ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷ നേടാന്‍ സ്മാര്‍ട്ട് ഡിവൈഡര്‍

ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷ നേടാന്‍ സ്മാര്‍ട്ട് ഡിവൈഡര്‍

അശ്വിന്‍ നടരാജന്‍. ട്രാഫിക് പോലീസിന്റെ നിയന്ത്രണത്തിലോ ഓട്ടാമാറ്റിക് ആയോ ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുന്ന ഈ സംവിധാനം അവസാനഘട്ട പരീക്ഷണങ്ങള്‍ പിന്നിട്ടാല്‍ ട്രാഫിക് ബ്ലോക്കില്‍ വീര്‍പ്പുമുട്ടുന്ന ബെംഗളൂരു നിരത്തുകള്‍ക്ക് ആശ്വാസമേകും

വാഹനം ഓടിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് ട്രാഫിക് ബ്ലോക്ക്. തിരക്കേറിയ വണ്‍വേ റോഡുകളില്‍ അസ്വസ്ഥരാകുമ്പോള്‍ ഡിവൈഡറിനെ ശപിക്കുന്നവരും ഏറെയാണ്. റോഡില്‍ സ്ഥിരമായി ഉറപ്പിക്കപ്പെട്ടിരിക്കുന്ന ഡിവൈഡറില്‍ നിന്നുള്ള മോചനമാണ് ബെംഗളൂരു സ്വദേശിയായ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയര്‍ അശ്വിന്‍ നടരാജന്‍ കണ്ടെത്തിയിരിക്കുന്നത്. സ്വയം ക്രമീകരിക്കാവുന്ന റോഡ് ഡിവൈഡറിന്റെ കണ്ടെത്തല്‍ ലോകത്തില്‍ തന്നെ ആദ്യത്തേതാണ്..

ഗതാഗതത്തിരക്കു മൂലം മണിക്കൂറുകളോളം വഴിയില്‍ കാത്തു നില്‍ക്കേണ്ടി വരുന്ന അവസ്ഥയും അത് പരിഹരിക്കാന്‍ ബുദ്ധിമുട്ടുന്ന ട്രാഫിക് പോലീസുകാരന്റെ പരിതാപകരമായ അവസ്ഥയുമൊക്കെ നമ്മുടെ സ്ഥിരം കാഴ്ചകളിലൊന്നാണ്. നാലു വര്‍ഷം മുമ്പ് മെട്രോ നഗരമായ ബെംഗളൂരിലെ ട്രാഫിക് ബ്ലോക്കില്‍ മനം മടുത്തതാണ് അശ്വിനെ ഇത്തരമൊരു പുതിയ കണ്ടുപിടുത്തത്തിനു പ്രേരിപ്പിച്ചത്. മുപ്പത്തിയഞ്ചുകാരനായ അശ്വിന്‍ കണ്ടെത്തിയിരിക്കുന്ന ഓട്ടോമാറ്റിക് സ്മാര്‍ട്ട് ഡിവൈഡര്‍ ഇന്ത്യയുടെ സിലിക്കണ്‍ താഴ്‌വരയിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരമാകും എന്നതില്‍ സംശയമില്ല.

തിരക്കു കാരണം ബ്ലോക്ക് ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ഡിവൈഡര്‍ സ്വയം തുറക്കാനും തിരക്ക് കുറഞ്ഞ മറ്റ് സമാന്തര റോഡുകളിലേക്ക് ഗതാഗതം വഴിതിരിച്ചു വിടാനും കഴിയുന്ന തരത്തിലുള്ളതാണ് ഈ സംവിധാനം. ട്രാഫിക് പോലീസിന്റെ നിയന്ത്രണത്തിലോ ഓട്ടാമാറ്റിക് ആയോ ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുന്ന ഈ സംവിധാനം മണിക്കൂറുകളോളം നീളുന്ന റോഡിലെ ഗതാഗതക്കുരുക്കില്‍ നിന്നും ആശ്വാസമേകും.

ഓട്ടോമാറ്റിക് ഡിവൈഡറിന്റെ പ്രാരംഭ മോഡല്‍ അശ്വിന്‍ ആദ്യം സമര്‍പ്പിച്ചത് ബെംഗളൂരു പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ്. പ്രാരംഭ ഘട്ട നിര്‍മാണത്തിനായുള്ള വീഡിയോ കണ്ടപ്പോള്‍ തന്നെ നമുക്ക് ഇത് എന്നു തുടങ്ങാം എന്നുള്ള അദ്ദേഹത്തിന്റെ ചോദ്യം അശ്വിന് ഏറെ പ്രോല്‍സാഹനം നല്‍കി. ആ പിന്തുണയാണ് തന്റെ പുതിയ പരീക്ഷണ സംവിധാനത്തിനെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചതെന്നും അശ്വിന്‍ പറയുന്നു.

ട്രാഫിക് ബ്ലോക്ക് പരിഹരിക്കുന്നതിലെ സമയ നഷ്ടം കുറയ്ക്കാമെന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ ഗുണം. മാത്രമല്ല ട്രാഫിക് പോലീസുകാരന്റെ പരിശ്രമവും കുറയ്ക്കും. 2016 ല്‍ നിര്‍മാണം പൂര്‍ത്തിയായ സംവിധാനത്തിന് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളില്‍ അവസാന ട്രയലുകള്‍ കൂടി പിന്നിടുന്നതോടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. സഹപാഠിയായ സച്ചിന്‍ കമലാധരനൊപ്പമാണ് അശ്വിന്‍ സ്മാര്‍ട്ട് ഡിവൈഡര്‍ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

 

Comments

comments

Categories: FK News, Tech