ടെലികോം രംഗത്ത് കൂട്ടപ്പിരിച്ചുവിടല്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

ടെലികോം രംഗത്ത് കൂട്ടപ്പിരിച്ചുവിടല്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

2017 മുതല്‍ ഏതാണ്ട് 40,000 പേര്‍ ടെലികോം രംഗത്തു നിന്ന് പിരിച്ചുവിടപ്പെട്ടിട്ടുണ്ട്

മുംബൈ: അസ്ഥിരതയില്‍പ്പെട്ട ഇന്ത്യന്‍ ടെലികോം മേഖലയില്‍ അടുത്ത ആറ് മുതല്‍ ഒന്‍പത് മാസത്തേക്ക് 80,000 -90,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് സിഐഇഎല്‍ എച്ച്ആര്‍ റിപ്പോര്‍ട്ട്.

കടുത്ത കിടമത്സരവും താഴ്ന്ന നിരക്കുകളും കാരണം ലാഭസാധ്യത പരുങ്ങലിലായ പശ്ചാത്തലത്തില്‍ ജീവനക്കാരെ വലിയ തോതില്‍ പിരിച്ചുവിടുന്ന പ്രതിഭാസത്തിനാണ് ടെലികോം രംഗം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നതെന്ന് സിഐഇഎല്‍ എച്ച്ആര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ടെലികോം കമ്പനികളും അവയുടെ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ സേവനദാതാക്കളും അടക്കം 65 സ്ഥാപനങ്ങളിലെ 100 മുതിര്‍ന്ന- ഇടത്തരം ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

2017 മുതല്‍ ഏതാണ്ട് 40,000 പേര്‍ ടെലികോം രംഗത്തു നിന്ന് പിരിച്ചുവിടപ്പെട്ടിട്ടുണ്ട്. അടുത്ത ആറ് മുതല്‍ ഒന്‍പത് മാസം വരെ ഈ പ്രവണത തുടരും. ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് നിഗമനം.

ഉയര്‍ന്ന വായ്പ ചെലവ്, വിപണി വിഹിതത്തിനുള്ള കിടമത്സരം, ലയനങ്ങളെ സംബന്ധിച്ച അനിശ്ചിതത്വം എന്നിവ നിക്ഷേപങ്ങള്‍ക്ക് പ്രതിബന്ധനം തീര്‍ക്കുന്നതാണ് പിരിച്ചുവിടലിലേക്ക് നയിക്കുന്നതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തി. ടെലികോം മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ട 25 ശതമാനത്തിലധികം പേര്‍ മറ്റ് മേഖലകളില്‍ ജോലികളൊന്നും ഉറപ്പാക്കാത്തവരാണ്. എന്നാല്‍ 69 ശതമാനത്തിലധികം ആളുകള്‍ മറ്റ് മേഖലകളില്‍ തൊഴില്‍ ലഭ്യമാകുമെന്ന് ഉറപ്പുള്ളവരാണ്. ടെലികോം രംഗത്തെ ശമ്പള വര്‍ധന മറ്റു മേഖലകളുമായി തട്ടിക്കുമ്പോള്‍ നിശ്ചലാവസ്ഥയിലാണ്. 69 ശതമാനം പേര്‍ക്ക് ഏഴു ശതമാനം വാര്‍ഷിക ശമ്പള വര്‍ധന ലഭിച്ചിട്ടുണ്ട്. മേഖലയിലെ മൂന്നിലൊന്നു പേര്‍ക്കും അഞ്ചു ശതമാനത്തിന് താഴെ മാത്രമേ ശമ്പള വര്‍ധന ലഭിച്ചിട്ടുള്ളൂവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

കുറഞ്ഞത് വരുന്ന രണ്ടോ മൂന്നോ പാദങ്ങളില്‍ കൊഴിഞ്ഞുപോക്ക് ഇതേ നിലയില്‍ തുടരാനാണ് സാധ്യത. 80000-90000 പേര്‍ തൊഴില്‍രഹിതരാവാം- സിഐഇഎല്‍ എച്ച് ആര്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ആദിത്യ നാരായണ്‍ മിശ്ര പറഞ്ഞു. കമ്പനികളുടെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് കരിയര്‍ അനിശ്ചിതാവസ്ഥയിലായതില്‍ ജീവനക്കാര്‍ ആശങ്കാകുലരാണ്. ഇത് ഊഹാപോഹങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുന്നു. കൊഴിഞ്ഞുപോക്ക് തുടരുകയാണെങ്കില്‍ ടെലികോം രംഗത്ത് പുതിയ നിയമനങ്ങളുണ്ടാകുമെന്നും കാംപസുകളില്‍ നിന്നും ഫ്രഷേഴ്‌സിനെ ആയിരിക്കും കമ്പനികള്‍ തെരഞ്ഞെടുക്കുകയെന്നും മിശ്ര പറഞ്ഞു.

Comments

comments

Categories: Business & Economy