സോണിയയുടെ വഴിയേ രാഹുല്‍ സഞ്ചരിക്കരുത്

സോണിയയുടെ വഴിയേ  രാഹുല്‍ സഞ്ചരിക്കരുത്

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇപ്പോള്‍ രാഹുല്‍ ഗാന്ധി അടിവരയിടുന്ന ഈ ലക്ഷ്യങ്ങള്‍, 2014ലെ വന്‍വീഴ്ചയ്ക്കടക്കം കാരണമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍കാല നയങ്ങളില്‍ നിന്നുള്ള ഒരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്

അടുത്തിടെ ബഹ്‌റൈനില്‍ നടന്ന എന്‍ആര്‍ഐ കണ്‍വെന്‍ഷനില്‍ പറഞ്ഞതു പ്രകാരം തൊഴില്‍ സൃഷ്ടിക്കുക, വിദ്യാഭ്യാസ സംവിധാനം നവീകരിക്കുക, ആഗോള ഹെല്‍ത്ത്‌കെയര്‍ ഹബ്ബാക്കി ഇന്ത്യയെ മാറ്റുക എന്നിങ്ങനെ മൂന്ന് ലക്ഷ്യങ്ങളാണ് ‘ പുതിയ, തിളങ്ങുന്ന’കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധി വിഭാവനം ചെയ്തിരിക്കുന്നത്. കപ്പിനും ചുണ്ടിനുമിടയിലുള്ള വഴുതിപ്പോക്കുകള്‍ ഏറെയുണ്ടായിരുന്നുവെന്നതിനാല്‍ തന്നെ, ഈ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുന്ന ഒരു സ്ഥാനത്ത് എത്തിച്ചേരാമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ സഫലമാകുമോ എന്നതില്‍ അഭിപ്രായം പറയുന്നത് വളരെ നേരത്തെയായിപ്പോകും. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇപ്പോള്‍ രാഹുല്‍ ഗാന്ധി അടിവരയിടുന്ന ഈ ലക്ഷ്യങ്ങള്‍, 2014ലെ വന്‍വീഴ്ചയ്ക്കടക്കം കാരണമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍കാല നയങ്ങളില്‍ നിന്നുള്ള ഒരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലെ ഇടതുചായ്‌വുള്ള നാഷണല്‍ അഡൈ്വസറി കൗണ്‍സിലി(എന്‍എസി)ന്റെ സൃഷ്ടിയായ ആ നയങ്ങളുടെ അടിസ്ഥാനം സാധാരണക്കാരന്റെ ആശങ്കകള്‍ക്കുള്ള പിന്തുണയായിരുന്നു. സാമ്പത്തിക അച്ചടക്കത്തിനും 1991ല്‍ അവതരപ്പിച്ച് 2004ലെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ വരെ തുടര്‍ന്നു പോന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കും അല്‍പം പരിഗണന മാത്രമേ ഇവര്‍ നല്‍കിയുള്ളു. പ്രതിവര്‍ഷം 1.25 ലക്ഷം കോടി രൂപ മുടക്കി ജനസംഖ്യയുടെ 67 ശതമാനത്തിന് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള സോണിയ ഗാന്ധിയുടെ ഇഷ്ട പദ്ധതിയായ ഭക്ഷ്യ സുരക്ഷയോളം സാമ്പത്തിക അച്ചടക്കമില്ലായ്മക്ക് മികച്ച മറ്റൊരു ഉദാഹരണമില്ല. പാവപ്പെട്ടവരെ ലക്ഷ്യംവച്ചുകൊണ്ടുള്ള ഗ്രാമീണ തൊഴില്‍ പദ്ധതി ഉള്‍പ്പെടെ ധൂര്‍ത്ത് നിറഞ്ഞ സംരംഭങ്ങള്‍ വേറെയുമുണ്ടായിരുന്നു.

