വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിന് നരേന്ദ്ര മോദിയെത്തും

വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിന് നരേന്ദ്ര മോദിയെത്തും

10 രാഷ്ട്രത്തലവന്‍മാര്‍ വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്

ദുബായ്: ലോക ഗവണ്‍മെന്റ് സമ്മിറ്റില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് സ്ഥിരീകരിച്ചു. ഫെബ്രുവരിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ മോദിയുടെ കിടിലന്‍ പ്രഭാഷണവുമുണ്ടാകും. 10 രാഷ്ട്രത്തലവന്‍മാരാണ് യുഎഇയിലെ വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ എത്തുന്നത്. 16 അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നുള്ളവരും എത്തും. ഐഎംഎഫ് മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റിന്‍ ലഗാര്‍ഡെ, ലോക ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ ജോക്വിം ലെവി, ഒഇസിഡി സെക്രട്ടറി ഡനറല്‍ ഏഞ്ചല്‍ ഗറിയ തുടങ്ങിയ പ്രമുഖരെല്ലാം ഉച്ചകോടിക്കെത്തും.

ഹ്വാവെയ് ചെയര്‍വുമന്‍ സണ്‍ യഫാംഗ്, നാസ്ഡാക്ക് പ്രസിഡന്റ് അദെന ഫ്രെയ്ഡ്മാന്‍, സാപ് സിഇഒ ബില്‍ മക്‌ഡെര്‍മോട്ട്, റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി തുടങ്ങിയവരും വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിന് എത്തും. ദീപക് ചോപ്ര, ഫ്രാന്‍സിസ് ഫുകുയാമ, ഹഫിംഗ്ടണ്‍ പോസ്റ്റ് സ്ഥാപക അരിയാന ഹഫിംഗ്ടണ്‍, പ്രശസ്ത എഴുത്തുകാരന്‍ മാല്‍കം ഗ്ലാഡ് വെല്‍ തുടങ്ങിയവരും ഉച്ചകോടിയെ സമ്പന്നമാക്കും.

ഇന്ത്യയുടെ വികസന മോഡല്‍ വളരുന്ന സമ്പദ് വ്യവസ്ഥകള്‍ക്ക് മാതൃകയാണെന്ന് യുഎഇ കാബിനറ്റ് കാര്യമന്ത്രിയും വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് ചെയര്‍മാനുമായ മൊഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഗെര്‍ഗവി പറഞ്ഞു.

10 മേഖലകളിലായിരിക്കും സമ്മിറ്റ് ഫോക്കസ് ചെയ്യുക. ഹെല്‍ത്ത് ആന്‍ഡ് ബയോടെക്‌നോളജി, സൈബര്‍ സ്‌റ്റേറ്റുകള്‍, ആഗോള ഭരണ നിര്‍വഹണം, ക്രിപ്‌റ്റോകറന്‍സികളും ധനകാര്യ വിപണികളുടെ ഭാവിയും തുടങ്ങിയ വിഷയങ്ങളിലെല്ലാം ചര്‍ച്ചകളുണ്ടാകും.

ആഗോളതലത്തില്‍ പുതിയ ചിന്താധാരകള്‍ ഉയര്‍ന്നുവരുന്നതിനുള്ള ഉത്‌പ്രേരകമായി ഉച്ചകോടി മാറുമെന്നാണ് യുഎഇ സര്‍ക്കാരിന്റെ പ്രതീക്ഷ. 2013ലാണ് ആദ്യമായി വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് അരങ്ങേറിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഇത്തവണത്തെ സമ്മിറ്റില്‍ പ്രത്യേക പ്രാധാന്യമുണ്ടാകുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മാത്രമായി മന്ത്രിയെ നിയമിച്ച രാജ്യമാണ് യുഎഇ.

 

Comments

comments

Categories: Arabia, Business & Economy