അതിമോഹമല്ല, വാഹന ഭ്രാന്താണ് ഈ വിജയത്തിനു പിന്നില്‍

അതിമോഹമല്ല, വാഹന ഭ്രാന്താണ്  ഈ വിജയത്തിനു പിന്നില്‍

വാഹനങ്ങളോടുള്ള ഭ്രമത്തില്‍ നിന്ന് പിറവികൊണ്ട പ്രസ്ഥാനമാണ് തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോഷ് ഡിസൈന്‍സ്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ക്യാരവാന്‍ നിര്‍മാതാക്കളായി വളര്‍ന്ന ജോഷിന് പിന്നില്‍, ജോഷി എ ചെമ്പരത്തി എന്ന മനുഷ്യന്റെ കഠിനാധ്വാനത്തിനൊപ്പം വാഹനങ്ങളോടുള്ള അതിയായ താല്‍പര്യവുമുണ്ട്

അടങ്ങാത്ത വാഹനക്കമ്പത്തില്‍ നിന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന വാഹന സംരംഭങ്ങളില്‍ ഒന്നായി വളര്‍ന്ന ചരിത്രമാണ് ജോഷ് ഡിസൈനിസിന്റേത്. രണ്ട് പതിറ്റാണ്ട് നീണ്ട യാത്രയില്‍ ജോഷിന്റെ പരിഷ്‌കാരങ്ങള്‍ക്ക് കരുത്തേകിയതും ആ ‘വാഹനഭ്രാന്ത്’ തന്നെ. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ട്രാവലര്‍ ഡിസൈനിംഗ് സെന്ററായി വളര്‍ന്നു കഴിഞ്ഞു ജോഷ്. ക്യാരവാന്‍, പാസഞ്ചര്‍ വെഹിക്കിള്‍, ആംബുലന്‍സ്, സ്‌പെഷല്‍ പര്‍പസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സേവനം വിന്യസിച്ചിരിക്കുന്ന ജോഷ്, ട്രാവല്‍സ് രംഗത്തെ തലയെടുപ്പുള്ള ബ്രാന്‍ഡായി വളര്‍ന്നുകഴിഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പ് തൊടുപുഴയുടെ നാട്ടുവഴികളിലൂടെ ഇരമ്പിപ്പായുന്ന ബസുകളെ നോക്കിനിന്ന കുട്ടികളില്‍ ജോഷി എന്നൊരു പയ്യനും ഉണ്ടായിരുന്നു. ബസ് യാത്രകളില്‍ ഡ്രൈവിംഗ് കാണുന്നതിനായി മാത്രം മുന്നിലെ പലകപ്പുറത്തെ സ്ഥിരം യാത്രക്കാരനായിരുന്നു അവന്‍. പ്രായം കൂടിയതിനൊപ്പം തന്നെ വാഹനങ്ങളോടുള്ള കമ്പവും വര്‍ധിച്ചു വന്നു. ഫിസിക്‌സ് പഠനവിഷയമായിരുന്നിട്ടും വിദ്യാഭ്യാസത്തിന് ശേഷം വാഹനങ്ങളോടൊപ്പം സഹവസിക്കാനായിരുന്നു ജോഷി തീരുമാനിച്ചത്. അങ്ങനെ വായ്പയെടുത്തും മറ്റുമായി സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് തൊടുപുഴയില്‍ ഒരു ചെറിയ വര്‍ക്‌ഷോപ്പ് ആരംഭിച്ചു.

ജീപ്പുകളുടെയും അംബാസഡര്‍ കാറുകളുടെയും മറ്റും പണികളായിരുന്നു അക്കാലത്ത് അധികവും ചെയ്തിരുന്നത്. അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു ജീപ്പ് റാംഗ്ലറിന്റെ ചിത്രം അദ്ദേഹത്തിന്റെ കയ്യില്‍ കിട്ടി. ഗൂഗിളും ഇന്റര്‍നെറ്റ് സൗകര്യങ്ങളുമൊന്നും ഇല്ലാതിരുന്ന കാലഘട്ടമായിരുന്നതിനാല്‍ അതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും കയ്യിലുണ്ടായിരുന്ന ജീപ്പില്‍, ആ ചിത്രം പകര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചു. സ്വന്തം വര്‍ക്‌ഷോപ്പില്‍ ചിത്രം നോക്കി അദ്ദേഹം ജീപ്പ് പണിതെടുത്തു. ഒരു തരത്തില്‍ ഇത് തന്നെയായിരുന്നു തുടക്കവും. പിന്നീട് ഈ ജീപ്പ് ആണ് ‘കാക്ക കാക്ക’ എന്ന തമിഴ് ചിത്രത്തില്‍ സൂര്യ ഉപയോഗിച്ചിരിക്കുന്നത്. അത് ജോഷിന് കൂടുതല്‍ അവസരങ്ങളിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തു.

