പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണി വിഹിതം ഉയര്‍ത്താന്‍ ഒപ്റ്റിമസ്

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണി വിഹിതം  ഉയര്‍ത്താന്‍ ഒപ്റ്റിമസ്

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ബ്ലാക്ക്‌ബെറി ഫോണുകള്‍ നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതും ഒപ്റ്റിമസാണ്

ന്യൂഡെല്‍ഹി: വര്‍ഷാന്ത്യത്തോടെ ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പത്ത് ശതമാനം വിഹിതം സ്വന്തമാക്കാന്‍ നീക്കമിട്ട് ടെലികമ്യൂണിക്കേഷന്‍സ് കമ്പനി ഒപ്റ്റിമസ് ഇന്‍ഫ്രാ ലിമിറ്റഡ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ബ്ലാക്ക്‌ബെറി ഫോണുകള്‍ നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതും ഒപ്റ്റിമസാണ്.

പ്രീമിയം സെഗ്മെന്റില്‍ നിരവധി മോഡലുകള്‍ പുറത്തിറക്കിക്കൊണ്ട് ഉല്‍പ്പന്ന നിര ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നെന്ന് ഒപ്റ്റിമസ് ഇന്‍ഫ്രായുടെ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഹര്‍ദിപ് സിംഗ് പറഞ്ഞു. കമ്പനിയുടെ ബിസിനസിനെ സംബന്ധിച്ച് ഈ വര്‍ഷം വളരെ പ്രാധാന്യമുള്ളതാണ്. 2018 അവസാനത്തോടെ 20000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളുടെ വിഭാഗത്തില്‍ പത്ത് ശതമാനം വിപണി വിഹിതമാണ് കമ്പനി ഇന്ത്യയില്‍ ഉന്നമിടുന്നത്. ബ്ലാക്ക്‌ബെറി കീവണ്‍ ലിമിറ്റഡ് എഡിഷന്‍ ബ്ലാക്ക് 2018 ന്റെ ആദ്യ പാദത്തില്‍ നേപ്പാളില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. നേപ്പാളിലേക്കുള്ള ഒപ്റ്റിമസിന്റെ പ്രവേശനം ഇതിലൂടെ സാധ്യമാകും. വര്‍ഷാവസാനത്തോടെ ബ്ലാക്ക്‌ബെറി വില്‍പ്പനയുടെ 25 ശതമാനം അന്താരാഷ്ട്ര വിപണികള്‍ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിംഗ് വ്യക്തമാക്കി. അടുത്തിടെ ഒപ്റ്റിമസ് ശ്രീലങ്കയിയിലേക്കും ബംഗ്ലാദേശിലേയും ബിസിനസ് വ്യാപിപ്പിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ ഫോണുകള്‍ നിര്‍മിക്കുന്ന കമ്പനി പ്രധാന വിപണികളിലെ അവസരങ്ങള്‍ തേടുന്നത് തുടരുമെന്ന നിലപാടിലാണ്.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഒരിക്കല്‍ പ്രമുഖരായിരുന്ന ബ്ലാക്ക്‌ബെറി സാംസംഗ്, ആപ്പിള്‍ പോലുള്ള ആഗോള എതിരാളികളോട് പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ടിസിഎല്‍, ഒപ്റ്റിമസ് എന്നീ കമ്പനികള്‍ക്ക് ബ്രാന്‍ഡ് ലൈസന്‍സ് അനുവദിക്കുകയായിരുന്നു ബ്ലാക്ക്‌ബെറി. മറ്റ് ചില വിപണികളില്‍ ചൈനയുടെ ടിസിഎല്‍ കമ്യൂണിക്കേഷനുമായും ബ്ലാക്ക്‌ബെറി സമാന രീതിയിലെ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ആഗോള തലത്തില്‍ അതിവേഗം വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. ആഭ്യന്തര കമ്പനികളായ മൈക്രോമാക്‌സ്, ലാവ പോലുള്ള കമ്പനികളുടെ വിപണി വിഹിതം സാംസംഗ്, ഷഓമി, ലെനോവോ, വിവോ തുടങ്ങിയവ കാര്യമായി കവര്‍ന്നെടുത്തുകഴിഞ്ഞു. എന്നാല്‍ ഇന്ത്യന്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വളര്‍ച്ചയ്ക്ക് ഏറെ അനുകൂല സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ആപ്പിള്‍, സാംസംഗ്, വണ്‍പ്ലസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ വിപണി വിഹിതം വന്‍ തോതില്‍ നേടിയെടുക്കുന്നതിനുള്ള ശ്രമത്തിലാണ്.

Comments

comments

Categories: Business & Economy

Related Articles