പദ്മാവത് സിനിമക്ക് സംസ്ഥാനങ്ങളേര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

പദ്മാവത് സിനിമക്ക് സംസ്ഥാനങ്ങളേര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡെല്‍ഹി : സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ബോളിവുഡ് സിനിമ പദ്മാവതിന് ഗുജറാത്തും മധ്യപ്രദേശും രാജസ്ഥാനും ഹരിയാനയും അടക്കമുള്ള സംസ്്ഥാനങ്ങളേര്‍പ്പെടുത്തിയ പ്രദര്‍ശന നിരോധനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസര്‍മാര്‍ സുപ്രീം കോടതിയെ സമീപിച്ചു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭമായ വിയാകോം 18 ആണ് സിനിമയുടെ പ്രൊഡ്യൂസര്‍മാര്‍. കേസ് വ്യാഴാഴ്ച കോടതി പരിഗണിച്ചേക്കും. രജപുത്ര സംഘടനയായ കര്‍ണി സേനയുടെ ശക്തമായ എതിര്‍പ്പിന്‍െ പശ്ചാത്തലത്തിലാണ് സിനിമക്ക് വിവിധ സംസ്ഥാനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ പ്രദര്‍ശനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ റിപ്പബ്ലിക് ദിനാഘോഷം കരിദിനമാക്കുമെന്നാണ് കര്‍ണി സേനയുടെ ഭീഷണി. ജനുവരി 22 മുതല്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സംഘടിച്ച് വന്‍ പ്രതിഷേധം നടത്താനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. വീരാംഗനയായ ചിറ്റോര്‍ റാണി പദ്മാവതിയെ അക്രമിയായ മുഗള്‍ ചക്രവര്‍ത്തി അലാവുദ്ദീന്‍ ഖില്‍ജിയുടെ കാമുകിയായി ചിത്രീകരിച്ചെന്നാണ് കര്‍ണി സേനയുടെ ആരോപണം. അതേസമയം സിനിമയില്‍ രജപുത്ര വീര്യത്തെയും ധൈര്യത്തെയും പ്രകീര്‍ത്തിക്കുന്ന രംഗങ്ങളാണുള്ളതെന്നും പുറത്ത് പ്രചരിക്കുന്നതു പോലെ രംഗങ്ങളില്ലെന്നും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി വ്യക്തമാക്കുന്നു.

Comments

comments

Categories: FK News, Movies, Politics