ജാര്‍വിസ് ആക്‌സിലറേറ്റര്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ജാര്‍വിസ് ആക്‌സിലറേറ്റര്‍  ഇന്ത്യയിലെ പ്രവര്‍ത്തനം  അവസാനിപ്പിക്കുന്നു

ന്യൂഡെല്‍ഹി : ഹോങ്കോംഗ് ആസ്ഥാനമാക്കിയ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്ററായ ജാര്‍വിസ് തങ്ങളുടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 2015 ലാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയില്‍ ഓഫീസ് സ്ഥാപിച്ചത്. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനോടൊപ്പം സഹകമ്പനികളിലെ നിക്ഷേപങ്ങള്‍ എഴുതിത്തള്ളുന്ന പ്രക്രിയയിലുമാണ് ജാര്‍വിസെന്ന് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ജാര്‍വിസിന്റെ കോ-പ്രിന്‍സിപ്പലായി ചേര്‍ന്ന സൗമ്യജിത് ഗുഹ ഒക്‌റ്റോബറില്‍ കമ്പനി വിട്ടുപോയിരുന്നു. ഇന്ത്യയില്‍ ജാര്‍വിസിന്റെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കേണ്ടതിന്റെയും പുതിയ വരുമാന ശൃംഖല സൃഷ്ടിക്കേണ്ടതിന്റെയും ചുമതല അദ്ദേഹത്തിനായിരുന്നു.

ഗുരുഗ്രാമിലെ ഓഫീസില്‍ നിന്നാണ് ജാര്‍വിസ് ആക്‌സിലറേറ്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), റോബോട്ടിക്, ഓണ്‍ലൈന്‍-ടു-ഓഫ്‌ലൈന്‍, ഫിന്‍ടെക്, മൊബിലിറ്റി വളര്‍ന്നുവരുന്ന മറ്റ് സാങ്കേതികവിദ്യകള്‍ എന്നിവയില്‍ 13-14 അടുത്ത് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച കമ്പനി വേഗത്തിലാക്കിയിരുന്നു. ആറ് മാസത്തെ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓഫീസ് സ്‌പേസ്, മാര്‍ഗനിര്‍ദേശം, ഏഷ്യ-പസഫിക്കിലെ ഉപഭോക്താക്കള്‍, 50,000 ഡോളര്‍ വരെ ഫണ്ടിംഗ് എന്നിവയും നല്‍കിയിരുന്നു.

അര്‍ബുനൈസ്, കംപാരോമീറ്റര്‍, ഡിസൈന്‍ഡോഡോ, ഡ്രിംഗ്‌സ് ഓണ്‍ മീ, എജുറെവ്, ആര്‍2 റോബോട്രോണിക്‌സ്, സ്‌നീക്കര്‍, സ്‌പോട്ട്‌വര്‍ക്‌സ്, എക്‌സ്ട്രാ കാര്‍ബണ്‍, ഐമാനേജ്‌മൈഹോട്ടല്‍, പ്രൊഓണ്‍ ഉള്‍പ്പെടെയുള്ളവയാണ് ജാര്‍വിസിന്റെ സഹകമ്പനികള്‍. ഇന്ത്യയിലെ ഏകദേശം 13 സ്റ്റാര്‍ട്ടപ്പുകള്‍ ജാര്‍വിസിന്റെ ആക്‌സിലറേറ്റര്‍ പ്രോഗ്രാമില്‍ പങ്കെടുത്തിട്ടുണ്ട്. ഇതില്‍ 7-8 സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ടിംഗും സ്വീകരിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy