പണം കായ്ക്കുന്ന യന്ത്രങ്ങള്‍

പണം കായ്ക്കുന്ന യന്ത്രങ്ങള്‍

കൊച്ചി-കേരളത്തിന്റെ മാറുന്ന സംരംഭകത്വ സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന യന്ത്രപ്രദര്‍ശന മേളയായ മെഷിനറി എക്‌സ്‌പോ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിര്‍മ്മാതാക്കളും വിതരണക്കാരും 134 സ്റ്റാളുകളിലായി പ്രദര്‍ശനത്തിനെത്തിച്ച യന്ത്രോപകരണങ്ങളെക്കാളും മേളയെ ശ്രദ്ധേയമാക്കിയത് അഭൂതപൂര്‍വമായ ജനപങ്കാളിത്തമാണ്. സ്റ്റാര്‍ട്ടപ്പ് സംരംഭകരും സംരംഭം തുടങ്ങാന്‍ ഒരുങ്ങുന്നവരും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് പ്രദര്‍ശന മേളയിലേക്ക് ഒഴുകുകയായിരുന്നു. രാവിലെ പ്രദര്‍ശനം ആരംഭിക്കുന്നതു മുതല്‍ വൈകീട്ട് അവസാനിക്കുന്ന സമയം വരെ ഇടതടവില്ലാതെ എത്തിക്കൊണ്ടിരുന്ന ആയിരക്കണക്കിനാളുകള്‍ കേരളത്തില്‍ പുതിയൊരു സംരംഭക സംസ്‌കാരത്തിന് ആഴത്തിലും പരപ്പിലുമുള്ള വേരോട്ടം ലഭിച്ചിരിക്കുന്നു എന്നതിന്റെ അടയാളപ്പെടുത്തലായി.

ചെറുകിട, ഇടത്തരം, സൂക്ഷ്മ സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് യോജിച്ച യന്ത്രോപകരണങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു പ്രദര്‍ശനവും അതിന് ലഭിക്കുന്ന വലിയ പ്രതികരണവും പുതിയ അനുഭവമായെന്ന് ബാംഗളൂരുവില്‍ ബേക്കറി ഉല്‍പന്ന മേഖലക്കാവശ്യമായ മെഷിനറികള്‍ നിര്‍മിക്കുന്ന ആന്റ് ടെക്‌നോളജീസ് ഡയറക്ടറും എഞ്ചിനീയറുമായ ഷോയ് ആന്‍ഡ്രൂസ് പറഞ്ഞു. ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ചതും ഓര്‍ഡര്‍ നല്‍കിയതും ഫുഡ് പ്രോസസിംഗുമായി ബന്ധപ്പെട്ട യന്ത്രോപകരണങ്ങളായിരുന്നു. ഭക്ഷ്യ- കാര്‍ഷികോല്‍പ്പന്നങ്ങള്‍ വ്യവസായിക അടിസ്ഥാനത്തില്‍ സംസ്‌കരിച്ച് ഭക്ഷ്യോല്‍പ്പന്നങ്ങളാക്കി പായ്ക്ക് ചെയ്ത് വിപണനം ചെയ്യുന്നതിന് ആവശ്യമായ നിരവധി പുതുമയുള്ള മെഷീനറികള്‍ മേളയില്‍ അവതരിപ്പിക്കപ്പെട്ടു. കിഴങ്ങു വര്‍ഗങ്ങള്‍, പഴം, പാല്‍, പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ ക്ഷീരകാര്‍ഷികോല്‍പ്പന്നങ്ങളില്‍ അധിഷ്ഠിതമായ നാനോ, ഗാര്‍ഹിക, മൈക്രോ, ലഘു, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിന് അനുയോജ്യമായ യന്ത്രങ്ങളുടെ നീണ്ട നിര തന്നെ മേളയില്‍ ഉണ്ട്. വീട്ടാവശ്യങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും വേണ്ട പാചക യന്ത്രങ്ങള്‍ മുതല്‍ വിവിധ തരം ഗാര്‍ഹിക യൂണിറ്റുകള്‍ക്കും, കുടുംബശ്രീ, കുടില്‍ വ്യവസായം, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ആവശ്യമായ യന്ത്രങ്ങളും സാങ്കേതിക വിദ്യയും മേളയിലുണ്ട്. നിര്‍മ്മാതാക്കളില്‍ നിന്നും യന്ത്രങ്ങള്‍ ഡീലര്‍ കമ്മീഷന്‍ ഒഴിവാക്കി നേരിട്ട് വന്‍ വിലക്കുറവില്‍ സംരംഭകര്‍ക്ക് വാങ്ങാനുള്ള അസുലഭ അവസരം സന്ദര്‍ശകര്‍ക്ക് ലഭിച്ചു.

സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു പ്രദര്‍ശനം സംഘടിപ്പിച്ചതും അതിന് ലഭിക്കുന്ന വലിയ പ്രതികരണവും പുതിയ അനുഭവമായെന്ന് മെഷിനറി നിര്‍മാതാക്കള്‍.

12 മണിക്കൂര്‍ കൊണ്ട് 50 കിലോ ഭക്ഷ്യ മാലിന്യങ്ങള്‍ വളമാക്കി മാറ്റുന്ന നൂതന ഉപകരണമാണ് അമ്പലമുകളിലെ സോള്‍വെര്‍ത്ത് എന്ന ഉപകരണ നിര്‍മാതാക്കള്‍ മേളയില്‍ അവതരിപ്പിച്ചത്. മെഷീനിലെ ചേംബറിനുള്ളില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ മണിക്കൂറുകള്‍ കൊണ്ട് വളമായും വെള്ളമായും വേര്‍തിരിയും. മെഷീനിലെ ഹീറ്റ് ചേംബറിനുള്ളില്‍ മാലിന്യങ്ങള്‍ ഉണക്കി ജലാംശം നീക്കി പൊടിരൂപത്തിലാക്കുകയാണ് ചെയ്യുന്നത്. ഹോട്ടലുകള്‍, ഫഌറ്റുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായ വിവിധ മോഡലുകള്‍ ഇവര്‍ നിര്‍മിക്കുന്നുണ്ട്.

യന്ത്രോപകരണ നിര്‍മാണത്തില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന ബാംഗളൂരിലെ ആന്റ് ടെക്‌നോളജീസ് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളോട് കിടപിടിക്കുന്ന ഉപകരണങ്ങളാണ് അവതരിപ്പിച്ചത്. ബേക്കറി ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഓട്ടോമേറ്റഡ് ഉപകരണങ്ങളാണ് ഇവരുടെ സവിശേഷത. മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത് വെച്ച വിവിധ രൂപങ്ങളില്‍ ജിലേബി നിര്‍മിക്കുന്ന ഉപകരണം പോലെ പരീക്ഷണ ഘട്ടത്തിലുള്ള ഉപകരണങ്ങള്‍ ഇവര്‍ മേളയില്‍ അവതരിപ്പിച്ചു.

ആവി കൊണ്ട് കാര്‍ കഴികുന്ന യന്ത്രം അവതരിപ്പിച്ച കോഴിക്കോട് സ്വദേശികളായ എന്‍ജിനീയറിംഗ് ബിരുദധാരികളുടെ ഒറോറ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി മേളയില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റി. ലംബോര്‍ഗിനി കമ്പനിയുടെ ഫോര്‍ട്ടഡോര്‍ എന്ന മെഷീനാണ് അവര്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. സാധാരണ കാര്‍ കഴുകുന്നതിന് 100 മുതല്‍ 200 വരെ ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നിടത്ത് സ്റ്റീം വാഷില്‍ വെറും 10 ലിറ്റര്‍ വെള്ളം മാത്രമാണ് ആവശ്യം. ദിവസം 15 കാറുകള്‍ കഴുകുന്നതിന് 67,500 ഓളം ലിറ്റര്‍ വെള്ളം ലാഭിക്കാനാകുമെന്നാണ് ഇവര്‍ പറയുന്നത്.തൃശൂര്‍ ഐഇഎസ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പി.കെ. ഷഹിന്‍, ശങ്കര്‍ നാരായണ്‍ വിശ്വനാഥ്, മുഹ്‌സിന്‍ മുഹമ്മദ്, ചേതന്‍ പ്രദീപ്, എസ്.ആര്‍. വൈശാഖ്, യു.ഷാനില്‍ എന്നീ സുഹൃത്തുക്കളാണ് സ്റ്റാര്‍ട്ടപ്പിന്റെ പിന്നില്‍.

വെളിച്ചെണ്ണ സംസ്‌ക്കരണം, ചപ്പാത്തി മെഷീന്‍, പ്രെസ്സ് ബ്രേക്ക്, ഡ്രയറുകള്‍, മരസംസ്‌ക്കരണം, ഡേറ്റാ കാര്‍ഡ് പ്രി്ര്രന്റ്!, ലേസര്‍ കട്ടിങ്, എന്‍ഗ്രേവി വസ്ത്ര നിര്‍മ്മാണം, ബേക്കറി യന്ത്രങ്ങള്‍, വെല്‍ഡിങ്ങ് മെഷിനുകള്‍, പാക്കിംഗ് യന്ത്രങ്ങള്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ്, കോഡിങ്ങ് യന്ത്രങ്ങള്‍, പാക്കേജിങ്ങ് യന്ത്രങ്ങള്‍, സേഫ്റ്റി സാമഗ്രികള്‍, ജാം, അച്ചാര്‍ ഫില്ലിങ്ങ്, അലുമിനിയം ഫോയില്‍ സീലിംഗ് മെഷീന്‍, റാപ്പിംഗ് മെഷീന്‍, നാളികേര ജ്യൂസ് എക്‌സ്ട്രാക്ടര്‍, ലെമണ്‍ കട്ടര്‍, ഗാര്‍ലിക് പീലര്‍, നാളികേര മില്‍ക്ക് മെഷീന്‍, നാളികേര എക്‌സ്‌പെല്ലര്‍, നാളികേര കട്ടര്‍, ഗ്രേവി മെഷീന്‍, വെജിറ്റബിള്‍ കട്ടിംഗ് മെഷീന്‍, ഉരുളക്കിഴങ്ങ് ചോപ്പര്‍, വെജിറ്റബിള്‍ ചോപ്പര്‍, മാവ് കുഴയ്ക്കുന്ന മെഷീന്‍, പോപ്പ്‌കോണ്‍ മെഷീന്‍, പൊട്ടറ്റോ പീലര്‍, മുസംബി, ഫ്രൂട്ട് ജ്യൂസര്‍, മാങ്കോ ഷേക്കര്‍, ലസ്സി മെഷീന്‍, ക്യാരറ്റ് പൈനാപ്പള്‍ ജ്യൂസര്‍, തേങ്ങ ചുരണ്ടുന്ന മെഷീന്‍, ഫഌവര്‍ മില്‍ യന്ത്രങ്ങള്‍, ബനാന കട്ടിംഗ് മെഷീന്‍, മിക്‌സര്‍ മെഷീന്‍, ഹെവി ഡ്യൂട്ടി ബ്ലെന്‍ഡര്‍, നാനോ ഗ്രൈന്‍ഡര്‍, ഇഡിയപ്പം മേക്കര്‍, കേക്ക് മിക്‌സര്‍, ഡീസല്‍ ഓവന്‍, കൊക്കോ മില്‍ക്കര്‍, കൂളിംഗ് ട്രേ, കറവ യന്ത്രം, ബ്ലോവറുകള്‍, ഫില്‍റ്ററുകള്‍, കോള്‍ഡ് സ്റ്റോറേജ്, ജ്യൂസ് മിക്‌സിംഗ് പ്ലാന്റ് തുടങ്ങി യന്ത്ര സാമഗ്രികളുടെ വൈപുല്യം മേളയുടെ ആകര്‍ഷണമായിരുന്നു.

 

Comments

comments