എന്നാല്‍ ഇവയൊന്നും കോണ്‍ഗ്രസിനെ സഹായിച്ചില്ല. പകരം, പ്രലോഭിപ്പിക്കുന്ന ദാനങ്ങളില്‍ നിന്നും വെറുതെ കൊടുക്കുന്ന ആനുകൂല്യങ്ങളില്‍ നിന്നും മാറി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത തൊഴില്‍ സാധ്യതകളിലേക്ക് വോട്ടര്‍മാര്‍ തിരിഞ്ഞു. ഭരണകൂടം നല്‍കുന്ന സബ്‌സിഡികളുടെ കാലം അവസാനിച്ചു. കൂട്ടിലിട്ട ഭരണകൂടത്തിന്റെ കാലം കഴിഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് ഇത് മനസിലായെങ്കില്‍ നല്ലത്. തൊഴില്‍ സൃഷ്ടിക്കുന്നതിനുള്‍പ്പെടെ പ്രാധാന്യം നല്‍കുന്നത് ഈ മാറ്റത്തിന്റെ ഭാഗമായി കാണാം. സോണിയയുടെ സോഷ്യലിസ്റ്റിക്കായ സമീപനത്തില്‍ നിന്നും (ഇന്ധിര ഗാന്ധിയില്‍ നിന്നു പഠിച്ചത്) സ്വകാര്യ ബിസിനസുകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന രീതിയിലേക്കുള്ള മാറ്റം വളര്‍ച്ച അഭിവൃദ്ധിപ്പെടുത്തും. ക്ഷേമ പ്രവര്‍ത്തനങ്ങളേക്കാള്‍ സാമ്പത്തിക വികസനത്തില്‍ ശ്രദ്ധിച്ച മന്‍മോഹന്‍ സിംഗിനെതിരെ മുറവിളി കൂട്ടിയ എന്‍എസിയുടെ അരുണ റോയ്‌യെ പോലുള്ളവര്‍ വളര്‍ച്ചാ അഭിവൃദ്ധിയെന്നതിനെ മോശം വാക്കായിട്ടായിരുന്നു കണ്ടിരുന്നത്.

മുതലാളിത്തത്തിനു മാത്രമേ പ്രയോജനപ്പെടുകയുള്ളുവെന്നു വിശ്വസിക്കുന്നതിനാല്‍ തന്നെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് എപ്പോഴും അസ്വസ്ഥതയുളവാക്കുന്നതാണ്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള ”സ്യൂട്ട് ബൂട്ട് കി സര്‍ക്കാര്‍” എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം ഈ ചിന്താഗതിയുടെ പ്രതിഫലനമാണ്. എന്നിരുന്നാലും തൊഴിലില്ലായ്മ കുറയ്ക്കാന്‍ രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമുണ്ടെങ്കില്‍, നിക്ഷേപ ഓഹരികള്‍ വര്‍ധിപ്പിക്കാന്‍ സ്വകാര്യ മേഖലയുടെ പിന്തുണ തേടുകയല്ലാതെ മറ്റു മാര്‍ഗമില്ല

അവരെപ്പോലുള്ള ക്രിപ്‌റ്റോ കമ്യൂണിസ്റ്റുകളുടെ (കമ്യൂണിസത്തെ രഹസ്യമായി പിന്തുണയ്ക്കുന്നവര്‍) എതിര്‍പ്പാണ്, പരിഷ്‌കരണ നടപടികളില്‍ നിന്ന് പിന്നോട്ട് പോകാന്‍ അന്നത്തെ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്, മുന്‍ ധനമന്ത്രി പി ചിദംബരം പില്‍ക്കാലത്ത് പശ്ചാത്തപിച്ചതുപോലെ. ആ തെറ്റിന് കോണ്‍ഗ്രസ് രാഷ്ട്രീയമായി ഇന്ന് വിലനല്‍കിക്കൊണ്ടിരിക്കുകയാണ്.

ഈ പിഴവ് തിരുത്തുക എന്നതാണ് അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധിക്ക് ചെയ്യാനുള്ളത്. അദ്ദേഹത്തിന്റെ അമ്മ മാത്രമല്ല പാര്‍ട്ടിയിലെ ഏക ‘സോഷ്യലിസ്റ്റ്’ എന്നതിനാല്‍ തന്നെ അതത്ര എളുപ്പമുള്ള കാര്യമല്ല. മുതലാളിത്തത്തിനു മാത്രമേ പ്രയോജനപ്പെടുകയുള്ളുവെന്നു വിശ്വസിക്കുന്നതിനാല്‍ തന്നെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് എപ്പോഴും അസ്വസ്ഥതയുളവാക്കുന്നതാണ്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള ”സ്യൂട്ട് ബൂട്ട് കി സര്‍ക്കാര്‍” എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം ഈ ചിന്താഗതിയുടെ പ്രതിഫലനമാണ്.

എന്നിരുന്നാലും തൊഴിലില്ലായ്മ കുറയ്ക്കാന്‍ രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമുണ്ടെങ്കില്‍, നിക്ഷേപ ഓഹരികള്‍ വര്‍ധിപ്പിക്കാന്‍ സ്വകാര്യ മേഖലയുടെ പിന്തുണ തേടുകയല്ലാതെ മറ്റു മാര്‍ഗമില്ല. വിദേശ നിക്ഷേപത്തിനും അദ്ദേഹം പ്രോല്‍സാഹനം നല്‍കണം. ഇപ്പോഴത്തേതുപോലെ സാമ്പത്തിക കാഴ്ചപ്പാടുകളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇതിനു മുന്‍പൊരിക്കലും മുന്നോട്ട് വന്നിട്ടില്ല. തന്റെ വംശീയ പാരമ്പര്യത്തെക്കുറിച്ചും കോണ്‍ഗ്രസിന്റെ സാങ്കല്‍പ്പിക മുസ്ലീം അനുകൂല ചായ്‌വിനുമെതിരേയുള്ള ബിജെപിയുടെ പ്രചരണത്തെ ചെറുക്കുന്ന ജോലിയിലായിരുന്നു രാഹുല്‍ ഇതുവരെ മുഴുകിയതെന്നു കണക്കിലെടുക്കുമ്പോള്‍.

