കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നെല്‍വയല്‍ പറുദീസ

കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നെല്‍വയല്‍ പറുദീസ

നൂറില്‍ പരം നെല്ലിനങ്ങള്‍

അമ്പലവയല്‍: നെല്‍ ഇനങ്ങളുടെ വൈവിധ്യം സംരംക്ഷിക്കുക എന്നത്, നമ്മുടെ സംസ്‌കാരത്തിന്റേയും, നിലനില്‍പ്പിന്റേയും അനിവാര്യത ആണ്. ഈ സാഹചര്യത്തിലാണ് വയനാട് അമ്പലവയല്‍ പൂപ്പൊലി ഉദ്യാനത്തില്‍ അപൂര്‍വങ്ങളായവ ഉള്‍പ്പെടെ നൂറ്റിയൊന്ന് നെല്‍ വിത്തുകളുടെ കലവറ ഒരുക്കിയിരിക്കുന്നത്.

വയല്‍നാടിന്റെ ഗൃഹാതുരമായ സ്മരണകളാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് ഈ നെല്‍ പറുദീസ സമ്മാനിക്കുന്നത്. മുന്‍കവാടത്തിനോട് ചേര്‍ന്ന് പച്ചപ്പ് വിരിയിച്ച് നിരന്നുനില്‍ക്കുന്ന വ്യത്യസ്തയിനം നെല്ലുകളുടെ ശേഖരം കാണികള്‍ക്കും കര്‍ഷകര്‍ക്കും ഒരു പുത്തന്‍ അനുഭവവും അറിവുമാകുകയാണ്.

കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ വയലില്‍ നൂറ്റിയൊന്നില്‍പരം നെല്ലിനങ്ങളാണ് കൃഷി ചെയ്തിട്ടുള്ളത്. പാക്കിസ്ഥാന്‍ ബസുമതി, കീര്‍വാണ, ഹരിയാന ബസുമതി, സുഗന്ധമതി, ജപ്പാന്‍ വയലറ്റ്, ദീപ്തി, ജീരകശാല, ഞവര തുടങ്ങിയ ഒട്ടനവധി ഇനങ്ങളും പഴയ വയനാടന്‍ നെല്ലിനങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. ഏറെ കാലമായി നെല്ലുകളുടെ മിശ്രകൃഷി ആരംഭിച്ചിരുന്നെങ്കിലും ഇത് പ്രദര്‍ശിപ്പിക്കുന്നത് ആദ്യമായാണ്.

കൃഷി മന്ത്രി വി എസ് സുനില്‍ കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്തവണ ഇവ പ്രദര്‍ശന രീതിയില്‍ കൃഷി ചെയ്തതെന്ന് ഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നെല്ലുകളെക്കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ കഴിയും. കൂടുതല്‍ കര്‍ഷകരിലേക്ക് വ്യത്യസ്ത ഇനം നെല്ല് ശേഖരത്തെ പരിചയപ്പെടുത്തുകയും അതിലൂടെ കൂടുതല്‍ പേരെ നെല്‍ കൃഷിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം.

വയനാട്ടില്‍ നെല്‍വിത്തുകള്‍ സംരക്ഷിക്കുന്ന തരത്തില്‍ കൃഷി ചെയ്യുന്നവരെ സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കി സംരംക്ഷിക്കുമെന്ന് കൃഷിമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പഴയ രീതിയിലേക്ക് വയനാട്ടിലെ നെല്‍വയലുകളെ തിരിച്ചു കൊണ്ടു വരുന്നതിനാണ് കൃഷി വകുപ്പ് ശ്രമിക്കുന്നത്. വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും ജലസംരക്ഷണത്തിനുമായി നെല്‍ വയല്‍ വ്യാപന പദ്ധതി ആവശ്യമാണെന്ന് പരക്കെ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

വയനാട്ടിലെ അവശേഷിക്കുന്ന വയലുകള്‍ സംരംക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഈ നെല്‍വിത്ത് കലവറ പ്രത്യേക ശ്രദ്ധ നേടുന്നു. ഗന്ധകശാല നെല്‍ 1350 ഹെക്റ്ററില്‍ കൃഷി ചെയ്യാന്‍ പദ്ധതി തയ്യാറാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നെല്‍വിത്തുകളുടെ കലവറയാക്കി ഗവേഷണ കേന്ദ്രത്തിലെ പാടശേഖരത്തെ മാറ്റിയിട്ടുള്ളത്.അവശേഷിക്കുന്ന നെല്‍ വയല്‍ നില നിലനില്‍ക്കേണ്ടത് ,വയനാടിന്റെ ഭക്ഷ്യസുരക്ഷയും ,ജലസുരക്ഷ ഉറപ്പ് വരുത്താനും ഉള്ള, ചുവടുവെപ്പ് കൂടി ആകുകയാണ്.

Comments

comments

Categories: FK News, Motivation