യൂസ്ഡ് കാറുകള്‍ക്ക് വില കുറയും

യൂസ്ഡ് കാറുകള്‍ക്ക് വില കുറയും

ജിഎസ്ടി കൗണ്‍സില്‍ നിരക്കുകള്‍ കുറച്ചു

ന്യൂഡെല്‍ഹി : രാജ്യത്ത് യൂസ്ഡ് കാറുകള്‍ക്ക് വില കുറയും. കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം നിരക്കുകള്‍ കുറച്ചു. യൂസ്ഡ് കാര്‍ വിപണിക്ക് വലിയ പ്രോത്സാഹനമേകുന്നതാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. രാജ്യത്ത് ഓരോ വര്‍ഷവും വലിയ തോതിലാണ് യൂസ്ഡ് കാറുകള്‍ വിറ്റുപോകുന്നത്. പുതിയ ജിഎസ്ടി നിരക്കുകള്‍ ഈ മാസം 25 ന് പ്രാബല്യത്തിലാകും.

ഇടത്തരം, വലിയ യൂസ്ഡ് കാറുകളുടെയും എസ്‌യുവികളുടെയും ജിഎസ്ടി നിരക്ക് നിലവിലെ 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായാണ് കുറച്ചത്. ചെറിയ കാറുകളുടെയും മറ്റ് മോട്ടോര്‍ വാഹനങ്ങളുടെയും ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍നിന്ന് 12 ശതമാനമായും കുറച്ചു. രണ്ട് വിഭാഗങ്ങളിലെയും സെസ്സ് എടുത്തുകളയുകയും ചെയ്തു. ജൈവ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പൊതു ഗതാഗത സംവിധാനത്തില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കും ഇതേ നിരക്ക് ആയിരിക്കും. ആംബുലന്‍സുകള്‍ക്ക് ചുമത്തിയ സെസ്സ് പൂര്‍ണ്ണമായും എടുത്തുകളയുന്നതായും ജിഎസ്ടി കൗണ്‍സില്‍ ഇതോടൊപ്പം പ്രഖ്യാപിച്ചു. നേരത്തെ ഇത് 15 ശതമാനമായിരുന്നു.

ഇടത്തരം, വലിയ യൂസ്ഡ് കാറുകളുടെയും എസ്‌യുവികളുടെയും ജിഎസ്ടി നിരക്ക് നിലവിലെ 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായാണ് കുറച്ചത്

യൂസ്ഡ് കാര്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെ മിക്കവാറും എല്ലാ വാഹന നിര്‍മ്മാതാക്കള്‍ക്കും പുതിയ ജിഎസ്ടി നിരക്കുകള്‍ അനുകൂലമാകും. മാരുതി സുസുകി (ട്രൂ വാല്യു), മഹീന്ദ്ര (ഫസ്റ്റ് ചോയ്‌സ്) കമ്പനികള്‍ യൂസ്ഡ് കാര്‍ വിപണിയില്‍ നല്ല പ്രകടനം കാഴ്ച്ചവെയ്ക്കുന്നവരാണ്. മെഴ്‌സിഡസ് ബെന്‍സ്, ഔഡി, നിസ്സാന്‍, റെനോ തുടങ്ങിയ കമ്പനികളും യൂസ്ഡ് കാര്‍ ബിസിനസ്സില്‍ ശക്തരാണ്.

Comments

comments

Categories: Auto