അഗ്നി 5 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

അഗ്നി 5 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ന്യൂഡെല്‍ഹി: ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു മിസൈല്‍ വിക്ഷേപണം. ചൈനയുമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍ സജീവമായി നിലനില്‍ക്കുന്നതിനിടെയാണ് ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്. മിസൈല്‍ വിക്ഷേപണം വിജയകരമാണെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു.

5000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള മിസൈലിന് ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലേക്ക് വരെ എത്താന്‍ സാധിക്കും. മുന്നു ഘട്ടങ്ങളുള്ള മിസൈലിന് 17 മീറ്ററാണ് നീളം. ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയാണ് മിസൈലിനുള്ളത്. മിസൈല്‍ ഇന്ത്യയിലെവിടെ നിന്നു വേണമെങ്കിലും വിക്ഷേപിക്കാനായി കൊണ്ടുപോകാന്‍ സാധിക്കുന്ന വിക്ഷേപണ വാഹനങ്ങള്‍ സൈന്യത്തിന്റെ പക്കലുണ്ട്.

2003ല്‍ അഗ്നി മിസൈല്‍ സൈന്യത്തിന്റെ ഭാഗമായതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം പിടിച്ചിരുന്നു. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവയാണ് പട്ടികയിലെ മറ്റു രാജ്യങ്ങള്‍. അഗ്നി വിഭാഗത്തില്‍ നിലവില്‍ ഇന്ത്യയ്ക്ക് അഞ്ച് മിസൈലുകളാണ് ഉള്ളത്. അഗ്നി 3 വരെയുള്ളവ പാകിസ്ഥാനെ ലക്ഷ്യമാക്കിയാണ് വികസിപ്പിച്ചതെങ്കില്‍ അഗ്നി 4, അഗ്നി 5 എന്നിവ ചൈനയെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചതാണ്.

Comments

comments

Categories: Tech