ഏഴാറ്റുമുഖത്തെ ഏദന്‍തോട്ടം ‘നട്ട്‌മെഗ് ഗ്രീന്‍സ്’

ഏഴാറ്റുമുഖത്തെ ഏദന്‍തോട്ടം ‘നട്ട്‌മെഗ് ഗ്രീന്‍സ്’

അതിരപ്പിള്ളിയുടെ പച്ചപ്പിന് നിറം പകര്‍ന്ന് കാര്‍ഷിക പെരുമ വിളിച്ചോതി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ഏഴാറ്റുമുഖത്തെ നട്ട്‌മെഗ് ഗ്രീന്‍സ് ഫാം ഹൗസ്. ബൊട്ടാനിക്കല്‍ ഗാര്‍ഡനും വ്യത്യസ്ത കൃഷിവിഭാഗങ്ങളും അതിരപ്പിള്ളിയുടെ കൈവഴികളും ചേര്‍ന്നൊരുക്കുന്ന ദൃശ്യ വിരുന്നാണ് ഇവിടുത്തെ പ്രധാന ഹൈലൈറ്റ്

രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഘടകമായിരുന്നു നായക കഥാപാത്രത്തിന്റെ ഉള്‍ക്കാട്ടിലെ റിസോര്‍ട്ട്. ഒച്ചപ്പാടുകളില്‍ നിന്നും അപരിചിതരില്‍ നിന്നുമകന്ന് സ്വസ്ഥമായൊരിടം തേടുന്നവര്‍ക്ക് രാമന്റെ ഏദന്‍തോട്ടം സ്വപ്‌നഭൂമികയായി. ചലച്ചിത്രം ഇറങ്ങുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ സേവനം നല്‍കിക്കൊണ്ട് പ്രസിദ്ധമായ ഫാം ഹൗസാണ് നട്ട്‌മെഗ് ഗ്രീന്‍സ്. ചിത്രത്തില്‍ റിസോര്‍ട്ട് കാടിനകത്താണെങ്കില്‍ ഇവിടെ കൃഷിയിടത്തിനകത്താണ് ഈ ഏദന്‍തോട്ടം. വിവിധ മേഖലകളിലായി വിന്യസിക്കപ്പെടുന്ന കൃഷിയുടെ നേര്‍ക്കാഴ്ചയാണ് അതിരപ്പിള്ളിയില്‍ ഏഴാറ്റുമുഖത്തിനടുത്ത് സ്ഥിതി ചെയ്യുന്ന നട്ട്‌മെഗ് ഗ്രീന്‍സ്. പതിനെട്ട് ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന എസ്റ്റേറ്റിന് നടുവിലായി പണിതുയര്‍ത്തിയിട്ടുള്ള റിസോര്‍ട്ടിലൂടെയാണ് നട്ട്‌മെഗ് കാര്‍ഷിക വിനോദസഞ്ചാരത്തിന്റെ വിവിധ മേഖലകളിലേക്ക് കാലെടുത്ത് വെക്കുന്നത്. കവാടം കടന്ന് ചെല്ലുന്നിടം മുതല്‍ക്കെ തുടങ്ങുകയായി നട്ട്‌മെഗിന്റെ വിസ്മയക്കാഴ്ചകള്‍. ഗെയ്റ്റിനപ്പുറം നട്ട്‌മെഗിന്റെ മാത്രം ലോകമാണ്. മരങ്ങളും വിവിധ ചെടികളും പ്രാവിന്‍ കൂടുകളുമെല്ലാം അതിര് തീര്‍ത്തിരിക്കുന്ന ചെറിയ വഴിയിലൂടെ കയറി എത്തുന്നിടത്താണ് റിസോര്‍ട്ട് പണികഴിച്ചിരിക്കുന്നത്.

15 ആളുകളില്‍ കൂടുതലുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് റിസോര്‍ട്ട് വിട്ടുനല്‍കുക. പരമാവധി ആളുകളുടെ എണ്ണം 22 ആയും ക്രമപ്പെടുത്തിയിട്ടുണ്ട്. പകല്‍ മാത്രം മതിയെങ്കില്‍ 150ഓളം ആളുകളെ ഉള്‍ക്കൊള്ളിക്കാനാകും. ഒരു ദിവസം ഒരു ഗ്രൂപ്പിനെ മാത്രമേ സ്വീകരിക്കൂ എന്നതാണ് നട്ട്‌മെഗിലെ മറ്റൊരു പ്രധാന പ്രത്യേകത.

