അക്കോഡ്, സിറ്റി, ജാസ് മോഡലുകളുടെ 22,834 യൂണിറ്റ് ഹോണ്ട തിരിച്ചുവിളിച്ചു

അക്കോഡ്, സിറ്റി, ജാസ് മോഡലുകളുടെ 22,834 യൂണിറ്റ് ഹോണ്ട തിരിച്ചുവിളിച്ചു

തകാത്ത എയര്‍ബാഗുകള്‍ മാറ്റിസ്ഥാപിക്കുന്നതിനാണ് തിരിച്ചുവിളി

ന്യൂഡെല്‍ഹി : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ അക്കോഡ്, സിറ്റി, ജാസ് മോഡലുകളുടെ 22,834 യൂണിറ്റ് തിരിച്ചുവിളിക്കുന്നു. തകാത്ത എയര്‍ബാഗുകള്‍ മാറ്റിസ്ഥാപിക്കുന്നതിനാണ് ഇത്രയും കാറുകള്‍ തിരിച്ചുവിളിക്കുന്നത്. ആഗോളതലത്തില്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ നടപടി.

ഇതോടെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്ന ഹോണ്ട വാഹനങ്ങളുടെ എണ്ണം 3.13 ലക്ഷമായി. മറ്റൊരു ജാപ്പനീസ് കമ്പനിയായ തകാത്ത കോര്‍പ്പറേഷന്റെ എയര്‍ബാഗുകളാണ് ഹോണ്ട തങ്ങളുടെ കാറുകളില്‍ ഉപയോഗിക്കുന്നത്. 2013 ല്‍ നിര്‍മ്മിച്ച മോഡലുകളാണ് ഇപ്പോള്‍ തിരിച്ചുവിളിക്കുന്നതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു.

ഇതോടെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്ന ഹോണ്ട വാഹനങ്ങളുടെ എണ്ണം 3.13 ലക്ഷമായി

2013 മോഡല്‍ അക്കോഡ്, സിറ്റി, ജാസ് കാറുകളിലെ (22,834 കാറുകള്‍) തകാത്ത ഫ്രണ്ട് എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററുകള്‍ സൗജന്യമായി മാറ്റിസ്ഥാപിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചു. പ്രീമിയം സെഡാനായ അക്കോഡിന്റെ 510 യൂണിറ്റുകളും സിറ്റിയുടെ 22,084 യൂണിറ്റുകളും ജാസ്സിന്റെ 240 യൂണിറ്റുകളുമാണ് തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ ഡീലര്‍ഷിപ്പുകളില്‍ സൗജന്യ റീപ്ലേസ്‌മെന്റ് സൗകര്യം ഉണ്ടായിരിക്കും.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുന്‍ തലമുറ അക്കോഡ്, സിവിക്, സിറ്റി, ജാസ് മോഡലുകളുടെ 41,580 യൂണിറ്റ് ഹോണ്ട കാര്‍സ് ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു. എയര്‍ബാഗ് പ്രശ്‌നം തന്നെയായിരുന്നു കാരണം. 2016 ജൂലൈയില്‍ മുന്‍ തലമുറ അക്കോഡ്, സിആര്‍-വി, സിവിക്, സിറ്റി, ജാസ് മോഡലുകളുടെ 1,90,578 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്. കാരണം മറ്റൊന്നുമല്ല. തകാത്ത കോര്‍പ്പറേഷന്റെ എയര്‍ബാഗുകള്‍ മാറ്റിവെയ്ക്കുന്നതിന് ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് വാഹനങ്ങളാണ് തിരിച്ചുവിളിക്കപ്പെട്ടത്.

Comments

comments

Categories: Auto