ്രതിച്ഛായയും മൂല്യവും മെച്ചപ്പെടുത്താന്‍ ദൈനംദിനമെന്നോണം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് യുവ് ഗവ് ബ്രാന്‍ഡ് ഇന്‍ഡക്‌സിന്റെ സ്‌കോട്ട് ബൂത്ത് പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പെട്ടെന്ന് സ്വീകരിക്കുന്ന രാജ്യമെന്ന നിലയില്‍ ടെക് ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടുന്നത് അത്ര ആശ്ചര്യജനകമായ കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രാന്‍ഡ് ഇന്‍ഡെക്‌സില്‍ മുന്നിലെത്തിയ ആദ്യ 10 ബ്രാന്‍ഡുകള്‍

1. എമിറേറ്റ്‌സ്

2. വാട്‌സാപ്പ്

3. ഐഫോണ്‍

4. ആപ്പിള്‍

5. ഫേസ്ബുക്ക്

6. സാംസംഗ്

7. കാരെഫോര്‍

8. ഗൂഗിള്‍

9. യൂട്യൂബ്

10. സാംസംഗ് ഗാലക്‌സി

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ 10 ബ്രാന്‍ഡുകള്‍

1. ഐഫോണ്‍

2. സാംസംഗ് ഗാലക്‌സി

3. നോക്കിയ

4. സാംസംഗ്

5. ഗൂഗിള്‍

6. ഇന്‍സ്റ്റഗ്രാം

7. ഫ്‌ളൈദുബായ്

8. ഡെറ്റോണ്‍

9. ആപ്പിള്‍

10. അല്‍മറായ്‌

Comments

comments

Categories: Arabia