ഫാമിനു നടുവിലെ തലയെടുപ്പുള്ള ബംഗ്ലാവ്

പഴയകാല ബംഗ്ലാവിന്റെ ആഢ്യത്വവുമായി തലയുയര്‍ത്തി നില്‍ക്കുന്ന റിസോര്‍ട്ടില്‍ എത്തുമ്പോഴേക്കും ബാഹ്യലോകത്തിന്റെ ഒച്ചപ്പാടുകള്‍ പാടേ അകലത്തിലെത്തിയിരിക്കും. കാറ്റിന്റെയും കിളികളുടെയും പുഴയുടെയുമെല്ലാം ശബ്ദമാണ് ഇവിടെ അലയടിക്കുന്നത്. ഈ റിസോര്‍ട്ടിന് ചുറ്റിലുമായാണ് വിശാലമായ ഫാം ഒരുക്കിയിരിക്കുന്നത്. ജാതി മരമാണ് ഇക്കൂട്ടത്തില്‍ പ്രധാനി. ഫാമിന്റെ സിംഹഭാഗവും വിളഞ്ഞുനില്‍ക്കുന്നത് ജാതിമരങ്ങള്‍ തന്നെ. ഇതിനൊപ്പം വിവിധങ്ങളായ ഫലവര്‍ഗങ്ങള്‍, തെങ്ങ്, റബര്‍, 11 വ്യത്യസ്തയിനങ്ങളില്‍പ്പെട്ട മുള, എണ്ണിയാലൊടുങ്ങാത്തത്ര പച്ചക്കറികള്‍, പശു, കോഴി, താറാവ്, ഫ്‌ളൈയിംഗ് ഡക്ക്, മുയല്‍, ആട്, പ്രാവ് തുടങ്ങി വിവിധങ്ങളും വ്യത്യസ്തവുമായ കൃഷിവിഭാഗങ്ങളെ കൂടി വിന്യസിച്ചിരിക്കുകയാണ് ഇവിടെ.

നട്ട്‌മെഗിലെ മികച്ച സംരംഭക പാഠങ്ങള്‍

വരുമാനത്തിലെ കുറവ് ചൂണ്ടിക്കാട്ടി കൃഷിയെ പാതിവഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് കണ്ട് പഠിക്കാവുന്ന പാഠങ്ങളാണ് നട്ട്‌മെഗ് മുന്നോട്ടു വെക്കുന്നത്. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ മികച്ച സേവനം കൊണ്ട് ശ്രദ്ധേയനായ മാത്യു ഉറുമ്പത്തിന്റെ ഉടമസ്ഥതയിലുള്ള നട്ട്‌മെഗ് ഗ്രീന്‍സ്, ഇന്ന് സഞ്ചാരികളുടെ ഇഷ്ട ഇടത്താവളം കൂടിയാണ്. കുടുംബവുമൊത്ത് അവധിക്കാലം ചെലവഴിക്കുന്നതിനായി ചെറിയ സജ്ജീകരണങ്ങള്‍ അദ്ദേഹം ഇവിടെ ഒരുക്കിയിരുന്നു. പിന്നീടാണ് സ്റ്റേ സംവിധാനം സജ്ജമാക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നത്. ഇന്ന് 150 പേരെ വരെ ഉള്‍ക്കൊള്ളിക്കാവുന്ന നിലവാരത്തില്‍ നട്ട്‌മെഗ് ഗ്രീന്‍സ് വളര്‍ന്നു കഴിഞ്ഞു. സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും മറ്റുമായി മികച്ച സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഒരു തരത്തിലുമുള്ള രാസവളപ്രയോഗങ്ങള്‍ ഇവിടുത്തെ കൃഷിക്കില്ല. പൂര്‍ണമായും ജൈവവളം മാത്രം ഉപയോഗിച്ച് വളരുന്ന ഇവിടുത്തെ പച്ചക്കറികള്‍ ഉപയോഗിച്ചു തന്നെയാണ് സന്ദര്‍ശകര്‍ക്കായുള്ള ഭക്ഷണം ഒരുക്കുന്നതും. ഇതിനൊപ്പം തന്നെ സന്ദര്‍ശകര്‍ക്ക് ഫലങ്ങളും മറ്റും പറിക്കുന്നതിനു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. സമ്പൂര്‍ണ സ്വാതന്ത്ര്യവും സ്വകാര്യതയുമാണ് നട്ട്‌മെഗിലെ ഹൈലൈറ്റ്. 15 ആളുകളില്‍ കൂടുതലുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് ഇവിടെ റിസോര്‍ട്ട് വിട്ടുനല്‍കുക. പരമാവധി ആളുകളുടെ എണ്ണം 22 ആയും ക്രമപ്പെടുത്തിയിട്ടുണ്ട്. പകല്‍ മാത്രം മതിയെങ്കില്‍ 150ഓളം ആളുകളെ ഉള്‍ക്കൊള്ളിക്കാനാകും. ആധുനിക സൗകര്യങ്ങളോടുകൂടിയ 4 വലിയ ബെഡ്‌റൂമുകളും 2 ഡോര്‍മെറ്ററികളുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഒരു ദിവസം ഒരു ഗ്രൂപ്പിനെ മാത്രമേ സ്വീകരിക്കൂ എന്നതാണ് നട്ട്‌മെഗിലെ മറ്റൊരു പ്രധാന പ്രത്യേകത. വ്യക്തമായി പറഞ്ഞാല്‍ നട്ട്‌മെഗിന്റെ വിശാലമായ ഈ ലോകത്ത് ശല്യക്കാരായി പുറമേ നിന്നുള്ള ആരും ഉണ്ടാവില്ല.

