അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ എച്ച്‌യുഎല്ലിനെ മറികടക്കുമെന്ന് പതഞ്ജലി

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ എച്ച്‌യുഎല്ലിനെ മറികടക്കുമെന്ന് പതഞ്ജലി

നിലവില്‍ ഓഹരി വിപണിയില്‍ ലിസ്റ്റിംഗ് നടത്തുന്നത് കമ്പനി പരിഗണിക്കുന്നില്ല

ന്യൂഡെല്‍ഹി: ഉപഭോക്തൃ ഉല്‍പ്പന്ന വിപണനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവറിനെ അടുത്ത വര്‍ഷം പിന്തള്ളാനാകുമെന്ന് പതഞ്ജലി. 80 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എച്ച്‌യുഎല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ബാബാ രാംദേവ് സ്ഥാപിച്ച പതഞ്ജലിയുടെ 2017 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന 10,561 കോടി രൂപയാണ്. എച്ച്‌യുഎല്ലിന്റെ വില്‍പ്പന 34,487 കോടി രൂപയാണ്.

ശക്തമായ മത്സരമാണ് ഇരു കമ്പനികളും തമ്മില്‍ നടക്കുകയെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ‘പതഞ്ജലി അവരുടെ ആയുര്‍വേദ വിഭാഗത്തെ വിപുലീകരിക്കുകയും പോര്‍ട്ട്‌ഫോളിയോയിലേക്ക് പുതിയ സെഗ്മെന്റുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നത് വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സഹായിക്കും. ബ്രാന്‍ഡഡ് എഫ്എംസിജി മേഖലയിലുടനീളം ദശകങ്ങളോളമായി എച്ച്‌യുഎല്‍ തങ്ങളുടെ ബിസിനസ് ഉറപ്പിച്ചിട്ടുണ്ട്. മാത്രമല്ല ആയുര്‍വേദ ഉല്‍പ്പന്ന മേഖലയിലും എച്ച്‌യുഎല്‍ നിലവില്‍ സാന്നിധ്യം വ്യാപിപ്പിക്കാന്‍ നീക്കം നടത്തുകയാണ്. അതിനാല്‍ തന്നെ എച്ച്‌യുഎല്ലിനെ മറികടക്കുകയെന്നത് അത്ര എളുപ്പമായ കാര്യമല്ല’, ഈഡല്‍വൈസ് സെക്യൂരിറ്റീസ് വൈസ് പ്രസിഡന്റ് അബ്‌നീഷ് റോയ് പറഞ്ഞു.

50,000 കോടി രൂപയുടെ ശേഷി നിലവില്‍ പതഞ്ജലിക്കുണ്ടെന്നും കൂടുതല്‍ വ്യാപ്തി തങ്ങള്‍ നേടുമെന്നും കമ്പനി സ്ഥാപകനായ ബാബാ രാംദേവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എച്ച്‌യുഎല്‍ ബ്രാന്‍ഡുകളെ കളിയാക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ പിന്‍വലിക്കാമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച പതഞ്ജലി സമ്മതിച്ചിരുന്നു. എച്ച്‌യുഎല്ലിന്റെ സോപ്പ് ബ്രാന്‍ഡുകളായ ലൈഫ്‌ബോയ്, ഡവ്, ലക്‌സ്, പിയേഴ്‌സ് എന്നിവയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരസ്യം കഴിഞ്ഞ സെപ്റ്റംബറിലാണ് പതഞ്ജലി നല്‍കിയത്. തുടര്‍ന്ന് പരസ്യത്തിനെതിരെ എച്ച്‌യുഎല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

2012 സാമ്പത്തിക വര്‍ഷത്തിലെ 453 കോടി രൂപയില്‍ നിന്ന് 20 മടങ്ങ് കൂടുതല്‍ വില്‍പ്പന മൂല്യമാണ് നിലവില്‍ പതഞ്ജലി നേടിയിരിക്കുന്നത്. എന്നിരുന്നാലും നിലവില്‍ ഓഹരി വിപണിയില്‍ ലിസ്റ്റിംഗ് നടത്തുന്നത് കമ്പനി പരിഗണിക്കുന്നില്ല. ത്രൈമാസ സാമ്പത്തിക പ്രഖ്യാപനങ്ങള്‍ നടത്തി സമ്മര്‍ദത്തിലാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും രാം ദേവ് പറഞ്ഞു.

ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി എട്ട് ഇ കൊമേഴ്‌സ് കമ്പനികളുമായി പതഞ്ജലി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടിരുന്നു. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേടിഎംമാള്‍,ഗ്രോഫേഴ്‌സ് തുടങ്ങിയ കമ്പനികളുമായാണ് കരാര്‍ ഒപ്പിട്ടത്.

ഡിസംബറില്‍ 10 കോടി രൂപയുടെ ഓണ്‍ലൈന്‍ വില്‍പ്പനയാണ് പതഞ്ജലി നടത്തിയത്. ഓണ്‍ലൈന്‍ വിപണിയിലൂടെ ഈ വര്‍ഷം 1000 കോടി രൂപയുടെ വിറ്റുവരവാണു പതഞ്ജലി പ്രതീക്ഷിക്കുന്നത്. ദിവ്യ ജല്‍ എന്ന പേരില്‍ കുപ്പിവെള്ളം, വസ്ത്രം, ചെരിപ്പ് ഉല്‍പന്നങ്ങള്‍ എന്നിവയും പതഞ്ജലി സമീപഭാവിയില്‍ വിപണിയിലെത്തിക്കും. നിലവില്‍ 5000 സ്റ്റോറുകളാണ് പതഞ്ജലിക്കുള്ളത്. ഇതും വിപുലീകരിക്കും. നിലവിലെ പാദത്തില്‍ വിവിധ തലങ്ങളിലായി 20,000 പേരെ കമ്പനി നിയമിക്കും.

 

Comments

comments

Categories: Business & Economy