വെന്‍ഡിംഗ് മെഷീനില്‍ വീട്ടിലെ ഭക്ഷണവുമായി ‘ദാല്‍ചിനി’

വെന്‍ഡിംഗ് മെഷീനില്‍ വീട്ടിലെ ഭക്ഷണവുമായി ‘ദാല്‍ചിനി’

വീടുകളില്‍ പാചകം ചെയ്യുന്ന ആരോഗ്യകരമായ ഭക്ഷണം വെന്‍ഡിംഗ് മെഷീന്‍ വഴി വിതരണം ചെയ്യുന്ന ഹോംലി ഫുഡ് സ്റ്റാര്‍ട്ടപ്പാണ് ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാല്‍ചിനി

സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകളാല്‍ നിര്‍മിക്കുന്ന ഭക്ഷണം, അതും വീടുകളില്‍ തയാറാക്കുന്ന തനതു രുചിയില്‍, അതാണ് ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാല്‍ചിനിയുടെ യുഎസ്പി. ഭക്ഷണത്തിന് വീട്ടില്‍ പാചകം ചെയ്യുന്ന അതേ രുചിയാണെങ്കിലും വിതരണ രീതികള്‍ക്ക് നൂതന ഹൈടെക് രീതികളാണ് സംരംഭത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്ക് ജീവിതം നയിക്കുന്ന പ്രൊഫഷണല്‍ ജോലിക്കാരായ സ്ത്രീകളെയാണ് ഈ വടക്കേ ഇന്ത്യന്‍ ഹോംലീ ഫുഡ് സംരംഭം ലക്ഷ്യമിട്ടിരിക്കുന്നത്. പ്രേരണ കല്‍റ എന്ന യുവ സംരംഭകയാണ് ദാല്‍ചിനി എന്ന സംരംഭത്തിനു ചുക്കാന്‍ പിടിക്കുന്നത്.

തിരക്കുകള്‍ക്കിടയില്‍, ഹൈ ഷെഡ്യൂള്‍ഡ് മീറ്റിംഗുകള്‍ക്കിടയില്‍ കുടുംബത്തിനു വേണ്ടി ചില നേരങ്ങളില്‍ ഭക്ഷണമുണ്ടാക്കാന്‍ കഴിയാതെ പോകുന്ന പ്രൊഫഷണല്‍ ജോലിക്കാരുടെ ഉത്തമ മിത്രമായി മാറിയിരിക്കുകയാണ് ദാല്‍ചിനി. വീട്ടിലുണ്ടാക്കുന്ന അതേ ഭക്ഷണം ഈ സ്റ്റാര്‍ട്ടപ്പ് സംരംഭത്തില്‍ നിന്നും ലഭിക്കുന്നതിനാല്‍ സ്ത്രീകള്‍ക്കൊപ്പം കുടുംബത്തിന്റെയും പിന്തുണ ഏറിവരികയാണിവര്‍ക്ക്. കോര്‍പ്പറേറ്റ് മേഖലയില്‍ 8 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള പ്രേരണ ഫിനോ പേടെക്കില്‍ പ്രോഡക്റ്റ് മാനേജരായാണ് കരിയറിനു തുടക്കമിടുന്നത്. വര്‍ഷങ്ങളോളം പേടിഎമ്മിന്റെ വിവിധ വിഭാഗങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.

 

വീട്ടില്‍ നിന്നും ടിഫിന്‍ സര്‍വീസ്

വീട്ടില്‍ നിന്നുമുള്ള ഭക്ഷണം ടിഫിന്‍ സര്‍വീസായി നല്‍കുന്ന പ്രവര്‍ത്തന സംവിധാനമാണ് ദാല്‍ചിനിയുടെ ദാല്‍ചിനി ഹട്ട് എന്ന വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) അധിഷ്ഠിത വെന്‍ഡിംഗ് മെഷീനുകള്‍ വഴിയാണ് ഭക്ഷണം വിതരണം ചെയ്യപ്പെടുന്നത്. ഊണിനൊപ്പം തന്നെ വീട്ടിലുണ്ടാക്കുന്ന ബ്രഡ്, സ്‌നാക്‌സ് വിഭാഗങ്ങളും അവശ്യക്കാര്‍ക്ക് ഏതു സമയത്തും എവിടെയും ലഭ്യമാക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. നഗരങ്ങളില്‍ ജോലിക്കു പോകുന്ന 69 ശതമാനം ആളുകള്‍ക്കും വീടുകളില്‍ പാചകം ചെയ്യുന്ന ഭക്ഷണം ലഭിക്കുന്നില്ല എന്ന പഠനം അറിയാനിടയായതും ദാല്‍ചിനി സംരംഭത്തിനു തുടക്കമിടാന്‍ പ്രേരണയ്ക്ക് പ്രചോദനം നല്‍കിയിട്ടുണ്ട്.

