ശുചിത്വം ജീവിതചര്യയാക്കിയ ലക്ഷ്മിനാരായണനെ പരിചയപ്പെടാം

ശുചിത്വം ജീവിതചര്യയാക്കിയ ലക്ഷ്മിനാരായണനെ പരിചയപ്പെടാം

ചെന്നൈ: ഇന്ത്യയിലെ ഒട്ടുമിക്ക വന്‍നഗരങ്ങളിലെയും നിരത്തുകളിലൂടെ സഞ്ചരിച്ചാല്‍ പൊതുവായി കാണുവാന്‍ സാധിക്കുന്നൊരു കാഴ്ചയാണു മാലിന്യക്കൂമ്പാരം. നമ്മളുടെ കണ്ണിനു വെറുപ്പായ വസ്തു മാത്രമല്ല മാലിന്യം, പകരം അവ മാരകമായ രോഗങ്ങള്‍ സമ്മാനിക്കാന്‍ പ്രാപ്തമായ വിളനിലം കൂടിയാണ്.
ചെന്നൈയിലെ എംആര്‍സി നഗറിലുള്ള മേയര്‍ രാമനാഥന്‍ ഹാളിന്റെ ഹൗസ്‌കീപ്പിംഗ് വിഭാഗത്തില്‍ പത്തുവര്‍ഷമായി ജോലി ചെയ്യുകയാണു ജെ. ലക്ഷ്മി നാരായണന്‍. മൈലാപൂരിലെ വീരഭദ്രന്‍ സ്ട്രീറ്റിലാണ് ഇദ്ദേഹത്തിന്റെ താമസം. മാലിന്യങ്ങള്‍ ചെന്നൈ നഗരനിരത്തില്‍ അടിഞ്ഞു കൂടുന്നത് ലക്ഷ്മി നാരായണിനെ എന്നും അലട്ടിയിരുന്നു. ഇതാകട്ടെ അദ്ദേഹത്തെ സാമൂഹ്യപ്രവര്‍ത്തകനാക്കുകയും ചെയ്തു. ചെറുപ്രായം മുതല്‍ ലക്ഷ്മി നാരായണന്‍ പരിസര ശുചീകരണ പ്രവര്‍ത്തികളിലേര്‍പ്പെട്ടിരുന്ന വ്യക്തി കൂടിയാണ്. സമീപപ്രദേശത്ത് പക്ഷികളോ, മൃഗങ്ങളോ ചത്തു കിടന്നാല്‍ അവയെ മറവ് ചെയ്യാനും അവിടം ശുചിയാക്കുവാനും ഇദ്ദേഹം മുന്‍കൈയെടുത്തിരുന്നു. മാംബളം, കോയംബേടു തുടങ്ങിയ സ്ഥലങ്ങളില്‍ ട്രാഫിക് നിയന്ത്രിക്കുന്ന സേനാംഗങ്ങളെ സഹായിക്കാനും ലക്ഷ്മി നാരായണന്‍ സമയം കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ ഇഷ്ടപ്പെട്ടിരുന്ന ലക്ഷ്മി നാരായണനെ ഏറ്റവും അലട്ടിയിരുന്നത് മാലിന്യ പ്രശ്‌നം തന്നെയായിരുന്നു. ഒടുവില്‍ ഇതിനെതിരേ രംഗത്തുവരാന്‍ അദ്ദേഹം തീരുമാനിച്ചു.

‘ മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ആദ്യം നമ്മള്‍ തന്നെയാണ് മുന്‍കൈയ്യെടുക്കേണ്ടതെന്ന്’ ലക്ഷ്മി നാരായണന്‍ പറയുന്നു. ഒരു ദിവസം അദ്ദേഹം ഷവലെടുത്ത് നിരത്തുകള്‍ ശുചിയാക്കല്‍ ആരംഭിച്ചു. പരിസരം ശുചിയാക്കുകയെന്ന തന്റെ ഉദ്യമത്തെ കുറിച്ച് ജോലിസ്ഥലത്തുള്ള സഹപ്രവര്‍ത്തകരുമായി ലക്ഷ്മി നാരായണന്‍ വിശദീകരിച്ചപ്പോള്‍, അവിടെയുള്ളവരും ഇദ്ദേഹത്തോടൊപ്പം കൂടി. അങ്ങനെ ലീഡേഴ്‌സ് ഗ്രൂപ്പ് എന്ന കൂട്ടായ്മ രൂപമെടുത്തു. ക്ലീനിംഗ് ഉദ്യമത്തില്‍ ക്രമേണ അംഗങ്ങള്‍ വര്‍ധിച്ചു. 25-ാളം അംഗങ്ങളുമായി ലക്ഷ്മി നാരായണന്‍ വിവിധ സ്‌കൂളുകളുടെ പരിസരങ്ങള്‍ വൃത്തിയാക്കി. പിന്നീട് ഹോസ്റ്റലുകള്‍, പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലും അദ്ദേഹം ശുചീകരണം വ്യാപിപ്പിച്ചു. ഇവരുടെ സേവനം ആവശ്യപ്പെട്ടു പല സ്ഥലങ്ങളില്‍നിന്നും ഫോണ്‍ കോളുകള്‍ വന്നു തുടങ്ങി. ലക്ഷ്മി നാരായണന്‍ ഒരിക്കല്‍ പോലും ശുചീകരണ പ്രവര്‍ത്തികള്‍ക്ക് പണം വാങ്ങിയിട്ടില്ല. ക്ലീനിംഗിനായുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ സ്വന്തം കൈയ്യില്‍നിന്നും എടുത്ത് പണം വിനിയോഗിക്കേണ്ടിയും വന്നിട്ടുണ്ടെന്ന് ലക്ഷ്മി നാരായണന്‍ പറയുന്നു.മൈലാപൂര്‍ നിയോജകമണ്ഡലത്തിലെ ആര്‍. നടരാജന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. സ്വാമി വിവേകാനന്ദനെയും അബ്ദുള്‍ കലാമിനെയും മാതൃകയാക്കിയിട്ടുള്ള ലക്ഷ്മി നാരായണന്‍, തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാരില്‍നിന്നും അംഗീകാരവും പിന്തുണയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

Comments

comments

Categories: Life, Motivation