ഓഹരി വിപണിയില്‍ ചരിത്ര നേട്ടം, സെന്‍സെക്‌സ് 35,000 കടന്നു

ഓഹരി വിപണിയില്‍ ചരിത്ര നേട്ടം, സെന്‍സെക്‌സ് 35,000 കടന്നു

ടിസിഎസ്, ഇന്‍ഫോസിസ്,എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയുടെ ഓഹരികള്‍ 52 ആഴ്ചയിലെ ഉയരത്തിലെത്തി

മുംബൈ: നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ വര്‍ഷ ബജറ്റ് ഫെബ്രുവരി 1ന് അവതരിപ്പിക്കാനിരിക്കെ ബുധനാഴ്ച ഓഹരി വിപണിയില്‍ റെക്കോഡ് മുന്നേറ്റം. സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 35,081.82 എന്ന ഉയരത്തിലെത്തി. ഐടി സ്‌റ്റോക്കുകളിലുണ്ടായ ഉണര്‍വാണ് പ്രധാനമായും ഈ നേട്ടത്തെ സഹായിച്ചത്. ബാങ്കിംഗ് സ്‌റ്റോക്കുകള്‍ 300 പോയ്ന്റ് ഉയര്‍ന്ന് 26,302ലെത്തി. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന തലമാണിത്. നിഫ്റ്റി 10,788.55 എന്ന പോയ്ന്റിലേക്ക് ഉയര്‍ന്നു.

2018 സാമ്പത്തിക വര്‍ഷത്തിലെ അധിക വായ്പ 50,000 കോടി രൂപയില്‍ നിന്ന് 20,000 കോടി രൂപയായി വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തോടുള്ള നിക്ഷേപകരുടെ മനോഭാവമാണ് ഓഹരി വിപണികളില്‍ പ്രകടമായത്. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് രണ്ട് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അധിക വായ്പ സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ട 3.2 ശതമാനമെന്ന ധനക്കമ്മിയിലേക്ക് എത്തിച്ചേരുന്നതിന്് ഈ നടപടി സഹായകമാണെന്നാണ് വിലയിരുത്തല്‍.

ടിസിഎസ്, ഇന്‍ഫോസിസ്,എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയുടെ ഓഹരികള്‍ 52 ആഴ്ചയിലെ ഉയരത്തിലെത്തി. രൂപയുടെ മൂല്യമിടിഞ്ഞതും നടപ്പുവര്‍ഷത്തില്‍ ഐടിയില്‍ കൂടുതല്‍ ചെലവിടല്‍ നടക്കുമെന്നുള്ള മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ടുമാണ് ഐടി നിക്ഷേപകരുടെ മനോഭാവത്തെ അനുകൂലമാക്കിയത്. എസ്ബിഐ,ആക്‌സിക് ബാങ്ക്,അദാനി പോര്‍ട്‌സ് എന്നിവയാണ് സെന്‍സെക്‌സിലെ പ്രധാന നേട്ടക്കാര്‍, എച്ച്ഡിഎഫ്‌സി,ടാറ്റ മോട്ടോഴ്‌സ്,എസ്ബിഐ എന്നിവരാണ് ഓഹരികളുടെ അളവിന്റെ അടിസ്ഥാനത്തില്‍ മുന്നിലെത്തിയത്.

നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികയില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് (6.42 % ഉയര്‍ച്ച), പഞ്ചാബ് നാഷണല്‍ ബാങ്ക് (5.53 %), ബാങ്ക് ഓഫ് ഇന്ത്യ (5.07.%), ബാങ്ക് ഓഫ് ബറോഡ് (5.00%), ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് (4.82%),കാനറ ബാങ്ക് (4.12%), അലഹബാദ് ബാങ്ക് (4.07 %), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (3.36%), ആന്ധ്രാ ബാങ്ക് (3.08%)യൂണിന്‍ ബാങ്ക് ഓഫ് ഇന്ത്യ (3.08%),ഐഡിബിഐ ബാങ്ക് ലിമിറ്റഡ് (1.85%),എന്നിവയാണ് നേട്ടം കൊയ്തത്.
മെറ്റല്‍ മൈനിംഗ് ഓഹരികളില്‍ എംഒഐഎല്‍ (2.17 %), വേദാന്ത (1.53 %),ഹിന്താല്‍കോ ഇന്‍ഡസ്ട്രീസ് (1.52%), സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (1.33 %), എന്നിവ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി.

 

Comments

comments