സിറ്റി ഗ്രൂപ്പിന് 18.3 ബില്യണ്‍ ഡോളര്‍ നഷ്ടം

സിറ്റി ഗ്രൂപ്പിന് 18.3  ബില്യണ്‍ ഡോളര്‍ നഷ്ടം

2008 ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം സിറ്റി ഗ്രൂപ്പിന്റെ ബാലന്‍സ് ഷീറ്റില്‍ കാര്യമായ ബാധ്യത രേഖപ്പെടുത്തിയിരുന്നു

ന്യൂഡെല്‍ഹി: അമേരിക്കന്‍ ബഹുരാഷ്ട്ര നിക്ഷേപ സ്ഥാപനമായ സിറ്റി ഗ്രൂപ്പിന് 18.3 ബില്യണ്‍ ഡോളറിന്റെ അറ്റനഷ്ടം. പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കിയതു മൂലം 20 ബില്യണ്‍ ഡോളര്‍ എഴുതിത്തള്ളേണ്ടിവന്നതാണ് സിറ്റി ഗ്രൂപ്പിന് തിരിച്ചടിയായത്.

അമേരിക്കന്‍ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ പ്രതി ഓഹരി 7.15 ഡോളറിന്റെ നഷ്ടമാണ് സിറ്റി ഗ്രൂപ്പിന് നേരിടേണ്ടിവന്നിരിക്കുന്നത്. മുന്‍ ധനകാര്യ വര്‍ഷം സമാന കാലയളവില്‍ 3.57 ബില്യണ്‍ ഡോളറിന്റ ലാഭം സിറ്റി ഗ്രൂപ്പ് നേടിയിരുന്നു. ഒരു ഓഹരിക്ക് 1.14 ഡോളര്‍ അത്തവണ അവര്‍ക്ക് ലാഭം ലഭിച്ചു. കമ്പനിയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തേയും വലിയ നഷ്ടമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം, ബോണ്ട്, നാണയവിനിമയം എന്നിവയില്‍ നിന്നുള്ള വരുമാനം കുറഞ്ഞിട്ടും സിറ്റി ഗ്രൂപ്പിന് നാല് ശതമാനം വരുമാന വര്‍ധന ലഭിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.2008 ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം മറ്റ് ബാങ്കുകളെ പോലെ സിറ്റി ഗ്രൂപ്പിന്റെ ബാലന്‍സ് ഷീറ്റിലും കാര്യമായ ബാധ്യത രേഖപ്പെടുത്തിയിരുന്നു. ഭാവിയിലെ വരുമാന നികുതി അടയ്ക്കുന്നതിന്് നീക്കിവെച്ച ബില്യണ്‍ കണക്കിന് ഡോളറാണ് ബാലന്‍സ് ഷീറ്റിനെ പ്രതിസന്ധിയില്‍പ്പെടുത്തിയത്.

വാള്‍സ്ട്രീറ്റ് ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തികളും ബാധ്യതകളും മൂലം വന്‍ നഷ്ടം നേരിടാന്‍ തുടങ്ങിയതോടെയാണ് ടാക്‌സ് നീക്കിയിരുപ്പുകള്‍ ഉയര്‍ത്തിയത്. എന്നാല്‍ അമേരിക്കന്‍ ഭരണകൂടം കോര്‍പ്പറേറ്റ് നികുതി 21 ശതമാനമായി കുറച്ചതോടെ നീക്കിവെച്ച തുകയില്‍ വലിയൊരു പങ്കും എഴുതിത്തള്ളേണ്ടിവന്നു. സിറ്റി ഗ്രൂപ്പ് ഇത്തരത്തില്‍ 19 ബില്യണ്‍ ഡോളര്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ എഴുതിത്തള്ളിയെന്നാണ് വിവരം. സിറ്റി ഗ്രൂപ്പിന്റെ ബാലന്‍സ് ഷീറ്റില്‍ നികുതിക്കായുള്ള നീക്കിയിരുപ്പ് വകയില്‍ 23 ബില്യണ്‍ ഡോളര്‍ അവശേഷിക്കുന്നതായും കണക്കാക്കപ്പെടുന്നു.

Comments

comments

Categories: Business & Economy