സൗദിയുടെ വളര്‍ച്ചാ നിരക്കില്‍ അത്ര പ്രതീക്ഷ വേണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍

സൗദിയുടെ വളര്‍ച്ചാ നിരക്കില്‍ അത്ര പ്രതീക്ഷ വേണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍

സൗദി ബജറ്റില്‍ പറയുന്ന പ്രതീക്ഷിത വളര്‍ച്ചാ നിരക്കിനേക്കാളും കുറവായിരിക്കും യഥാര്‍ത്ഥ വളര്‍ച്ചാ നിരക്കെന്നാണ് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്

റിയാദ്: ഈ വര്‍ഷം റെക്കോഡ് ചെലവിടല്‍ ഉണ്ടാകുമെന്നാണ് സൗദി അറേബ്യന്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചത്. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും വളര്‍ച്ച തിരിച്ച് പിടിക്കുകയും ആണ് ലക്ഷ്യം. എന്നാല്‍ വളര്‍ച്ചാ നിരക്ക് സര്‍ക്കാര്‍ പറയുന്നതു പോലെ കൂടിയേക്കില്ല എന്നാണ് ചില സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പുതിയ നികുതികളുടെ പ്രത്യാഘാതവും സബ്‌സിഡി വെട്ടിച്ചുരുക്കുന്നതിന്റെ ഫലങ്ങളും ശരിയായ രീതിയില്‍ വിലയിരുത്തപ്പെട്ടാലേ യഥാര്‍ത്ഥ വളര്‍ച്ചാ നിരക്ക് പ്രകടമാകൂ എന്നാണ് പുതിയ വാദങ്ങള്‍.

സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമ്പത്തിക, സാമൂഹ്യ പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030ക്ക് വേഗം കൂട്ടാന്‍ വേണ്ടിയാണ് സൗദി ചെലവിടല്‍ കൂട്ടാനും ശമ്പളം വര്‍ധിപ്പിക്കാനും എല്ലാം തീരുമാനിച്ചത്. എണ്ണയെ ആശ്രയിക്കുന്നത് പരമാവധി കുറച്ച് കൂടുതല്‍ വൈവിധ്യവല്‍ക്കരിച്ച സമ്പദ് വ്യവസ്ഥയാണ് പ്രിന്‍സ് മൊഹമ്മദ് പദ്ധതിയിടുന്നത്. എന്നാല്‍ എണ്ണ തന്നെയാണ് ഇപ്പോഴും രാജാവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

3.7 ശതമാനമെന്ന വളര്‍ച്ചാ നിരക്കിലേക്ക് എത്താന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധനായ സിയാദ് ഡൗഡ് പറഞ്ഞത്. അതേസമയം അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിലെ ചീഫ് ഇക്കണോമിസ്റ്റായ മോണിക്ക മാലിക് പറയുന്നത് മൊത്തത്തില്‍ .7 ശതമാനം വികസനമേ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാകൂവെന്നാണ്.

2023 ആകുമ്പോഴേക്കും എണ്ണയില്‍ നിന്നുള്ള വരുമാനത്തില്‍ 80 ശതമാനം കുതിപ്പാണ് സൗദി പ്രതീക്ഷിക്കുന്നത്. ഒരു പതിറ്റാണ്ടിനിടെ ആദ്യമായി മിച്ചബജറ്റ് എന്ന അവസ്ഥയിലേക്ക് ഇത് രാജ്യത്തെ എത്തിക്കുമെന്നും വിലയിരുത്തലുണ്ട്.

ബജറ്റ് സന്തുലിതമാക്കാന്‍ ആറ് വര്‍ഷത്തെ പദ്ധതിയാണ് സൗദി തയാറാക്കുന്നത്. വരും വര്‍ഷങ്ങളില്‍ എണ്ണ വിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് സൗദിയുടെ പ്രതീക്ഷ. ഈ വര്‍ഷം എണ്ണയില്‍ നിന്നുള്ള വരുമാനം 440 ബില്ല്യണ്‍ റിയാല്‍ ആയിരുന്നു. ഇത് 214 ബില്ല്യണ്‍ ഡോളര്‍ അഥവാ 801.4 ബില്ല്യണ്‍ റിയാല്‍ എന്ന വമ്പന്‍ സംഖ്യയില്‍ എത്തിക്കാനാണ് സൗദിയുടെ പദ്ധതി. എണ്ണവില ബാരലിന് 75 ഡോളര്‍ ആകുമെന്നാണ് സൗദിയുടെ പ്രതീക്ഷ. അതേസമയം എണ്ണ ഇതര മേഖലകളില്‍ നിന്നുള്ള വരുമാനം 32 ശതമാനം വര്‍ധിച്ച് 337 ബില്ല്യണ്‍ റിയാലില്‍ എത്തുമെന്നും സൗദി കണക്കു കൂട്ടുന്നുണ്ട്.

സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ ഉന്നമിടുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ എണ്ണയുടെ മേലുള്ള രാജ്യത്തിന്റെ ആശ്രയത്വം കുറയ്ക്കാനാണ്. അതേസമയം ഹ്രസ്വകാലാടിസ്ഥാനത്തില്‍ എണ്ണ വിലയിലെ വര്‍ധനയ്ക്കനുസരിച്ച് നേട്ടം കൊയ്യാമെന്നുള്ള പ്രതീക്ഷയും സൗദിക്കുണ്ട്. പരിഷ്‌കരണങ്ങള്‍ക്കുള്ള ചെലവ് താല്‍ക്കാലികമായുള്ള എണ്ണ അധിഷ്ഠിത പദ്ധതികളില്‍ നിന്നായാല്‍ തെറ്റില്ലെന്നാണ് ലൈന്‍.

വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ തീവ്ര ശ്രമങ്ങളാണ് സൗദി കിരീടാവകാശി നടത്തുന്നത്. എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന ഒപെക് തീരുമാനത്തിലൂടെ എണ്ണ വിലയില്‍ വര്‍ധനയും സൗദി പ്രതീക്ഷിക്കുന്നു. ഇത് ഇടക്കാലത്തേക്ക് സാമ്പത്തിക കുതിപ്പിന് ഉപയോഗപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ് ഭരണ കൂടം.

ഹ്രസ്വകാലാടിസ്ഥാനത്തില്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും സൗദി ആലോചിക്കുന്നുണ്ട്. നിലവില്‍ പ്രതിദിനം 10 ബാരല്‍ എണ്ണയാണ് സൗദി ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് 2023 ആകുമ്പോഴേക്കും 11.03 ബില്ല്യണ്‍ ബാരലാക്കി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 2020ല്‍ പ്രതിദിനം 10.45 മില്ല്യണ്‍ ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാനും പദ്ധതിയുണ്ട്.

അഴിമതിക്കെതിരെയുള്ള യുദ്ധമെന്ന് വിശേഷിപ്പിച്ച് വന്‍കിടക്കാര്‍ക്കെതിരെ സൗദി എടുക്കുന്ന നടപടികള്‍ ചെറിയ തോതിലെങ്കിലും അനിശ്ചിതത്വങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

 

Comments

comments

Categories: Arabia

Related Articles