വ്യാവസായിക അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബിജെപിയുടെ വിപണി അനുകൂല സമീപനത്തെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരാവും എന്നതാകാം ഒരുപക്ഷേ തന്റെ സാമ്പത്തിക ചിന്തകളെ സ്പഷ്ടമായി പറയുന്നതില്‍ നിന്നും അദ്ദേഹത്തെ പിന്നോട്ടടിക്കുന്ന കാരണങ്ങളില്‍ ഒന്ന്.

പൊതു മേഖലയ്ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ഒരു നിയന്ത്രിത സമ്പദ് വ്യവസ്ഥ എന്നതില്‍ നിന്നും ഇന്ന് മിക്ക പാര്‍ട്ടികളും മാറിച്ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് സ്വകാര്യ മേഖല പ്രധാന പങ്കുവഹിക്കുന്ന തുറന്ന വിപണിക്ക് പ്രാധാന്യം നല്‍കുന്ന നിലയിലേക്ക് മാറി.
സമ്പദ് വ്യവസ്ഥയെകുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത് വളരെ കുറച്ച് മാത്രമായിക്കൊള്ളട്ടെ, വന്‍കിട കമ്പനികളേക്കാള്‍ അദ്ദേഹം മുന്‍ഗണന നല്‍കേണ്ടത് ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്കാവണം. കാരണം, റോബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളാല്‍ യന്ത്രവല്‍ക്കൃതമായ വന്‍കിട ഫാക്റ്ററികളേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് സാധിക്കും.
സോഷ്യലിസ്റ്റ് സാമൂഹിക ക്രമമെന്ന 1955ലെ ഉറപ്പില്‍ നിന്നും കോണ്‍ഗ്രസിനെ ഗതിമാറ്റി കൊണ്ടുപോകുന്നിടത്തോളം കാലം, വ്യവസായങ്ങള്‍ക്കുവേണ്ടിയുള്ള ഡാമുകളാണ് ഇന്ത്യയുടെ പുതിയ ക്ഷേത്രങ്ങളെന്നു പറഞ്ഞ ജവഹര്‍ലാല്‍ നെഹ്രുവിന്റെ വികസിത രാജ്യ വീക്ഷണത്തിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശിയായി മാറും രാഹുല്‍.

ബിജെപിയെ കേന്ദ്ര ഭരണത്തിന്റെ ഔന്നത്യത്തിലേക്കു നയിച്ച കോണ്‍ഗ്രസിന്റെ രണ്ടു പ്രധാന തെറ്റുകള്‍ ഉന്മൂലനം ചെയ്യാനുള്ള അവസരം വരും മാസങ്ങളില്‍ നെഹ്രുവിന്റെ കൊച്ചുമകനു ലഭിക്കും. കോണ്‍ഗ്രസിനെതിരെയുള്ള ബിജെപിയുടെ മുസ്ലീം പ്രീണന ആരോപണം സാധൂകരിച്ച 1980കളിലെ ഷാ ബാനു കേസാണ് ഇതില്‍ ആദ്യത്തേത്. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ അവസാന രണ്ടു വര്‍ഷങ്ങളില്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ തടഞ്ഞു നിര്‍ത്തിയതാണ് രണ്ടാമത്തെ തെറ്റ്. 2014ല്‍ മോദിയുടെ വിജയ സാധ്യത ഉയര്‍ത്തിയ കാര്യമാണിത്.
ഹിന്ദുത്വത്തെ സംബന്ധിച്ച് ബിജെപിയുടെ കുത്തകാവകാശവാദം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിനോടൊപ്പം, സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കുള്ള കോണ്‍ഗ്രസിന്റെ പ്രതിബദ്ധതയെ വീണ്ടും തറപ്പിച്ചു പറയുന്നതിലൂടെ 2004-06 ലും 2010 -12 കാലയളവിലും രാജ്യത്തെ ദാരിദ്ര്യ നിരക്ക് ഏറ്റവും വേഗത്തില്‍ കുറഞ്ഞുകൊണ്ടിരുന്ന സമയത്ത് കോണ്‍ഗ്രസ് ബുദ്ധിശൂന്യമായി കൈവിട്ടുകളഞ്ഞ ചില മാതൃകകളും രാഹുല്‍ ഏറ്റെടുക്കേണ്ടതുണ്ട്.

(രാഷ്ട്രീയ വിശകലന വിദഗ്ധനാണ് ലേഖകന്‍)
കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK News, Slider