സൗദി അരാംകോ ഐപിഒ ഈ വര്‍ഷം രണ്ടാം പകുതിയില്‍

സൗദി അരാംകോ ഐപിഒ ഈ വര്‍ഷം രണ്ടാം പകുതിയില്‍

ഏതെല്ലാം വിദേശ വിപണികളില്‍ ലിസ്റ്റ് ചെയ്യുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സൗദി അരാംകോ സിഇഒ അമിന്‍ നാസര്‍

റിയാദ്: ലോകം മുഴുവന്‍ കാത്തിരിക്കുന്ന സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ഈ വര്‍ഷം രണ്ടാം പകുതിയില്‍ തന്നെയുണ്ടാകുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അമിന്‍ നാസര്‍. എന്നാല്‍ ഏതെല്ലാം വിദേശ ഓഹരി വിപണികളിലായിരിക്കും കമ്പനി ലിസ്റ്റ് ചെയ്യുകയെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോയുടെ അഞ്ച് ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ഐപിഒ 2018ല്‍ തന്നെ നടക്കുമെന്ന കാര്യം നേരത്തെ തന്നെ ഉറപ്പായിരുന്നു. എന്നാല്‍ ആരെല്ലാം ഐപിഒയില്‍ പങ്കെടുക്കുമെന്നോ ഏതെല്ലാം വിപണികളിലാണ് എണ്ണ ഭീമന്‍ ലിസ്റ്റ് ചെയ്യപ്പെടുകയെന്നോ ഉള്ള കാര്യത്തില്‍ ഇതു വരെ വ്യക്തത വന്നിട്ടില്ല.

സൗദി അരാംകോയുടെ ഐപിഒയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സുഗമമായി മുന്നേറുകയാണ്. 2018ല്‍ തന്നെ ഐപിഒ നടക്കുംഈ സന്ദേശമായിരുന്നു സൗദി അറേബ്യയുടെ ഡെവോസ് ഇന്‍ ദി ഡെസേര്‍ട്ട് എന്ന പേരില്‍ അരങ്ങേറിയ നിക്ഷേപക സംഗമത്തില്‍ അധികൃതര്‍ പറഞ്ഞത്.

ഐപിഒയുടെ വലുപ്പം ഇതുവരെ വ്യക്തമല്ല. ലോകത്തെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പന ആകും ഇതെന്നാണ് നിക്ഷേപകരും ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളും വിലയിരുത്തുന്നത്. എന്നാല്‍ എത്രമാത്രം വലുപ്പമുള്ളതാകും ഐപിഒ എന്ന കാര്യം സൗദി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സൗദിയുടെ സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030ന്റെ നട്ടെല്ലാണ് അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന. ഇതിന്റെ മുഖ്യ ചുമതലക്കാരനാകട്ടെ രാജ്യത്തിന്റെ കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാനും.

സൗദിയുടെ വരുമാനസ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ് ഐപിഒയുടെ പ്രധാന ഉദ്ദേശ്യം. ഇതില്‍ നിന്നും സമാഹരിക്കുന്ന വന്‍തുക സൗദിയുടെ സമ്പദ് വ്യവസ്ഥയെ എണ്ണയുഗത്തില്‍ നിന്നും പുതുയുഗത്തിലേക്ക് നടക്കാന്‍ പ്രാപ്തമാക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കമ്പനി ഏതെല്ലാം ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്നത് ഇതുവരേ തീരുമാനമായിട്ടില്ല. റിയാദിലെ ആഭ്യന്തര വിപണിയായ തഡാവുളിലും ചില വിദേശ ഓഹരി വിപണികളിലും ഐപിഒ നടക്കുമെന്നാണ് വിവരം. എന്നാല്‍ ഏതെല്ലാം വിദേശവിപണികളിലാണ് ഓഹരി വില്‍പ്പന നടക്കുക എന്നതാണ് ഇപ്പോള്‍ ഉയരുന്ന ഏറ്റവും പ്രസക്തമായ ചോദ്യം.

ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഉള്‍പ്പടെ നിരവധി വിപണികള്‍ അരാംകോയുടെ ഐപിഒയ്ക്കായി മത്സരത്തിനുണ്ട്. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ അരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പന നടത്തിക്കുന്നതിനായി സ്റ്റോക് എക്‌സ്‌ചേഞ്ച് അധികൃതര്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയെന്ന് നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ പിന്നീട് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് സിഇഒ രംഗത്തെത്തി.

ന്യൂയോര്‍ക്ക്, ഹോംകോംഗ്, സിംഗപ്പൂര്‍, ടോക്ക്യോ, ടൊറോന്റോ തുടങ്ങിയ ഓഹരി വിപണികളും സൗദി അരാംകോയുടെ ഐപിഒ നേടിയെടുക്കാന്‍ മത്സരിക്കുന്നുണ്ട്.

Comments

comments

Categories: Arabia