ഇന്ത്യ വളര്‍ച്ച വേഗം വീണ്ടെടുക്കുന്നതായി ഐഎംഎഫ്

ഇന്ത്യ വളര്‍ച്ച വേഗം വീണ്ടെടുക്കുന്നതായി ഐഎംഎഫ്

ഹോങ്കോംഗ്: സമ്പദ്‌വ്യവസ്ഥയിലുണ്ടായ താല്‍ക്കാലിക മാന്ദ്യത്തിന് ശേഷം ആഗോളതലത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന തലത്തിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യ പ്രകടമാക്കിതുടങ്ങിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ ഡേവിഡ് ലിപ്ടന്‍. ഹോങ്കോംഗില്‍ നടക്കുന്ന ഏഷ്യന്‍ ഫിനാന്‍ഷ്യല്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ച പ്രതിഫലിക്കുന്നുണ്ടെന്നും മൂലധനാധിഷ്ഠിത മേഖലകളിലെ നിക്ഷേപവും ഉപഭോക്തൃ ആവശ്യകതയും വര്‍ധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് ലോക ബാങ്കും അടുത്തിടെ വിലയിരുത്തിയിരുന്നു. 2018ല്‍ 7.3 ശതമാനവും അടുത്ത രണ്ട് വര്‍ഷങ്ങളിലും 7.5 ശതമാനവും വളര്‍ച്ച രേഖപ്പെടുത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് ലോക ബാങ്കിന്റെ നിരീക്ഷണം.

നോട്ട് അസാധുവാക്കലും ജിഎസ്ടിയും താല്‍ക്കാലിക തടസങ്ങള്‍ സൃഷ്ടിച്ചെങ്കിലും 2017ല്‍ ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച 6.7 ശതമാനമായിരിക്കുമെന്നാണ് ലോക ബാങ്കിന്റെ നിഗമനം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ചൈനയുടേതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്താന്‍ ഇന്ത്യക്ക് കഴിയുമെന്നും ലോക ബാങ്ക് പറഞ്ഞിരുന്നു. അതേസമയം നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നാല് വര്‍ഷത്തിനിടിയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് (6.5 ശതമാനം) പോകുമെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിക്‌സ് ഓഫീസ് പറയുന്നത്. ഈ നിഗമനം സംഭവിച്ചാല്‍ നരേന്ദ്ര മാദി സര്‍ക്കാരിന്റെ കാലയളവിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്ക് കൂടിയായിരിക്കും അത്.

Comments

comments

Categories: Business & Economy