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി, ഏഴാറ്റുമുഖം, തുമ്പൂര്‍മുഴി എന്നിവയ്‌ക്കെല്ലാം സമീപപ്രദേശത്തായാണ് നട്ട്‌മെഗ് സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ തിരക്കുകളില്‍ നിന്നകന്ന്, അപരിചിതരില്ലാത്ത ഒരിടത്ത് സ്വസ്ഥമായ മുഹൂര്‍ത്തങ്ങള്‍ ഒരുക്കിക്കൊണ്ടു സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഈ ഫാം ഹൗസ് റിസോര്‍ട്ട്‌

കാര്‍ഷിക പെരുമയ്‌ക്കൊപ്പം ഒത്തുചേരലിന്റെ സുഖം

ജാതിത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള നടവഴിയില്‍ കൂടി സഞ്ചരിച്ചെത്തുന്നത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ കൈവഴിയായൊഴുകുന്ന നദിക്കരയിലേക്കാണ്. ഇവിടെ ഇറങ്ങി കുളിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ആഴം കുറഞ്ഞ സ്ഥലവും അപകടരഹിതമായ ആഴമുള്ള സ്ഥലവുമെല്ലാം പ്രത്യേകം ഒരുക്കിയിരിക്കുന്നു. സഞ്ചാരികളായെത്തുന്നവര്‍ ഏറ്റവധികം സമയം ചെലവഴിക്കുന്നത് ഇവിടെയാണെന്നാണ് എസ്റ്റേറ്റ് മാനേജര്‍ ജോയ് പറയുന്നത്. പുഴയിലേക്കിറങ്ങുന്ന കല്‍പ്പടവുകളും പുഴയില്‍ കുളിക്കാനുള്ള സ്ഥലങ്ങളുമെല്ലാം കൈവരികളും കല്ലുകളും മറ്റും നിരത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. റബര്‍ കൃഷിയാണ് ഇതിനോട് ചേര്‍ന്നുള്ള പറമ്പില്‍ വിന്യസിച്ചിരിക്കുന്നത്. വിദേശ സഞ്ചാരികള്‍ക്കും മറ്റും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ് റബര്‍ ടാപ്പിംഗും മറ്റും. മലയാളിയുടെ ജീവിതത്തിലെ നിത്യ കാഴ്ചയായ റബര്‍ ടാപ്പിംഗ് കാണുന്നതിനായി പുലര്‍ച്ചെ എഴുന്നേറ്റ് തോട്ടത്തിലെത്തുന്ന സഞ്ചാരികളും കുറവല്ല. ഇതിനൊപ്പം മരച്ചില്ലകളില്‍ ഊഞ്ഞാലുകള്‍ കെട്ടിയും മരത്തണലില്‍ ഇരിപ്പിടങ്ങള്‍ തീര്‍ത്തും സഞ്ചാരികള്‍ക്കായി സ്വസ്ഥമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ നട്ട്‌മെഗിന് സാധിക്കുന്നുണ്ട്. ഇത് അതിഥികള്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കുന്നതിനും മറ്റുമായി ബംഗ്ലാവിന് മുറ്റത്ത് തന്നെയായി സ്‌റ്റേജും ഇരിപ്പിടങ്ങളും മറ്റും സജ്ജമാക്കിയിട്ടുണ്ട്. ഗെയ്റ്റ് കടന്നെത്തിയാല്‍ പിന്നെ നട്ട്‌മെഗിന്റെ ലോകമാണ്. മറ്റാരുടെയും ശല്യവും ഒച്ചപ്പാടുകളുമില്ലാതെ സ്വന്തം കുടുംബവും സുഹൃത്തുക്കളും മാത്രമായി ഒരു ഒത്തുചേരലിനാണ് ഇതിലൂടെ നട്ട്‌മെഗ് വേദിയാവുന്നത്.

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി, ഏഴാറ്റുമുഖം, തുമ്പൂര്‍മുഴി എന്നിവയ്‌ക്കെല്ലാം സമീപപ്രദേശത്തായാണ് നട്ട്‌മെഗ് സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ തിരക്കുകളില്‍ നിന്നകന്ന്, അപരിചിതരില്ലാത്ത ഒരിടത്ത് സ്വസ്ഥമായ മുഹൂര്‍ത്തങ്ങള്‍ ഒരുക്കിക്കൊണ്ടു സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഈ ഫാം ഹൗസ് റിസോര്‍ട്ട്. കേരളത്തിന്റെ കൃഷിപ്പെരുമയെ പുതുതലമുറയ്ക്കും വിദേശ സഞ്ചാരികള്‍ക്കും മുന്നില്‍ തുറന്നുകൊണ്ട് ആധുനിക കാലത്തിന്റെ കാര്‍ഷിക സങ്കല്‍പങ്ങള്‍ക്ക് നിറം പകരാനും ഈ സംരംഭത്തിനു കഴിയുന്നുണ്ട്.

 

Comments

comments