ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇനി സംഗീതത്തിലും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇനി സംഗീതത്തിലും

സംഗീതലോകത്തെ നിര്‍ണായകനിമിഷങ്ങള്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു സംഭവത്തിനാണു നമ്മള്‍ സാക്ഷ്യംവഹിക്കുന്നത്. ഹലോ വേള്‍ഡ് എന്ന സംഗീത ആല്‍ബം പുറത്തിറങ്ങിയതോടെ, ഭാവിയില്‍ സംഗീതരംഗത്തും സാങ്കേതികവിദ്യയുടെ സ്വാധീനം വര്‍ധിക്കാന്‍ പോവുകയാണെന്നു തെളിയിച്ചിരിക്കുന്നു. മനുഷ്യരായ സംഗീതജ്ഞരോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംഗീതമേകിയ പാട്ടുകളും ഈ ആല്‍ബത്തിലുണ്ട്.

റോബോട്ടുകള്‍ക്കു ഇന്നു മനുഷ്യരുടെ വികാരങ്ങളെ അനുകരിക്കാന്‍ സാധിക്കും, ഏറ്റവും മികച്ച കലാസൃഷ്ടികള്‍ക്കു അനുയോജ്യമായ നിറമേകാന്‍ സാധിക്കും, അലക്കിയെടുത്ത വസ്ത്രങ്ങള്‍ മടക്കി അലമാരയില്‍ സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കും, എന്തിനു നമ്മളുടെ ഇന്‍ഷ്വറന്‍സ് ക്ലെയിം പോലും അടയ്ക്കാന്‍ സാധിക്കും. ആ നിലയിലേക്കു വളര്‍ന്നിരിക്കുന്നു സാങ്കേതികവിദ്യ.

ഫ്‌ളോ മെഷീന്‍ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയര്‍ സംഗീതം കൊടുത്ത രണ്ട് പാട്ടുകള്‍ 2016-ല്‍ പുറത്തിറക്കിയിരുന്നു. ഇന്റര്‍നെറ്റില്‍ ഇത് 1.5 ദശലക്ഷം പേരാണ് ശ്രവിച്ചത്. പൊതുസമൂഹത്തില്‍ ലഭിച്ച സ്വീകാര്യത ഭാവിയില്‍ കൂടുതല്‍ പാട്ടുകള്‍ ഇത്തരത്തില്‍ പുറത്തിറക്കാന്‍ സംഗീത ലോകത്തിന് പ്രചോദനമേകും.

ഒരുകാലത്തു മനുഷ്യര്‍ക്കു മാത്രം നിര്‍വഹിക്കാന്‍ സാധിച്ചിരുന്ന പലകാര്യങ്ങളും റോബോട്ടുകള്‍ ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ചെയ്യാന്‍ പ്രാപ്തി നേടിയിരിക്കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് റോബോട്ടുകള്‍ പോപ് സംഗീതത്തെ പുനര്‍നിര്‍വചിക്കാന്‍ പോകുന്നു എന്നാണ്. ഇതു സാധ്യമാവുന്നതു ഫ്‌ളോ മെഷീന്‍സ് (Flow Machines) എന്ന സംഗീതജ്ഞനിലൂടെയാണ്. ഫ്‌ളോ മെഷീന്‍ ഒരു ഗായകനോ, താളമിടുന്ന ആളോ, എന്തിനു സംഗീത പാരമ്പര്യമുള്ള വ്യക്തിയോ അല്ല. അത് പാരീസിലുള്ള സോണിയുടെ കമ്പ്യൂട്ടര്‍ സയന്‍സ് ലാബ് വികസിപ്പിച്ചെടുത്ത ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയറാണ്. സോണിയുടെ കമ്പ്യൂട്ടര്‍ സയന്‍സ് ലാബിന്റെ (സിഎസ്എല്‍) ശേഖരത്തിലുള്ള വിപുലമായ ഡാറ്റാബേസില്‍ നിരവധി പോപ്പ്, ജാസ് സംഗീത ശേഖരമുണ്ട്. ലീഡ് ഷീറ്റ് ഡാറ്റാ ബേസ് എന്നാണ് ഈ ശേഖരം അറിയപ്പെടുന്നത്. 13,000-ത്തോളം ലീഡ് ഷീറ്റുകളുണ്ട് ലാബില്‍. ഇതില്‍നിന്നും ഫ്‌ളോ മെഷീനിന് ഏത് ആര്‍ട്ടിസ്റ്റിന്റെയും രീതിയില്‍ സംഗീതം നല്‍കാന്‍ കഴിയും. പോപ്പ്, ജാസ്, ബ്രസീലിയന്‍ അങ്ങനെ ഏതു രീതിയിലുമുള്ള സംഗീതവും നല്‍കാന്‍ ഫ്‌ളോ മെഷീനിനു സാധിക്കും.

