ഡൊണാള്‍ഡ് ട്രംപിനെ പേടി ; ചൈനീസ് കമ്പനി കാറിന്റെ പേര് മാറ്റും

ഡൊണാള്‍ഡ് ട്രംപിനെ പേടി ; ചൈനീസ് കമ്പനി കാറിന്റെ പേര് മാറ്റും

യുഎസ് വിപണിയിലെത്തുമ്പോള്‍ ട്രംപ്ച്ചി എന്ന പേര് മാറ്റുമെന്ന് ജിഎസി

ഡിട്രോയിറ്റ് : അടുത്ത വര്‍ഷം യുഎസ് വിപണിയില്‍ അവതരിപ്പിക്കാനുദ്ദേശിക്കുന്ന കാര്‍ മോഡലുകളുടെ പേര് മാറ്റുമെന്ന് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ജിഎസി. ട്രംപ്ച്ചി എന്ന പേര് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചൊടിപ്പിക്കുമെന്നാണ് ജിഎസി കരുതുന്നത്. തെറ്റായ വ്യംഗ്യാര്‍ത്ഥം ഒഴിവാക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ജിഎസി വക്താവ് പറഞ്ഞു. ചൈനീസ് വിപണിയില്‍ വര്‍ഷങ്ങളായി ട്രംപ്ച്ചി കാറുകള്‍ ലഭ്യമാണ്. ട്രംപ്ച്ചി ജിഎ3, ജിഎ3എസ്, ട്രംപ്ച്ചി ജിഎ5, ട്രംപ്ച്ചി ജിഎ6, ട്രംപ്ച്ചി ജിഎസ്5 സൂപ്പര്‍ തുടങ്ങി വിവിധ മോഡലുകളാണ് ജിഎസി വില്‍ക്കുന്നത്. ചൈനീസ് ഭാഷയില്‍ ട്രംപ്ച്ചി എന്നാല്‍ ഇതിഹാസം എന്നാണ് അര്‍ത്ഥമെന്ന് ജിഎസി വക്താവ് വ്യക്തമാക്കി.

പേര് മാറ്റുന്ന കാര്യം ജിഎസി ആലോചിക്കുന്നതായി യുഎസ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജിഎസി സ്വന്തം രാജ്യത്ത് അഞ്ച് ലക്ഷം ട്രംപ്ച്ചി കാറുകളും ഏഷ്യയിലും മിഡില്‍ ഈസ്റ്റിലുമായി പതിമൂന്ന് ട്രംപ്ച്ചി കാറുകളും വിറ്റിരുന്നു. യുഎസ് വിപണിയില്‍ പ്രവേശിക്കുന്ന ആദ്യ ചൈനീസ് വാഹന കമ്പനിയായി മാറുകയാണ് ജിഎസി. 2019 അവസാനത്തോടെ അമേരിക്കന്‍ വിപണിയിലെത്തും. തുടര്‍ന്ന് യൂറോപ്യന്‍ വിപണികളാണ് ജിഎസിയുടെ ലക്ഷ്യം.

ജിഎസി സ്വന്തം രാജ്യത്ത് അഞ്ച് ലക്ഷം ട്രംപ്ച്ചി കാറുകളും ഏഷ്യയിലും മിഡില്‍ ഈസ്റ്റിലുമായി പതിമൂന്ന് ട്രംപ്ച്ചി കാറുകളും വിറ്റിരുന്നു

വാഹനത്തിന്റെ പേര് മാറ്റേണ്ടിവരുന്നത് ഇതാദ്യമല്ല. സിപ്പി കാര്‍ എന്നതിന്റെ ചുരുക്കെഴുത്തായി ടാറ്റ മോട്ടോഴ്‌സ് 2016 ല്‍ പുതിയ ഹാച്ച്ബാക്ക് സെഡാന് സിക എന്ന് പേരിട്ടിരുന്നു. എന്നാല്‍ ആ സമയത്താണ് സിക വൈറസ് പടര്‍ന്നുപിടിച്ചത്. സിക എന്ന പേര് മാറ്റാതെ ഇന്ത്യന്‍ കമ്പനിക്ക് നിവൃത്തിയില്ലെന്നായി. പകരമായി സ്വീകരിച്ചതാണ് ടിയാഗോ എന്ന പേര്.

Comments

comments

Categories: Auto