ഇതര സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൃത്യതയും ദീര്‍ഘനാളത്തെ ഈടുനില്‍പ്പുമാണ് ജോഷിനെ വ്യത്യസ്തമാക്കുന്നത്. സേവന മികവില്‍ കുറവ് വരുത്താന്‍ ഒരിക്കലും തയാറായിട്ടില്ല. അതിനാല്‍ മികച്ച റീസെയില്‍ വിലയും ഇവിടത്തെ വാഹനങ്ങള്‍ക്കുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ജോഷിലേക്ക് ഉപഭോക്താക്കള്‍ എത്തുന്നുണ്ട്

ട്രാവലറിനകത്ത് ഒരുങ്ങിയ വിമാനം

കാലഘട്ടത്തിനപ്പുറം നില്‍ക്കുന്ന സേവനങ്ങളെ വിന്യസിച്ചുകൊണ്ടാണ് ജോഷ് വിപണിയില്‍ തങ്ങളുടേതായ സ്ഥാനം ഉണ്ടാക്കിയെടുത്തത്. പൊടുന്നനെയുള്ള ഒരു പറിച്ചുനടലായിരുന്നില്ല അത്. കാലങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെയും നിരീക്ഷണങ്ങളുടെയും ഉറക്കമില്ലാത്ത രാത്രികള്‍ തന്നെ അതിനു പിന്നിലുണ്ട്. ക്യാരവാന്‍ രംഗത്തേക്കുള്ള ജോഷിന്റെ കടന്നുവരവും അത്തരത്തിലുള്ള ഒന്നായിരുന്നു. ഒരിക്കല്‍ മദ്രാസില്‍ വച്ച് ഒരു പ്രശസ്ത നടിയുടെ ക്യാരവാന്‍ കാണാന്‍ ഇടയായതോടെയാണ് ആ ഗതിമാറ്റം സംഭവിക്കുന്നത്.

വാഹനം കണാന്‍ ഡ്രൈവറോട് അനുവാദം ചോദിച്ച് ചെന്നെങ്കിലും അയാള്‍ അനുവദിച്ചില്ല. പിന്നീട് നിരന്തരം ചോദിച്ച് ശല്യം ചെയ്തപ്പോള്‍ അയാള്‍ ഡോര്‍ തുറന്നിട്ട് ഉള്ളിലേക്ക് എത്തിനോക്കിക്കൊള്ളാന്‍ പറയുകയായിരുന്നു. അങ്ങനെയാണ് ജോഷി ആദ്യമായി ഒരു ക്യാരവാനിന്റെ ഉള്‍വശം നേരിട്ടു കാണുന്നത്. പ്രശസ്ത ക്യാരവാന്‍ നിര്‍മാതാവായ ദിലീപ് ഛബ്രിയ നിര്‍മിച്ച ക്യാരവാന്‍ ആയിരുന്നു അത്.

തിരികെ നാട്ടിലെത്തിയപ്പോഴും ക്യാരവാനിന്റെ ചിത്രം അദ്ദേഹത്തിന്റെ മനസില്‍ നിന്നും മാഞ്ഞിരുന്നില്ല. എങ്ങനെയും അത്തരത്തില്‍ ഒന്ന് നിര്‍മിക്കെണമെന്നായി പിന്നീടുള്ള ചിന്ത. ഡിസൈന്‍ എങ്ങനെ ആയിരിക്കണമെന്ന ചര്‍ച്ചകള്‍ കൊണ്ടെത്തിച്ചത് സാക്ഷാല്‍ വിമാനത്തിന്റെ അകത്തളങ്ങളിലേക്കാണ്. അങ്ങനെ വര്‍ക്‌ഷോപ്പിലെ ജീവനക്കാരെയും കൂട്ടി അദ്ദേഹം ആദ്യമായി വിമാനയാത്ര നടത്തി. വിമാനത്തിന്റെ ഉള്‍വശവും സീറ്റുകളും മറ്റും കണ്ട് മനസിലാക്കുകയായിരുന്നു ലക്ഷ്യം. തിരികെയെത്തിയ ശേഷം ഒരു പഴയ ടെമ്പോ ട്രാവലര്‍ വാങ്ങി വിമാനത്തില്‍ കണ്ട അകത്തളം പുനര്‍സൃഷ്ടിക്കുകയായിരുന്നു. വാഹനത്തിന്റെ പുറം മോഡിയിലും മോഡിഫിക്കേഷനുകള്‍ നടത്തി. വാഹനം നിരത്തിലിറങ്ങിയതോടെ കുറച്ചുനാളുകള്‍ക്കകം തന്നെ നിരത്തുകളിലെ ശ്രദ്ധാകേന്ദ്രമായി മാറി. ട്രാവല്‍സ് രംഗത്തേക്കുള്ള ജോഷിന്റെ പരകായപ്രവേശം കൂടിയായിരുന്നു അത്.

