പ്രൊഡക്റ്റ് സ്‌കൂള്‍ പ്രോഗ്രാമുമായി എസ്‌വി.കോ

പ്രൊഡക്റ്റ് സ്‌കൂള്‍ പ്രോഗ്രാമുമായി എസ്‌വി.കോ

ഹെല്‍ത്ത്‌കെയര്‍ കമ്പനിയായ കെയര്‍സ്റ്റാക്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്

തിരുവനന്തപുരം: കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ ഇന്‍ക്യുബേറ്ററായ സ്റ്റാര്‍ട്ടപ്പ് വില്ലേജ് കളക്റ്റീവ്(എസ്‌വി.കോ) പ്രൊഡക്റ്റ് സ്‌കൂള്‍ പ്രോഗ്രാം ആരംഭിച്ചു. പ്രമുഖ ഹെല്‍ത്ത്‌കെയര്‍ കമ്പനിയായ കെയര്‍സ്റ്റാക്കാണ് കേരളത്തിലെ പ്രോഗ്രാമിന്റെ ആങ്കര്‍ പാര്‍ട്ണര്‍. വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നൈപുണ്യ പരിശീലനം നല്‍കുകയും സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ആഗോളതലത്തില്‍ തന്നെ മത്സരിക്കാന്‍ പ്രാപ്തരായ എന്‍ജിനീയര്‍മാരെ വാര്‍ത്തെടുക്കുകയുമാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.

സംസ്ഥാനത്ത് വിജയകരമായ കാംപസ് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന് വസ്തുതയില്‍ നിന്നാണ് പ്രൊഡക്റ്റ് സ്‌കൂള്‍ പ്രോഗ്രാമിന്റെ ആവശ്യം വന്നതെന്ന് എസ്‌വി.കോ ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. ‘ നിര്‍ഭാഗ്യവശ്യാല്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ ആവാസവ്യവസ്ഥ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍, ആഗോള വിപണി, ടീം വര്‍ക്ക്, ഡിസൈന്‍, ഉപഭോക്താക്കളുടെ സ്വഭാവം എന്നിവയെ മനസിലാക്കാന്‍ കഴിവുള്ള എന്‍ജിനീയര്‍മാരെ സൃഷ്ടിക്കാന്‍ പര്യാപ്തമല്ല. നമ്മുടെ സ്റ്റാര്‍ട്ടപ്പുകളെ വിജയത്തിലെത്തിക്കാന്‍ സാമ്പത്തിക സഹായം മാത്രമല്ല ലോകത്തിലെ തന്നെ മികച്ച എന്‍ജിനീയറിംഗ് പ്രൊഫഷണലുകളെയും വാര്‍ത്തെടുക്കേണ്ടത് ആവശ്യമാണ്.’ കെയര്‍സ്റ്റാക്ക് ഓപ്പറേഷന്‍സ് മേധാവി അരുണ്‍ സതീഷ് അഭിപ്രായപ്പെട്ടു.

ക്രിപ്‌റ്റോകറന്‍സിയുടെ വില ഡിസ്‌പ്ലേ ചെയ്യുന്ന വെബ്‌സൈറ്റുകള്‍ വികസിപ്പിക്കുന്നതിനുള്ള കോഡിംഗ് മത്സരത്തില്‍ പങ്കെടുത്ത് കഴിവു തെളിയിക്കുന്ന വിദ്യാര്‍ത്ഥി ഡെവലപ്പര്‍മാര്‍ക്കാണ് പ്രൊഡക്റ്റ് സ്‌കൂളില്‍ പ്രവേശനം ലഭിക്കുക. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഷൈലേന്ദ്ര സോമന്റ് നേതൃത്വത്തിലായിരിക്കും പ്രോഗ്രാമിലേക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള കേരള കാംപെയ്ന്‍ നടക്കുന്നത്. 50 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രോഗ്രാമിന്റെ ഭാഗമാകാന്‍ കഴിയുക. സ്ലൈഡ്‌ഷെയര്‍ റെപ്രസെന്റേഷന്‍ ഉള്‍പ്പെടുന്ന ആറുമാസ കാലയളവില്‍ നടക്കുന്ന പ്രോഗ്രാമിന് ഒരു ലക്ഷം രൂപയാണ് ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് 80 ശതമാനം ഇന്‍ഡസ്ട്രി സ്‌കോളര്‍ഷിപ്പ് ലഭിക്കും. വിദ്യാര്‍ത്ഥിനികളാണെങ്കില്‍ 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് നേടാനാകും.

Comments

comments

Categories: Editorial