എങ്കിടി വെള്ളിടിയായി! പേസിന് മുന്നില്‍ തകര്‍ന്ന് ഇന്ത്യന്‍ ബാറ്റിംഗ് നിര; രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് 151 റണ്‍ വിജയം

എങ്കിടി വെള്ളിടിയായി! പേസിന് മുന്നില്‍ തകര്‍ന്ന് ഇന്ത്യന്‍ ബാറ്റിംഗ് നിര; രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് 151 റണ്‍ വിജയം

സെഞ്ചൂറിയന്‍ : അരങ്ങേറ്റ താരം ലുങ്കി എങ്കിടിയുടെ വേഗപ്പന്തുക്കള്‍ക്ക് മറുപടിയില്ലാതെ ഇന്ത്യ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു. 287 റണ്‍സിന്റെ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യ 151 റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്കക്ക് രണ്ടാം ടെസ്റ്റില്‍ 135 റണ്‍ വിജയം. അവസാന ദിവസം 7 വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 250 റണ്‍സ് കൂടി വേണമായിരുന്നു. നിലയുറപ്പിച്ചെന്ന് തോന്നിച്ച ചേതേശ്വര്‍ പൂജാര 19 റണ്‍സുമായി റണ്ണൗട്ടായത് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേല്‍പിച്ചു. ആദ്യ ഇന്നിംഗ്‌സിലും റണ്ണൗട്ടായ പൂജാര ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും റണ്ണൗട്ടാകുന്ന ആദ്യ ഇന്ത്യക്കാരെന്ന നാണക്കേടും സ്വന്തം പേരിലാക്കി. പിന്നാലെ 19 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിനെ കംഗീസോ റബാഡ മടക്കിയതോടെ സ്‌കോര്‍ 5 ന് 65. ഇതിനു ശേഷമായിരുന്നു ലുങ്കി എങ്കിടിയുടെ കശാപ്പ്. 6 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും 3 റണ്‍സെടുത്ത അശ്വിനും എങ്കിടിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡി കോക്ക് പിടിച്ചു പുറത്തായി. 87 ന് 7 എന്ന നിലയില്‍ പരാജയം മുന്നില്‍ കണ്ട ഇന്ത്യക്ക് അല്‍പം ആശ്വാസം നല്‍കി രോഹിത് ശര്‍മയും മുഹമ്മദ് ഷമിയും ആഞ്ഞടിച്ചു. എട്ടാം വിക്കറ്റില്‍ ഇരുവരും 54 റണ്‍സ് ചേര്‍ത്തു. 47 റണ്‍സെടുത്ത രോഹിത് ശര്‍മയെ റബാഡയുടെ പന്തില്‍ അവിശ്വസനീയ ക്യാച്ചിലൂടെ എ ബി ഡിവില്ലിയേഴ്‌സ് പുറത്താക്കിയതോടെ ഇന്ത്യയുടെ പ്രതീക്ഷകളും അസ്തമിച്ചു. 24 പന്തില്‍ 28 റണ്‍സെടുത്ത ഷമിയുടേതടക്കം ശേഷിച്ച 2 വിക്കറ്റുകള്‍ കൂടി വീഴ്ത്തി എങ്കിടി വിജയം പൂര്‍ണമാക്കി. ടെസ്റ്റ് അരങ്ങേറ്റത്തില്‍ 5 വിക്കറ്റ് ഏഴാമത്തെ ദക്ഷിണാഫ്രിക്കക്കാരനെന്ന റെക്കോഡും 21 കാരനായ താരത്തിന് സ്വന്തമായി. ഏങ്കിടി തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്

സ്‌കോര്‍ ദക്ഷിണാഫ്രിക്ക 335, 307
ഇന്ത്യ 258, 151

 

Comments

comments

Categories: FK News, Sports