നിര്‍ണായക മേഖലകളില്‍ ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ കര്‍ണാടക

നിര്‍ണായക മേഖലകളില്‍ ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ കര്‍ണാടക

ബിറ്റ്‌കോയ്ന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പിന്നിലുള്ള സാങ്കേതികവിദ്യയെ ഇ-ഗവേണന്‍സിന് ഉപയോഗപ്പെടുത്താവുന്നതിന്റെ സാധ്യതകളാണ് കര്‍ണാടക പരിശോധിക്കുന്നത്

ബെംഗളൂരു: ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍. ഭരണനിര്‍വഹണത്തിന്റെ ഭാഗമായ നിര്‍ണായക മേഖലകളില്‍ ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ സാധിക്കുമോയെന്നതാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ബിറ്റ്‌കോയ്ന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പിന്നിലുള്ള സാങ്കേതികവിദ്യയെ ഇ-ഗവേണന്‍സിന് ഉപയോഗപ്പെടുത്താവുന്നതിന്റെ സാധ്യതകളാണ് കര്‍ണാടക പരിശോധിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി ചില പ്രശ്‌നങ്ങള്‍ക്ക് മികച്ച രീതിയില്‍ പരിഹാരം കണ്ടെത്താന്‍ സാധിക്കും. ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യയെ മനസിലാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിന് ശേഷം അതെങ്ങനെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഉപയോഗിക്കാമെന്നതും-ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.

ജനുവരി 19 മുതല്‍ 21 വരെ ബ്ലോക് ചെയ്ന്‍ ഹാക്കത്തോണും കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്. ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ബ്ലോക്‌ചെയ്ന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്ന പ്രോട്ടോടൈപ്പുകള്‍ ഹാക്കത്തോണില്‍ പങ്കെടുക്കുന്നവര്‍ക്ക് അവതരിപ്പിക്കാം.

വെള്ളിയാഴ്ച്ച മുതല്‍ ഞായറാഴ്ച്ച വരെ റെസിഡന്‍ഷ്യല്‍ ഹാക്കത്തോണ്‍ ആയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭക്ഷണവും താമസവും ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് ഇടയ്ക്ക് വെച്ച് പരിപാടിയില്‍ നിന്നും പോരാന്‍ സാധിക്കില്ല. വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, ഐടി പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കെല്ലാം ഹാക്കത്തോണില്‍ പങ്കെടുക്കാം.

ഇത് വെറുതെ നടത്തുന്ന ഒരു ഹാക്കത്തോണ്‍ അല്ല. സര്‍ക്കാര്‍ ചില പ്രത്യേക വകുപ്പുകളില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനുള്ള പരിഹാരം ഹാക്കത്തോണില്‍ നിര്‍ദേശിക്കപ്പെട്ടാല്‍, അത് പരിഗണിക്കും-ഖാര്‍ഗെ പറഞ്ഞു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഇത്തരത്തിലുള്ള ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ടീമുകളായാണ് പങ്കെടുക്കേണ്ടത്. ഒരു ടീമില്‍ 3-5 പേര്‍ ആകാം. www.bengalurutechsummit.com എന്ന വെബ്‌സൈറ്റിലൂടെയാണ് ഹാക്കത്തോണിന് റെജിസ്റ്റര്‍ ചെയ്യേണ്ടത്.

Comments

comments

Categories: Tech