 

ദാല്‍ചിനിയുടെ പ്രവര്‍ത്തന രീതികള്‍

പ്രധാനമായും മൂന്നു വിഭാഗത്തിലാണ് ദാല്‍ചിനിയുടെ പ്രവര്‍ത്തനം. ദാല്‍ചിനി ആപ്ലിക്കേഷന്‍, ദാല്‍ചിനി ഹട്ട്‌സ് (ഐഒടി അധിഷ്ഠിത വെന്‍ഡിംഗ് മെഷിന്‍ വഴി) ഏകീകൃത സപ്ലെ ചെയ്ന്‍. ദാല്‍ചിനി മെനുവിലെ ഭക്ഷണങ്ങള്‍ വാലറ്റ്, യുപിഐ/ കാര്‍ഡ് എന്നിവ വഴി അടുത്തുള്ള ദാല്‍ചിനി ഹട്ടില്‍ നിന്നും ഓര്‍ഡര്‍ ചെയ്യാം. പ്രത്യേക രീതിയില്‍ രൂപീകരിച്ചിരിക്കുന്ന വെന്‍ഡിംഗ് മെഷീനില്‍ ആഹാര സാധനങ്ങള്‍ക്ക് ചൂട് നിലനിര്‍ത്താന്‍ സഹായിക്കുന്ന സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.

ഭക്ഷണ ശൃംഖലയില്‍ വെന്‍ഡിംഗ് മെഷിന്‍ വഴിയുള്ള വിതരണം ഇപ്പോള്‍ പുതുമയല്ല. മത്സരിക്കാന്‍ നിരവധി കമ്പനികളുമുണ്ട്. എന്നാല്‍ ആരോഗ്യകരവും പോഷക ഗുണവുമുള്ള വീടുകളിലുണ്ടാക്കുന്ന അതേ രുചിയിലുള്ള ആഹാരം നല്‍കുന്നതിലാണ് ദാല്‍ചിനി മറ്റും സംരംഭങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വെന്‍ഡിംഗ് മെഷിന്‍ കണ്ടെത്താനും മെനു പരിശോധിക്കാനുമുള്ള സൗകര്യമാണ് ദാല്‍ചിനി ആപ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി 10നും രാവിലെ 8നും ഇടയിലാണ് ദാല്‍ചിനിയുടെ മുപ്പത് ശതമാനത്തോളം ഓര്‍ഡറുകള്‍ ലഭിക്കുന്നത്. ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തില്‍ വലിയ ബുദ്ധിമില്ലാതെ ആരോഗ്യകരമായ ആഹാരം ലഭിക്കുന്ന കയോസ്‌ക്കുകള്‍ ആളുകള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രിയങ്കരമായി മാറിയതായും പ്രേരണ അഭിപ്രായപ്പെടുന്നു.

ഡെല്‍ഹി- എന്‍സിആര്‍ മേഖലയില്‍ ദാല്‍ചിനിയുടെ 150ഓളം വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ച് ഭാവിയില്‍ സംരംഭം കൂടുതല്‍ വിപുലമാക്കാനാണ് പ്രേരണ പദ്ധതിയിട്ടിരിക്കുന്നത്.

സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകളാല്‍ നിര്‍മിക്കപ്പെടുന്ന ഭക്ഷണം

ഇന്ത്യയില്‍ നിലനിന്നു പോകുന്ന രീതികള്‍ അനുസരിച്ച് ഒരു കുടുംബത്തിലെ ആരോഗ്യകരമായ ഭക്ഷണം തയാറാക്കുന്നതിന്റെ ചുമതല പലപ്പോഴും സ്ത്രീകളാണ് ഏറ്റെടുക്കാറുള്ളത്. അതുകൊണ്ടുതന്നെ വീട്ടില്‍ തയാറാക്കുന്ന ഭക്ഷണത്തിന് സ്ത്രീകള്‍ ഏറെ പ്രാധാന്യം നല്‍കും. പുറത്തു നിന്നും വാങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍, വീടുകളില്‍ പാചകം ചെയ്യുന്ന അതേ ഗുണമേന്‍മയും രുചിയും ലഭിക്കുമ്പോള്‍, ഏതൊരു സ്ത്രീയും കുടുംബത്തിനായി അതു തന്നെ തെരഞ്ഞെടുക്കുമെന്നതില്‍ സംശയമില്ല. പ്രേരണയുടെ നേതൃത്തിലുള്ള ഈ സ്ത്രീ സംരംഭം ലക്ഷ്യമിടുന്നതും പിന്തുണ നല്‍കുന്നതും പ്രൊഫഷണല്‍ ജോലിക്കാരായ സ്ത്രീകളെയാണ്. ജോലിത്തിരക്കുകള്‍ക്കിടയില്‍ കുടുംബിനികള്‍ക്ക് ഒട്ടൊരു ആശ്വാസം നല്‍കുന്ന സംരംഭമാണ് ദാല്‍ചിനി.

 

 

Comments

comments