‘പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകളിലെ സൂപ്പര്‍ഗ്രേഡ് ബാങ്ക്’

‘പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകളിലെ സൂപ്പര്‍ഗ്രേഡ് ബാങ്ക്’

ഹകരണ മേഖലയിലെ നീണ്ട പതിനാറു വര്‍ഷത്തെ പരിചയ സമ്പന്നത കൈമുതലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ചാലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കാഴ്ച വെക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷം ബാങ്കിന്റെ വായ്പാ നീക്കിയിരിപ്പിലും നിക്ഷേപ ഇനത്തിലും വര്‍ധനവ് രേഖപ്പെടുത്തിയതായി കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ജി നാരായണന്‍കുട്ടി ഫ്യൂച്ചര്‍ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

2002 ജൂലൈ 24 ന് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കേവലം പതിനഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന മികവുകൊണ്ട് 2184.79 കോടിയില്‍പരം രൂപയുടെ ബിസിനസ് ടേണോവറുമായി ഇന്ത്യയിലെ തന്നെ മറ്റ് സഹകരണ ബാങ്കുകള്‍ക്ക് മികവുറ്റ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. സാമൂഹിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നത് പ്രതിജ്ഞാബദ്ധമായി നോക്കിക്കാണിക്കുന്ന ഈ സ്ഥാപനം ഏറ്റെടുത്തു നടത്തി വരുന്ന ജനക്ഷേമ പദ്ധതികള്‍, സഹകരണ മേഖലയ്ക്കു മാത്രമല്ല, രാജ്യത്തിനു തന്നെ മാതൃകയാണ് എന്നതിന്റെ അംഗീകാരമാണ് ഈയിടെ ബാങ്കിന് ലഭിച്ച് നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ് 2017. ഒരു ധനകാര്യ സ്ഥാപനം എന്നതിനപ്പുറം ഒരു സഹകരണ ബാങ്കിന് കടന്നു ചെല്ലാന്‍ കഴിയുന്ന എല്ലാ മേഖലകളിലും കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക് ഇക്കാലമിത്രയും മികവുറ്റ പ്രവര്‍ത്തനം കാഴ്ച വെച്ചിട്ടുണ്ട്.

നീണ്ട പതിനാറു വര്‍ഷം, കടന്നു വന്ന വഴികള്‍

2002ല്‍ ലിങ്ക് റോഡിനു സമീപം ചെറിയൊരു കെട്ടിടത്തില്‍ ആയിരുന്നു കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ തുടക്കം. പിന്നീട് ഇപ്പോള്‍ ചാലപ്പുറത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് മാറി. അന്നും ഇന്നും ധനകാര്യ ഇടപാടുകളിലും മറ്റ് സാമൂഹികമായ ഇടപെടലുകളിലും ജനങ്ങളുടെ ഭാഗത്തു നിന്നുമാണ് ബാങ്ക് പ്രവര്‍ത്തിച്ചിട്ടുള്ളത്. പതിനഞ്ച് വര്‍ഷക്കാലം പിന്നിട്ട് കഴിയുമ്പോള്‍, കേരളത്തിലെ പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന സൂപ്പര്‍ഗ്രേഡ് ബാങ്കായി കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക് മാറി കഴിഞ്ഞു.

ബാങ്കിന്റെ സാമൂഹികമായ ഇടപെടലുകള്‍

ഒരു സഹകരണ ധനകാര്യ സ്ഥാപനം എന്നതിനപ്പുറം സാമൂഹികമായ പല ഇടപെടലുകളും കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ബാങ്കിനു കീഴില്‍ രൂപീകരിച്ച കെയര്‍ ഫൗണ്ടേഷന്‍ നിര്‍മിച്ച എംവിആര്‍ കാന്‍സര്‍ സെന്റര്‍ കഴിഞ്ഞ ജനുവരിയിലാണ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ബാങ്കില്‍ നിന്നും 350 കോടി രൂപ പതിനഞ്ച് വര്‍ഷ കാലാവധിയില്‍ കാഷ് ക്രഡിറ്റ് വായ്പ സര്‍ക്കാര്‍ അനുമതിയോടെ നല്‍കി എംവിആര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് കാന്‍സര്‍ ബാധിത രോഗികള്‍ക്കായി സിറ്റി കെയര്‍ ഡെപ്പോസിറ്റ് സ്‌കീം ആവിഷ്‌കരിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകര്‍ക്കായി ഡോ. വര്‍ഗീസ് കുര്യന്റെ പേരില്‍ അവാര്‍ഡ് നല്‍കി വരുന്നു. 60 വയസിനു മേലെ പ്രായമുള്ള അശരണരായ ആളുകള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം തുടങ്ങി നിരവധി സാമൂഹിക ഇടപെടലുകള്‍ ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്.

ബാങ്കിംഗ് മേഖല നേരിടുന്ന പ്രതിസന്ധികള്‍, വെല്ലുവിളികള്‍

നോട്ട് അസാധുവാക്കല്‍ ചെറിയ രീതിയില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ആ സമയങ്ങളില്‍ നിലനിന്നു പോവാന്‍ സഹായിച്ചത് ഞങ്ങളുടെ ഉപഭോക്താക്കളാണ്. കേന്ദ്ര സര്‍ക്കാറിന്റെ പല നടപടികളും സഹകരണ സ്ഥാപനങ്ങള്‍ക്ക് പലപ്പോഴും തിരിച്ചടികളാണ് നല്‍കാറുള്ളത്. ഇന്ന് ബാങ്ക് നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണിത്. മറ്റൊന്ന് ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നവര്‍ പലരും അത് തിരിച്ചടക്കുന്നില്ല എന്നതാണ്. അനുദിനം വര്‍ധിച്ചു വരുന്ന ന്യൂജനറേഷന്‍ ബാങ്കുകള്‍ നല്ല ഉപഭോക്താക്കളെ കൊണ്ടുപോകുന്നു എന്നതും മേഖലയിലെ വെല്ലുവിളികളാണ്.

കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍

പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായി പതിനാറാം വയസിലേക്ക് കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക് കടക്കുമ്പോഴും ഒരു വെല്ലുവിളികളിലും വീഴാതെ നല്ല രീതിയിലാണ് ബാങ്ക് പ്രവര്‍ത്തിച്ച് പോരുന്നത്. 2016-17 സാമ്പത്തിക വര്‍ഷം ബാങ്കിന്റെ വായ്പാ നീക്കിയിരിപ്പ് 264 കോടിയില്‍ നിന്നും 840 കോടിയിലേക്ക് എത്തിയിരിക്കുന്നു. മൊത്തം വായ്പയില്‍ 45.89 ശതമാനവും നിക്ഷേപ ഇനത്തില്‍ പത്ത് ശതമാനവുമാണ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. 201617 ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം അറ്റാദായം 2,82,21,532.92 രൂപയാണ്.

നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡിനെക്കുറിച്ച്

കേന്ദ്ര കൃഷി മന്ത്രാലയവും ദേശീയ സഹകരണ വികസന കോര്‍പ്പറേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച പ്രാഥമിക കാര്‍ഷിക സഹകരണ സംഘത്തിനുള്ള അവാര്‍ഡ് കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക് കരസ്ഥമാക്കിയതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ട്. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന മികവിനും മികച്ച സേവനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്. 2017 സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആണ് ബാങ്ക് മാനേജര്‍ ഇന്‍ ചാര്‍ജ് കെ രാഗേഷ് പ്രധാന മന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങിയത്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്.

 

Comments

comments

Categories: Banking, FK News, FK Special, Slider