ലോജിസ്റ്റിക്‌സ് യൂണിറ്റിനായി ഫണ്ട് ശേഖരണം ലക്ഷ്യമിട്ട് ജെഡിഡോട്ട്‌കോം

ലോജിസ്റ്റിക്‌സ് യൂണിറ്റിനായി ഫണ്ട് ശേഖരണം ലക്ഷ്യമിട്ട് ജെഡിഡോട്ട്‌കോം

ഹോങ്കോംഗ്: ചൈനയിലെ രണ്ടാമത്തെ വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ജെഡിഡോട്ട്‌കോം ലോജിസ്റ്റിക്‌സ് യൂണിറ്റിനായി രണ്ടു ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപസമാഹരണത്തിന് ലക്ഷ്യമിടുന്നു. വിദേശത്തേക്ക് ബിസിനസ് വിപുലപ്പെടുത്താനും കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ചൈനയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ പിന്നിലാണ് ജെഡിഡോട്ട്‌കോം. ഫണ്ട് ശേഖരണ റൗണ്ടില്‍ പങ്കെടുക്കുന്നതിനായി നിക്ഷേപകരെ കമ്പനി ക്ഷണിച്ചിട്ടുണ്ട്. ജെഡിഡോട്ട്‌കോമിന്റെ ലോജിസ്റ്റിക്‌സ് ബിസിനസായ ജെഡി ലോജിസ്റ്റിക്‌സിന് ഏകദേശം 10 ബില്ല്യണ്‍ ഡോളറിന്റെ മൂല്യമുണ്ട്.

ആഗോള വിപുലീകരണ പദ്ധതിയെ പിന്തുണയ്ക്കുന്നതിനും മൂന്നാംകക്ഷി സംരംഭകര്‍ക്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് വരുമാനം വര്‍ധിപ്പിക്കുകയും ലക്ഷ്യമിട്ട് ചൈനയിലെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികള്‍ തങ്ങളുടെ ലോജിസ്റ്റിക്‌സ് ബിസിനസുകള്‍ ഉയര്‍ത്തുന്നതിന്റെ ചുവട് പിടിച്ചാണ് ജെഡിഡോട്ട്‌കോമും ലോജിസ്റ്റിക്‌സ് ബിസിനസിനായി ഫണ്ട് സമാഹരിക്കുന്നത്.

പ്രമുഖ നിക്ഷേപക കമ്പനികളായ ഹില്‍ഹൗസ് കാപ്പിറ്റല്‍ ഗ്രൂപ്പും സെക്ക്വോയ കാപ്പിറ്റലുമായിരിക്കും ജെഡി ലോജിസ്റ്റിക്‌സിന്റെ ഫണ്ട് ശേഖരണത്തിലെ പ്രമുഖ നിക്ഷേപകര്‍. അതോടൊപ്പം ദേശീയ- അന്തര്‍ദേശീയ നിക്ഷേപകരും ഇടപാടില്‍ പങ്കെടുക്കുന്നതിനായി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജെഡി ലോജിസ്റ്റിക്‌സ് നിലവില്‍ ജെഡിഡോട്ട്‌കോമിന്റെ പൂര്‍ണ ഉടമസ്ഥതയിലാണ്. ലോജിസ്റ്റിക്‌സ് യൂണിറ്റിന്റെ പ്രാഥമിക ഓഹരി വില്‍പ്പന എപ്പോള്‍ എവിടെവച്ച് നടത്തുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജെഡിഡോട്ട്‌കോമിലെ രണ്ടാമത്തെ വലിയ ഓഹരി നിക്ഷേപകരാണ് ഹില്‍ഹൗസ് കാപ്പിറ്റല്‍. ആലിബാബയുടെ എതിരാളിയായ ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സിനും ജെഡിഡോട്ട്‌കോമിന്റെ പത്ത് മുന്‍നിര നിക്ഷേപകരില്‍ ഒരു കമ്പനിയാണ്.

ഓട്ടോണോമസ് ഡ്രൈവിംഗ്, ഓട്ടോമേറ്റഡ് വെയര്‍ഹൗസിംഗ്, ക്രോസ് ബോര്‍ഡര്‍ ലോജിസ്റ്റിക്‌സ്, സ്മാര്‍ട്ട് ലോജിസ്റ്റിക്‌സ് സര്‍വീസ് ഉള്‍പ്പെടെയുള്ള വിതരണ ശൃംഖല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ലോജിസ്റ്റിസ്‌ക്‌സ് ഗ്രൂപ്പുകള്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ തേടുന്നുണ്ട്. തെക്ക്കിഴക്കന്‍ ഏഷ്യയിലെ ലോജിസ്റ്റിക്‌സ് അടിസ്ഥാനസൗകര്യത്തില്‍ കഴിഞ്ഞവര്‍ഷം ജെഡിഡോട്ട്‌കോം നിക്ഷേപിച്ചിരുന്നു. ജാപ്പനീസ് വിതരണ കമ്പനിയായ യമാറ്റോ ഹോള്‍ഡിംഗ്‌സുമായി കമ്പനി പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy