ഓട്ടോ എക്‌സ്‌പോ 2018 : നൂറിലധികം പുതിയ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കും ; 24 ഓള്‍-ന്യൂ മോഡലുകള്‍ പുറത്തിറക്കും

ഓട്ടോ എക്‌സ്‌പോ 2018 : നൂറിലധികം പുതിയ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കും ; 24 ഓള്‍-ന്യൂ മോഡലുകള്‍ പുറത്തിറക്കും

ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയുടെ പതിനാലാമത് എഡിഷന്‍ ഫെബ്രുവരി 9 മുതല്‍ 14 വരെ ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ അരങ്ങേറും

ന്യൂഡെല്‍ഹി : ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയുടെ പതിനാലാമത് എഡിഷന്‍ ഫെബ്രുവരി 9 മുതല്‍ 14 വരെ ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ അരങ്ങേറും. 24 പുതിയ മോഡലുകള്‍ ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. നൂറിലധികം വാഹനങ്ങള്‍ അനാവരണം ചെയ്യുമെന്നും സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ സുഗതോ സെന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഫെബ്രുവരി 8 മുതല്‍ 11 വരെ ഡെല്‍ഹി പ്രഗതി മൈതാനിയില്‍ കംപോണന്റ്‌സ് ഷോ സംഘടിപ്പിക്കും. ഫെബ്രുവരി 8 നാണ് 2018 ഓട്ടോ എക്‌സ്‌പോയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. രണ്ടോ മൂന്നോ ലോഞ്ചുകള്‍ മാത്രം കണ്ട 2016 എഡിഷനേക്കാള്‍ വളരെ മികച്ചതായിരിക്കും ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയെന്ന് സുഗതോ സെന്‍ പറഞ്ഞു.

പാസഞ്ചര്‍, കൊമേഴ്‌സ്യല്‍, ഇരുചക്രവാഹന സെഗ്‌മെന്റുകളില്‍ പുതിയ ലോഞ്ചുകളും അനാവരണങ്ങളും കാണാം. ഫെബ്രുവരി 7, 8 ദിവസങ്ങളില്‍ നൂറിലധികം വാഹനങ്ങളുടെ പ്രിവ്യൂ ഉണ്ടായിരിക്കുമെന്ന് സിയാം ട്രേഡ് ഫെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അരുണ്‍ മല്‍ഹോത്ര അറിയിച്ചു. ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ച്ചറേഴ്‌സ് അസ്സോസിയേന്‍ ഓഫ് ഇന്ത്യ (എസിഎംഎ), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) എന്നിവയുടെ സഹകരണത്തോടെയാണ് ഓട്ടോ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

വര്‍ധിച്ച ചെലവുകള്‍ കാരണമാണ് ചില കമ്പനികള്‍ വിട്ടുനില്‍ക്കുന്നതെന്ന വാര്‍ത്തകള്‍ സുഗതോ സെന്‍ നിഷേധിച്ചു

നിസ്സാന്‍, ഔഡി, ഫോക്‌സ്‌വാഗണ്‍, സ്‌കോഡ, ഫോഡ്, ഡുകാറ്റി തുടങ്ങിയ കമ്പനികള്‍ 2018 ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നില്ല. അമ്പത് ശതമാനം സിയാം അംഗങ്ങള്‍ മാത്രമേ സാധാരണഗതിയില്‍ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കാറുള്ളൂവെന്ന് സുഗതോ സെന്‍ ചൂണ്ടിക്കാട്ടി. എല്ലാ വര്‍ഷവും പങ്കെടുക്കുന്ന ചില കമ്പനികള്‍ ഇത്തവണ വിട്ടുനില്‍ക്കുന്നു എന്ന് മാത്രം. സിയാം കൂട്ടായ്മയില്‍ 48 വാഹന നിര്‍മ്മാതാക്കളാണ് ഉള്ളതെന്നും മുന്‍കാലങ്ങളിലെ ഒരു ഓട്ടോ എക്‌സ്‌പോയിലും അമ്പത് ശതമാനത്തില്‍ കൂടുതല്‍ പങ്കാളിത്തം ഉണ്ടായിരുന്നില്ലെന്നും സുഗതോ സെന്‍ വ്യക്തമാക്കി.

എന്നാല്‍ വര്‍ധിച്ച ചെലവുകള്‍ കാരണമാണ് കമ്പനികള്‍ വിട്ടുനില്‍ക്കുന്നതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ്, ജാപ്പനീസ് കമ്പനിയായ കാവസാക്കി തുടങ്ങിയവര്‍ 2018 ഓട്ടോ എക്‌സ്‌പോയില്‍ നവാഗതരാണ് എന്ന കാര്യം സുഗതോ സെന്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Auto