കാഴ്ചയിലും സജ്ജീകരണങ്ങളിലും ഒരു കാലഘട്ടത്തിന്റെ കാഴ്ചപ്പാടുകളെയാകെ പാടേ തിരുത്തിക്കൊണ്ട് നിരത്തിലെത്തിയ ജോഷ് അക്കാലത്തെ സഞ്ചാരങ്ങളിലെ പ്രധാനിയായി മാറി. അക്ഷരാര്‍ത്ഥത്തില്‍ ജോഷ് ഡിസൈന്‍സിന്റെ ആദ്യകാല മാര്‍ക്കറ്റിംഗ് കൂടി സാധ്യമായത് ഈ ട്രാവലര്‍ വഴിയാണ്. ദീര്‍ഘദൂര യാത്രകളും മറ്റും പോയിരുന്നതിനാല്‍ വാഹനം സഞ്ചരിക്കുന്നയിടങ്ങളിലെല്ലാം ജോഷ് എന്ന പേരും പതിഞ്ഞു. രൂപത്തിലും ക്രമീകരണങ്ങളിലുമുള്ള പുതുമ കൊണ്ടു തന്നെ മറ്റ് വാഹന ഉടമകളും വിവരങ്ങള്‍ അന്വേഷിച്ച് വാഹനത്തിനടുത്തെത്തുന്നത് അക്കാലത്തെ പതിവ് സംഭവമായിരുന്നു. ഇത് തന്നെയായിരുന്നു പ്രഥമ മാര്‍ക്കറ്റിംഗും. തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിന്ന് വാഹനങ്ങള്‍ തൊടുപുഴ ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. ഇന്ന് ഇരുപതിലധികം ബസുകളുമായി ജോഷ് ട്രാവല്‍സും മേഖലയിലെ സജീവ സാന്നിധ്യമാണ്.

വാഹനത്തിനായുള്ള എയര്‍ കണ്ടീഷന്‍ നിര്‍മിക്കുന്നതിനുള്ള തയാറെടുപ്പിലാണിപ്പോള്‍ ജോഷ്. അതിനു പുറമെ മഹിന്ദ്രയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട വാഹനമായ താറിന്റെ മോഡിഫിക്കേഷനായുള്ള പ്രത്യേക വിഭാഗവും സജ്ജീകരിക്കുന്നുണ്ട്. ഇതോടെ ട്രാവലറുകള്‍ക്ക് പുറമെ അടുത്ത വിഭാഗത്തിലേക്ക് കൂടി ജോഷിന്റെ കയ്യൊപ്പ് കടന്നുചെല്ലും.

രണ്ട് സെന്റില്‍ നിന്ന് രണ്ടേക്കറിലേക്ക്

തൊടുപുഴയില്‍ രണ്ട് സെന്റ് സ്ഥലം വാങ്ങിയായിരുന്നു ആദ്യത്തെ വര്‍ക്‌ഷോപ്പ് ആരംഭിച്ചത്. പിന്നീട് വാഹനങ്ങളുടെ തിരക്ക് വര്‍ധിച്ചതോടെ മുതലക്കോടത്തിനടുത്ത് അഞ്ച് സെന്റിലേക്ക് മാറ്റി സ്ഥാപിച്ചു. വാഹനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത അവസ്ഥയുമായതോടെ അവിടെ നിന്ന് അല്‍പം മാറി രണ്ടേക്കര്‍ സ്ഥലം വാങ്ങി വിശാലമായ പ്ലാന്റ് സ്ഥാപിച്ചു. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിക്കൊണ്ടാണ് ഈ പ്ലാന്റ് തയാറാക്കിയിരിക്കുന്നത്. ഇന്ന് 250ഓളം തൊഴിലാളികളുടെ വരുമാന മാര്‍ഗം കൂടിയാണ് ജോഷ്. ഒരു വിശാലമായ വാഹന ഷോറൂമിലേക്ക് കടന്നുചെല്ലുന്ന അതേ പ്രതീതിയാണ് ജോഷിലുമുള്ളത്. പ്രധാനമായും ട്രാവലറുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.

