ധനക്കമ്മിയും റവന്യു കമ്മിയും കുറയ്ക്കാന്‍ നടപടികളുണ്ടാകും: തോമസ് ഐസക്

ധനക്കമ്മിയും റവന്യു കമ്മിയും കുറയ്ക്കാന്‍ നടപടികളുണ്ടാകും: തോമസ് ഐസക്

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന എല്ലാ ട്രഷറി നിയന്ത്രണങ്ങളും നീക്കി

തിരുവനന്തപുരം: ധനക്കമ്മിയും റവന്യ കമ്മിയും കുറയ്ക്കാന്‍ വേണ്ട നടപടികള്‍ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാരിന്റെ വരവും ചെലവും തമ്മില്‍ നിലവില്‍ വലിയ വ്യത്യാസമുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ബജറ്റില്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷനും ജിഎസ്ടിയില്‍ ലയിപ്പിക്കാനുള്ള കൗണ്‍സില്‍ നിര്‍ദ്ദേശത്തെ എന്ത് വിലകൊടുത്തും സംസ്ഥാനം എതിര്‍ക്കും. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വലിയ കുറവുണ്ടാക്കുന്ന തീരുമാനമായിരിക്കുമിതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി

പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ആര്‍ടിസിക്ക് 60 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു. പെന്‍ഷന്‍ കുടിശിക അഞ്ച് മാസമായതിനെ തുടര്‍ന്ന് 60 കോടി രൂപ അനുവദിക്കണമെന്ന് ധനകാര്യ വകുപ്പിനോട് കെഎസ്ആര്‍ടിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പുതിയ വണ്ടികള്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള വിവിധ കാര്യങ്ങള്‍ക്കായി ഇതുവരെ കെഎസ്ആര്‍ടിസിക്ക് 1565 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. . കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു പാക്കേജ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന എല്ലാ ട്രഷറി നിയന്ത്രണങ്ങളും നീക്കി. വകുപ്പുകളുടെയും മറ്റു ഏജന്‍സികളുടെയും അഞ്ചു കോടി വരെയുള്ള ബില്ലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വെയ്‌സ് ആന്‍ഡ് മീന്‍സ് നിയന്ത്രണം നീക്കിയിട്ടുണ്ട്. എന്നാല്‍ ട്രഷറിയില്‍ നിന്ന പണം മാറ്റി മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നതിന് അനുവാദം നല്‍കിയിട്ടില്ല. റബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ നല്‍കാനുള്ള 43 കോടി രൂപ അനുവദിച്ചു. റബര്‍ ബോര്‍ഡ് നല്‍കിയ 21 കോടിയുടെ ബില്ലുകളുടെ പണവും ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ക്രൂഡ് ഓയിലിന് വില ഗണ്യമായി കുറഞ്ഞിട്ടും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവുന്നില്ല. നികുതി നിരക്ക് കുറക്കാതെ പെട്രോളിയം കമ്പനികള്‍ക്ക് വില കൂട്ടാന്‍ അവസരമൊരുക്കുകയും ചെയ്തു. നികുതി നിരക്ക് കുട്ടുന്നത് സംസ്ഥാന സര്‍ക്കാരല്ല കേന്ദ്ര സര്‍ക്കാരാണെന്നും തോമസ് ഐസക് പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 16 രൂപ വരെ നികുതി കൂട്ടിയ ശേഷമാണ് നാലു രൂപ കുറച്ച്. സംസ്ഥാന നികുതി എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

Comments

comments