വ്യവസായാന്തരീക്ഷം: കേരളം വളരെ പിന്നിലെന്ന് മുഖ്യമന്ത്രി

വ്യവസായാന്തരീക്ഷം: കേരളം വളരെ പിന്നിലെന്ന്  മുഖ്യമന്ത്രി

കൊച്ചി: വ്യവസായാന്തരീക്ഷത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ തരംതിരിച്ചാല്‍ കേരളം വളരെ പിന്നിലാണെന്നും നിലവില്‍ വ്യാവസായിക രംഗം നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് മുന്‍ മാനെജിംഗ് ഡയറക്റ്റര്‍ ഏലിയാസ് ജോര്‍ജിന് കേരള മാനെജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) മാനെജ്‌മെന്റ്് ലീഡര്‍ഷിപ്പ് അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍ വ്യാവസായിക, കാര്‍ഷിക രംഗം പരിശോധിച്ചാല്‍ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കിയിട്ടില്ലെന്നു മനസിലാക്കാന്‍ കഴിയും. വ്യാവസായിക രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നുണ്ട്. വ്യവസായ അന്തരീക്ഷം വളരെ പ്രധാനമാണ്. ചില സംരംഭകര്‍ മനംമടുത്തു കേരളം വിട്ടുപോകുന്ന അവസ്ഥയുണ്ട്. തീരുമാനങ്ങള്‍ വേഗത്തിലെടുത്തു നടപ്പാക്കുന്ന നയം സ്വീകരിച്ചിട്ടുണ്ട്. വിവിധ തലങ്ങളിലെ ക്ലിയറന്‍സുകള്‍ക്കു കാലതാമസം ഒഴിവാക്കാനായാല്‍ പുരോഗതിയുണ്ടാകും.

ഏതെങ്കിലുമൊരു രംഗത്തെ വികസനം കൊണ്ടു മാത്രം സംസ്ഥാനത്തിന്റെ വികസനം സാധ്യമാവുകയില്ല. സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വ്യവസായ അന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്. സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 150 കോടി രൂപ സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങളുടെ നടത്തിപ്പ് വേഗത്തിലാക്കാന്‍ നടപടികളെടുത്തിട്ടുണ്ട്. വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉടന്‍ തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിതസമയത്തിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ അപേക്ഷ സ്വീകരിച്ചതായി കണക്കാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പുരോഗതിയുടെ പാതയിലാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ അര്‍ധവാര്‍ഷിക കണക്കുപ്രകാരം, കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഒന്നിച്ചു പരിഗണിക്കുമ്പോള്‍ അവ ലാഭത്തിലാണ്. 34 കോടി രൂപയുടെ ലാഭമാണുള്ളത്.

ഐടി മേഖല വികസിപ്പിക്കാനുള്ള നീക്കങ്ങളും നടന്നുവരികയാണ്. പശ്ചാത്തല സൗകര്യ വികസനത്തിനും സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ വയ്ക്കുന്നുണ്ട് ഇതിനെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പശ്ചാത്തല സൗകര്യ വികസനത്തിനായുള്ള സ്ഥലമെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് പിന്തുണയുണ്ട്. നൈപുണ്യവികസന രംഗത്തും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകാന്‍ കഴിഞ്ഞ നേതൃഗുണമുള്ള വ്യക്തിയാണ് ഏലിയാസ് ജോര്‍ജ്. കൊച്ചി മെട്രൊയുമായി ബന്ധപ്പെട്ട ഭാവി പദ്ധതികള്‍ ഇനിയും മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെട്രൊ റെയില്‍ ഒരു വലിയ നേട്ടമായി താന്‍ കാണുന്നില്ലെന്ന് മറുപടി പ്രസംഗത്തില്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. ഉദ്ദേശ്യ ശുദ്ധി മനസിലായാല്‍ കേരളത്തിലെ ആളുകള്‍ ഏത് പദ്ധതിയുമായും സഹകരിക്കും. അതിനുള്ള ഉദാഹരണമാണ് മെട്രൊയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെഎംഎ പ്രസിഡന്റ്് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷനായിരുന്നു. ഹൈബി ഈഡന്‍ എംഎല്‍എ, കെഎംഎ സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

comments

Categories: Business & Economy