ഇതര സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൃത്യതയും ദീര്‍ഘനാളത്തെ ഈടുനില്‍പ്പുമാണ് ജോഷിനെ വ്യത്യസ്തമാക്കുന്നത്. സേവന മികവില്‍ കുറവ് വരുത്താന്‍ ഒരിക്കലും തയാറായിട്ടില്ല. അതിനാല്‍ മികച്ച റീസെയില്‍ വിലയും ഇവിടത്തെ വാഹനങ്ങള്‍ക്കുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ജോഷിലേക്ക് ഉപഭോക്താക്കള്‍ എത്തുന്നുണ്ട്. ഉപഭോക്താവിന്റെ ഭാഗത്ത് നിന്ന് കാര്യങ്ങളെ നോക്കിക്കാണാനും അത് പ്രാവര്‍ത്തികമാക്കാനുമുള്ള ജോഷിന്റെ പ്രാവീണ്യം എടുത്തുപറയേണ്ടതാണ്.

ഓരോ ഉപഭോക്താവും വാഹനം നല്‍കുമ്പോള്‍ ആഗ്രഹിക്കുന്നത് എത്രയും വേഗം പണി തീര്‍ത്ത് ഇറക്കണമെന്നാണ്. അതിനാല്‍ തന്നെ പാസഞ്ചര്‍ വാഹനങ്ങളും മറ്റും 20 ദിവസത്തിനകം പണി പൂര്‍ത്തീകരിച്ച് നല്‍കാന്‍ ജോഷ് ശ്രമിക്കുന്നുണ്ട്. ക്യാരവാനുകളുടെ കാര്യത്തില്‍ ഈ കാലാവധി ഉപഭോക്താവിന്റെ ആവശ്യകതയ്ക്കനുസരിച്ചാണിരിക്കുന്നത്. ഓരോ ഉപഭോക്താവിനും എന്തെല്ലാം സജ്ജീകരണങ്ങളാണ് വേണ്ടതെന്ന് മനസിലാക്കി അതനുസരിച്ചുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിന് പുറമെ പാസഞ്ചര്‍ വാഹനങ്ങള്‍ക്കായി പ്രത്യേകം പാറ്റേണുകളുമുണ്ട്. പെയിന്റിംഗ്, ബോഡി വര്‍ക്ക്, സീറ്റ്, വയറിംഗ് തുടങ്ങി എല്ലാവിധ സേവനങ്ങള്‍ക്കുമായി വിവിധ പ്ലാന്റുകള്‍ ഒരുക്കിക്കൊണ്ടാണ് പ്രവര്‍ത്തനം. ഇതിനൊപ്പം ആക്‌സിഡന്റ് വാഹനങ്ങള്‍ക്കായുള്ള പ്രത്യേക വിഭാഗവും ഒരുക്കിയിരിക്കുന്നു. വാഹനത്തിന് വേണ്ട സ്‌പെയര്‍ പാര്‍ട്‌സ് ഉള്‍പ്പെടെ എല്ലാം ഇവിടെ തന്നെ സജ്ജമാണ്. നിരവധി ഘടകങ്ങള്‍ ഇവിടെ നിര്‍മിച്ചെടുക്കുന്നുമുണ്ട്.

