പാന്റലൂണ്‍സ് ഫാഷന്‍ റീട്ടെയ്‌ലിന് ആദ്യ വനിതാ സിഇഒ

പാന്റലൂണ്‍സ് ഫാഷന്‍ റീട്ടെയ്‌ലിന് ആദ്യ വനിതാ സിഇഒ

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ 160 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഒരു വനിതയെ സ്ഥാപന മേധാവിയായി നിയോഗിക്കുന്നത്

മുംബൈ: പ്രമുഖ ഫാഷന്‍ റീട്ടെയ്ല്‍ കമ്പനിയായ പാന്റലൂണ്‍സിന്റെ ആദ്യ വനിതാ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസ(സിഇഒ)റായി സംഗീത പെന്‍ഡുര്‍ക്കറിനെ നിയമിച്ചു. കെല്ലോഗ് ഇന്ത്യയുടെ മുന്‍ മാനേജിംഗ് ഡയറക്റ്ററായിരുന്നു അവര്‍. ശീതള്‍ മെഹ്ത കമ്പനി വിട്ട ഒഴിവിലാണ് സംഗീതയുടെ നിയമനം.

41 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ 160 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഒരു വനിതയെ സ്ഥാപന മേധാവിയായി നിയോഗിക്കുന്നത്. ബഹുരാഷ്ട്ര ഭക്ഷ്യ ഉല്‍പ്പാദന കമ്പനിയായ കെല്ലോഗിന്റെ ഇന്ത്യ, സൗത്ത് ഏഷ്യ വിഭാഗം മാനേജിംഗ് ഡയറക്റ്റര്‍ പദവി ഇക്കഴിഞ്ഞ ജൂണില്‍ സംഗീത ഉപേക്ഷിച്ചിരുന്നു. കൊക്ക കോള ഇന്ത്യയുടേയും എച്ച്എസ്ബിസി ബാങ്കിന്റേയും ഉന്നത മാനേജ്‌മെന്റ് പദവികളും സംഗീത കൈയാളിയിട്ടുണ്ട്. പാക്ക്ഡ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ബീവറേജസ്, സാമ്പത്തിക സേവനങ്ങള്‍, പേഴ്‌സണല്‍ ഉല്‍പ്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ ബിസിനസുകള്‍ അടക്കമുള്ളവയില്‍ മാര്‍ക്കറ്റിംഗ്, വിപണനം, ജനറല്‍ മാനേജ്‌മെന്റ് വിഭാഗങ്ങളില്‍ മൂന്ന് പതിറ്റാണ്ടിന്റെ പരിചയ സമ്പത്തുണ്ട് സംഗീത പെന്‍ഡുര്‍ക്കറിന്.

ഫാഷന്‍ വസ്ത്ര രംഗത്ത് വന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്ന ഇ- കൊമേഴ്‌സ് കമ്പനികളും അന്താരാഷ്ട്ര റീട്ടെയ്‌ലര്‍മാരായ സ്വീഡിഷ് കമ്പനി എച്ച് ആന്‍ഡ് എം പോലുള്ളവയും തിങ്ങിനിറഞ്ഞ സമയത്താണ് സംഗീതയുടെ സ്ഥാനലബ്ധി. അതിനാല്‍ കടുത്ത വെല്ലുവിൡളെ അവര്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി പാന്റലൂണ്‍സ് ബ്രാന്‍ഡ് വിപണിയില്‍ വേണ്ട രീതിയില്‍ ദൃശ്യമല്ലെന്ന് കമ്പനിയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ കമ്പനിയുടെ ബ്രാന്‍ഡും തന്ത്രവും പുനര്‍നിര്‍മിക്കുകയാവും സംഗീതയുടെ പ്രധാന ദൗത്യം.

Comments

comments

Categories: Business & Economy, Women