2018 മാരുതി സുസുകി സ്വിഫ്റ്റ് ബുക്കിംഗ് തുടങ്ങി

2018 മാരുതി സുസുകി സ്വിഫ്റ്റ് ബുക്കിംഗ് തുടങ്ങി

ഡിമാന്‍ഡ് കണക്കിലെടുക്കുമ്പോള്‍ മൂന്നോ നാലോ മാസം വെയ്റ്റിംഗ് പിരീഡ് പ്രതീക്ഷിക്കാം

ന്യൂഡെല്‍ഹി : 2018 മാരുതി സുസുകി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ഔദ്യോഗികമായി തുടങ്ങി. ന്യൂ-ജെന്‍ സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍മാര്‍ നേരത്തെ അനൗദ്യോഗികമായി ആരംഭിച്ചിരുന്നു. വാഹന വിപണി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറുകളിലൊ ന്നാണ് 2018 മാരുതി സുസുകി സ്വിഫ്റ്റ്. കാറിന്റെ ഉല്‍പ്പാദനം ഇതിനകം ആരംഭിച്ചു. വൈകാതെ വിപണിയില്‍ അവതരിപ്പിക്കും.

ഫെബ്രുവരി 9 ന് തുടങ്ങുന്ന ഓട്ടോ എക്‌സ്‌പോയില്‍ കാര്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് മാരുതി സുസുകി പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ തലമുറ സ്വിഫ്റ്റ് നേടിയ വിജയം ആവര്‍ത്തിക്കുകയാണ് ന്യൂ-ജെന്‍ സ്വിഫ്റ്റിന്റെ അവതാരോദ്ദേശ്യം. ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ഒന്നാം സ്ഥാനം വീണ്ടെടുക്കുന്നതിന് 2018 മോഡല്‍ സ്വിഫ്റ്റ് മാരുതി സുസുകിയെ തീര്‍ച്ചയായും സഹായിക്കും. വിവിധ മാരുതി സുസുകി ഡീലര്‍ഷിപ്പുകളില്‍ 11,000 രൂപ നല്‍കി പുതിയ സ്വിഫ്റ്റ് ബുക്ക് ചെയ്യാം.

ഫെബ്രുവരി അവസാനമോ മാര്‍ച്ച് തുടക്കത്തിലോ ന്യൂ-ജെന്‍ സ്വിഫ്റ്റ് ഷോറൂമുകളിലെത്തുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു. ഡിമാന്‍ഡ് കണക്കിലെടുക്കുമ്പോള്‍ മൂന്നോ നാലോ മാസം വെയ്റ്റിംഗ് പിരീഡ് പ്രതീക്ഷിക്കാമെന്നാണ് ഡീലര്‍മാര്‍ വ്യക്തമാക്കുന്നത്. ഭാരം കുറഞ്ഞതും ദൃഢതയേറിയതുമായ പുതിയ ഹാര്‍ട്ടെക്റ്റ് ഡിസൈന്‍ പ്ലാറ്റ്‌ഫോമിലാണ് പുതിയ സ്വിഫ്റ്റ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച ന്യൂ-ജെന്‍ ഡിസയര്‍ നിര്‍മ്മിച്ചത് ഇതേ പ്ലാറ്റ്‌ഫോമിലാണ്.

പുതിയ ബോള്‍ഡ് സിംഗിള്‍-ഫ്രെയിം ഗ്രില്ല്, പ്രൊജക്റ്റര്‍ ലൈറ്റുകള്‍ സഹിതം ബഗ്-ലൈക്ക് ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ എന്നിവ 2018 മോഡല്‍ സ്വിഫ്റ്റിന് പുതിയ ഡിസൈനും സ്റ്റൈലിംഗും സമ്മാനിക്കുന്നു. പുതിയ സ്‌പോര്‍ടിയര്‍ അലോയ് വീലുകള്‍, ഫ്‌ളോട്ടിംഗ്-സ്‌റ്റൈല്‍ റൂഫ് ഡിസൈന്‍, കറുപ്പ് നിറത്തിലുള്ള ബി പില്ലര്‍, മുന്നിലും പിന്നിലും പുതിയ ബംപര്‍ എന്നിവയും ന്യൂ-ജെന്‍ സ്വിഫ്റ്റിന് ലഭിച്ചു. ഡിസയറിനെപോലെ കാബിനില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ കാണാം. ഫഌറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അവയില്‍ ചിലത് മാത്രം.

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് കൂടാതെ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം

ഹുഡിനുതാഴെ നിലവിലെ അതേ 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിന്‍, 1.3 ലിറ്റര്‍ ഡിഡിഐഎസ് ഡീസല്‍ എന്‍ജിന്‍ എന്നിവ തുടര്‍ന്നും ഉപയോഗിക്കും. എന്നാല്‍ ഡീസല്‍ എന്‍ജിന്‍ വേര്‍ഷനില്‍ സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ഫ്രം സുസുകി (എസ്എച്ച്‌വിഎസ്) സാങ്കേതികവിദ്യ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് കൂടാതെ പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ മാരുതി സുസുകിയുടെ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനായ എജിഎസ് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. നാല് മാന്വല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റുകളിലും മൂന്ന് എഎംടി വേരിയന്റുകളിലും കാര്‍ ലഭിക്കും.

Comments

comments

Categories: Auto