ഇന്ന് കേരളത്തിന്റെ ഏത് പ്രദേശത്ത് പോയാലും ജോഷിന്റെ മുദ്ര പതിഞ്ഞ ട്രാവലറുകള്‍ കാണാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഓരോ വര്‍ഷവും പുതിയ ഡിസൈനുകളാണ് ഇവിടെ തയാറാക്കുന്നത്. ഇതിനായി പ്രത്യേവ വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരിക്കലും ഒരു വര്‍ഷത്തെ ഡിസൈന്‍ അടുത്ത വര്‍ഷത്തേക്ക് തുടരാറില്ല. ഇവിടെ നിന്ന് പണിതിറക്കുന്ന വാഹനങ്ങള്‍ക്ക് തുടര്‍ന്നുള്ള കൃത്യമായ സര്‍വീസും നല്‍കുന്നുണ്ട്. വാഹനത്തിനായുള്ള സ്‌കര്‍ട്ടിംഗ് ഉള്‍പ്പെടെയുള്ളവ ഇവിടെ തന്നെ തയാറാക്കുന്നു. ഓരോ ഭാഗങ്ങളും ഇത്തരത്തില്‍ ജോഷില്‍ തന്നെ പിറക്കുന്നതിനാല്‍ അവയുടെയെല്ലാം നിലനില്‍പ്പിന്റെ കാര്യത്തില്‍ ഉറപ്പ് നല്‍കാന്‍ ജോഷിന് സാധിക്കുന്നുണ്ട്. പ്രശസ്ത ചലച്ചിത്ര താരം ജയറാം ഉള്‍പ്പടെ നിരവധി സെലിബ്രിറ്റികള്‍ക്കായി ഇതിനോടകം ജോഷ് ക്യാരവാനുകള്‍ നിര്‍മിച്ചിട്ടുണ്ട്.

ഫോഴ്‌സിനെ ഞെട്ടിച്ച ജോഷ്

കേരളത്തില്‍ ഏറ്റവും അധികം ഫോഴ്‌സ് ട്രാവലറുകള്‍ പണിയുന്ന കേന്ദ്രമാണ് ജോഷ്. മറ്റ് കമ്പനികളെക്കാള്‍ രൂപത്തിലെ പുതുമയും കരുത്തും മറ്റുമാണ് ഇതിന് കാരണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോഴ്‌സ് അധികാരികള്‍ ജോഷ് സന്ദര്‍ശിച്ചിരുന്നു. ഇവിടുത്ത സജ്ജീകരണങ്ങളും പ്രവര്‍ത്തനങ്ങളും മറ്റും നേരിട്ട് കണ്ട അവര്‍ ജോഷിന് സ്വന്തമായി ഒരു ഫോഴ്‌സ് ഷോറൂം സൗകര്യവും നല്‍കിയാണ് തിരികെയിറങ്ങിയത്. ആലപ്പുഴയിലെ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ഇത് പിന്നീട് ഇന്ത്യയിലെ ഏറ്റവും നല്ല ഷോറൂമായും തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റെടുക്കുന്ന രംഗങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചാണ് ജോഷിന്റെ യാത്ര. രണ്ട് പതിറ്റാണ്ടിന്റെ വാഹനസങ്കല്‍പങ്ങള്‍ക്ക് പുത്തന്‍ രൂപം നല്‍കിയ ജോഷ് ട്രാവല്‍സ് രംഗത്തെ നവീന ട്രെന്‍ഡുകളാണ് സൃഷ്ടിച്ചത്.

ജനകീയമാകുന്ന ക്യാരവാന്‍ യാത്രകള്‍

ഒരു കാലഘട്ടത്തില്‍ വല്ലപ്പോഴും മാത്രം റോഡുകൡല്‍ കണ്ടിരുന്ന ക്യാരവാനുകള്‍ ഇന്ന് അത്ര അപൂര്‍വമായ കാഴ്ചയല്ല. അതിസമ്പന്നര്‍ മാത്രം ഉപയോഗിച്ചിരുന്ന അവയ്ക്ക് ഇന്ന് താരതമ്യേന ജനകീയമുഖം കൈവന്നിട്ടുണ്ട്. ദീര്‍ഘദൂര യാത്രകള്‍ ഇഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്കും മറ്റും റോഡുകളിലെ മറ്റൊരു വീടായി ക്യാരവാന്‍ മാറിക്കഴിഞ്ഞു. ഇന്ന് വിപണിയില്‍ ലഭ്യമായിട്ടുള്ള വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവില്‍ വലിയ മാറ്റങ്ങള്‍ ഇല്ലാത്തതും കൂടുതല്‍ സജ്ജീകരണങ്ങള്‍ ലഭ്യമാകുന്നതും ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായതുമെല്ലാമാണ് ഇതിന് വഴിവെക്കുന്നത്.

