പ്രധാന്‍ മന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ 51 ലക്ഷത്തിലധികം വീടുകള്‍ നിര്‍മിക്കും

പ്രധാന്‍ മന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ 51 ലക്ഷത്തിലധികം വീടുകള്‍ നിര്‍മിക്കും

ന്യൂഡെല്‍ഹി: കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാന്‍ മന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ (പിഎംഎവൈ) പദ്ധതിക്കുകീഴില്‍ നടപ്പുസാമ്പത്തിക വര്‍ഷം 51 ലക്ഷത്തോളം സ്ഥിര ഭവനങ്ങള്‍ നിര്‍മിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്. 2019ലെ പൊതുതെരഞ്ഞെടുപ്പിനു മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇതില്‍ 30 ശതമാനത്തിലധികം വീടുകളും നിര്‍മിക്കുന്നത്.

പ്രധാന്‍ മന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ എട്ട് ലക്ഷം വീടുകളാണ് മധ്യപ്രദേശില്‍ നിര്‍മിക്കുന്നത്. 4.5 ലക്ഷം വീടുകള്‍ ചത്തീസ്ഗഢിലും നാല് ലക്ഷം വീടുകള്‍ രാജസ്ഥാനിലും നിര്‍മിക്കും. ബിജെപി പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്ന പശ്ചിമബംഗാളിലും ഒഡീഷയിലും യഥാക്രമം എട്ട് ലക്ഷം വീടുകളും ആറ് ലക്ഷം വീടുകളുമാണ് നിര്‍മിക്കുന്നത്. പദ്ധതിക്കുകീഴില്‍ ഈ വര്‍ഷം ഇതുവരെ 16.02 ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കാനായി 35-36 ലക്ഷം വീടുകളുടെ നിര്‍മാണ ചെലവിലേക്കുള്ള അവസാന ഗഡു വിതരണം ചെയ്തുകഴിഞ്ഞതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇതെല്ലാം കൂടെ 54 ലക്ഷം വീടുകളുടെ നിര്‍മാണം ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പഴയ ഇന്ദിര ആവാസ് യോജന പദ്ധതിക്കുകീഴില്‍ നിര്‍മിച്ച മൂന്ന് ലക്ഷം വീടുകള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. ഇന്ദിര ആവാസ് യോജനയുടെ പരിഷ്‌കരിച്ച പതിപ്പാണ് പ്രധാന്‍ മന്ത്രി ആവാസ് യോജന-ഗ്രാമീണ്‍. ഈ സാമ്പത്തിക വര്‍ഷം 54 ലക്ഷം ഭവനങ്ങള്‍ പൂര്‍ത്തിയാക്കാനായാല്‍ പദ്ധതിക്കുകീഴില്‍ ഏറ്റവും കൂടുതല്‍ ഭവനങ്ങളുടെ നിര്‍മാണം നടന്ന വര്‍ഷം കൂടിയായിരിക്കും ഇത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2016-2017) 32.24 ലക്ഷം വീടുകളുടെ നിര്‍മാണമാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. 2015-2016ല്‍ 18.24 ലക്ഷവും 2014-2015ല്‍ 11.89 ലക്ഷവും 2013-2014ല്‍ 10.49 ലക്ഷവും 2012-2013ല്‍ 10.47 ലക്ഷവും വീടുകള്‍ പൂര്‍ത്തീകരിച്ച സ്ഥാനത്താണിത്.

ദളിത്, ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുള്‍പ്പെടെ സമൂഹത്തില്‍ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. 2011ലെ സോഷ്യോ-ഇക്കണോമിക്-കാസ്റ്റ് സെന്‍സസ് ഡാറ്റ അനുസരിച്ച് ഇത്തരത്തില്‍ വീടില്ലാത്ത 2.95 കോടി കുടുംബങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. 2019 മാര്‍ച്ച് മാസത്തോടെ ഒരു കോടി കുടംബങ്ങള്‍ക്ക് വീട് വെക്കുന്നതിനുള്ള സഹായം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ബാക്കി 1.5 കോടി കുടുംബങ്ങള്‍ക്ക് 2022 ഓടെ വീട് നിര്‍മാണത്തിനുള്ള സഹായം നല്‍കും.

Comments

comments

Categories: Business & Economy

Related Articles