ഉദാഹരണത്തിന് ഒരു ബേസ് മോഡല്‍ ട്രാവലര്‍ വാങ്ങി ക്യാരവാനാക്കി മാറ്റുമ്പോള്‍ ഒരു ഇന്നോവ കാര്‍ വാങ്ങുന്നതിലും കുറഞ്ഞ ചെലവേ വരുന്നുള്ളൂ. ഇന്നോവയുടെ മൈലേജും ലഭിക്കും. ഇതിനൊപ്പം ബാത്‌റൂം അടക്കമുള്ള സജ്ജീകരണങ്ങളും. ദീര്‍ഘദൂര യാത്രകളിലും മറ്റും സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് വലിയൊരളവില്‍ പ്രതിവിധിയൊരുക്കാന്‍ ക്യാരവാനുകള്‍ക്ക് സാധിക്കും. ആഡംബരം നിറഞ്ഞ ഉള്‍വശം, എയര്‍ കണ്ടീഷന്‍, സാറ്റലൈറ്റ് റിസീവറുകള്‍, പോര്‍ട്ടബിള്‍ ഫ്രിഡ്ജ്, മൈക്രോവേവ് അവന്‍, ബെഡ്‌റൂം തുടങ്ങി നിരവധി സജ്ജീകരണങ്ങളാണ് ഇവയില്‍ ഒരുക്കുന്നത്. ഇതിനൊപ്പം ഇന്ന് നിയമപ്രകാരം ക്യാരവാനുകള്‍ അതേപോലെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സജ്ജീകരണവും മോട്ടോര്‍ വാഹന വകുപ്പ് ഒരുക്കിയിട്ടുണ്ട്.

ടോമിന്‍ തച്ചങ്കരി വാഹന വകുപ്പ് മേധാവിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം നടപ്പിലാക്കിയ പരിഷ്‌കാരമാണ് ഇത്തരത്തില്‍ പുതിയ വിഭാഗം തന്നെ വാഹന രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തുന്നതിലേക്ക് നയിച്ചത്. അത്ര നാള്‍ ക്യാരവാന്‍ രജിസ്‌ട്രേഷന് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകളും മറ്റും ഇന്ന് ഇല്ലാതായിക്കഴിഞ്ഞു.

ഭാവി പദ്ധതികള്‍

വാഹനത്തിനായുള്ള എയര്‍ കണ്ടീഷന്‍ നിര്‍മിക്കുന്നതിനുള്ള തയാറെടുപ്പിലാണിപ്പോള്‍ ജോഷ്. അടുത്ത പടിയായി സജ്ജീകരിക്കുന്ന ഈ എസി ഇവിടെയെത്തുന്ന നോണ്‍ എസി വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്ന വിധത്തില്‍ ലഭ്യമാക്കാനാണ് പദ്ധതിയിട്ടിരുക്കുന്നത്. അതിനു പുറമെ മഹിന്ദ്രയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട വാഹനമായ താറിന്റെ മോഡിഫിക്കേഷനായുള്ള പ്രത്യേക വിഭാഗവും സജ്ജീകരിക്കുന്നുണ്ട്. ഇതോടെ ട്രാവലറുകള്‍ക്ക് പുറമെ അടുത്ത വിഭാഗത്തിലേക്ക് കൂടി ജോഷിന്റെ കയ്യൊപ്പ് കടന്നുചെല്ലും. ഇതിനൊപ്പം തന്നെ നിലവിലെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.

ഡ്രൈവിംഗ് സീറ്റിന് എതിര്‍വശത്തുള്ള പെട്ടിപ്പുറത്തെ ആ യാത്രക്കാരന്‍ ഇന്ന് ജോഷിന്റെ അമരക്കാരനാണ്. രണ്ട് പതിറ്റാണ്ടിന് ഇപ്പുറമെത്തി നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ വാഹന രംഗത്തെ അറിയപ്പെടുന്ന പേരായി ജോഷ് വളര്‍ന്നുകഴിഞ്ഞു. സംരംഭക മേഖലയിലെ വിവിധ രംഗങ്ങളിലേക്ക് തന്റെ പ്രയത്‌നത്തെ വിന്യസിച്ചപ്പോഴും കുട്ടിക്കാലത്ത് ഉള്ളില്‍ കയറിയ ആ ‘വണ്ടിഭ്രാന്ത്’ ഇന്നും അങ്ങനെ തന്നെ ജോഷിയുടെ ഉള്ളിലുണ്ട്.

Comments

comments

Categories: Auto, FK Special, Slider