2016 സെപ്റ്റംബറില്‍ ഫ്‌ളോ മെഷീന്‍ സംഗീതം കൊടുത്ത രണ്ടു പാട്ടുകള്‍ പുറത്തിറക്കിയിരുന്നു. Daddy’s Car, The Ballad of Mr. Shadow എന്നിവയായിരുന്നു ആ പാട്ടുകള്‍. ഇതില്‍ ഡാഡീസ് കാര്‍ എന്ന പോപ്പ് സോങ് ബീറ്റില്‍സില്‍നിന്നും, ദി ബാലഡ് ഓഫ് മി.ഷാഡോ എന്നത് അമേരിക്കന്‍ സംഗീതജ്ഞന്‍ കോള്‍ പോര്‍ട്ടര്‍, ജോര്‍ജ് ജെര്‍ഷ് വിന്നില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടതായിരുന്നു. ഇന്റര്‍നെറ്റില്‍ ഇത് 1.5 ദശലക്ഷം പേരാണ് ശ്രവിച്ചത്. ഡാഡീസ് കാര്‍ എന്ന പാട്ടിന്റെ വരികള്‍ എഴുതിയത് ഫ്രഞ്ച് സംഗീതജ്ഞന്‍ ബെന്നറ്റ് കാരേയായിരുന്നു. ഈ മാസം 12നു പുറത്തിറങ്ങിയ ഹലോ വേള്‍ഡ് എന്ന സംഗീത ആല്‍ബത്തില്‍ ഉള്‍പ്പെട്ട ഗാനമാണു ഡാഡീസ് കാര്‍.

ഇനി മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സായിരിക്കും നമ്മള്‍ക്ക് ഇഷ്ടപ്പെട്ട പാട്ടുകള്‍ സമ്മാനിക്കാന്‍ പോകുന്നത്. സംഗീതമേകാന്‍ മാത്രമല്ല, വരികള്‍ എഴുതാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു സാധിച്ചിരിക്കുന്നു. ഈയടുത്ത് കാലത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഐറിഷ് നാടോടി പാട്ടുകള്‍ എഴുതുകയുണ്ടായി. നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ നമ്മള്‍ക്ക് ഇഷ്ടപ്പെട്ട രീതിയിലും രൂപത്തിലുമുള്ള ട്യൂണുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിച്ചെടുത്തിരിക്കുന്നു.

ഫ്‌ളോ മെഷീന്‍

2012 മുതലാണു പാരീസിലുള്ള സോണിയുടെ കമ്പ്യൂട്ടര്‍ സയന്‍സ് ലബോറട്ടറീസില്‍ ഫ്‌ളോ മെഷീന്‍ വികസിപ്പിക്കാനുള്ള ശ്രമമാരംഭിച്ചത്. ഇതിനുള്ള ഫണ്ട് യൂറോപ്യന്‍ യൂണിയന്‍സ് സെവന്റി ഫ്രെയിം വര്‍ക്ക് പ്രോഗ്രാമിന്റെ കീഴിലുള്ള യൂറോപ്യന്‍ റിസര്‍ച്ച് കൗണ്‍സില്‍ നല്‍കുന്നുണ്ട്. ഫ്‌ളോ മെഷീന്‍ വികസിപ്പിക്കുന്നത് ഫ്രാങ്കോയ്‌സ് പാഷേയുടെ നേതൃത്വത്തിലാണ്. അദ്ദേഹത്തോടൊപ്പം പത്തോളം ഗവേഷകരും സഹകരിക്കുന്നുണ്ട്. സംഗീതം സ്വന്തമായോ, മനുഷ്യ കലാകാരന്മാരോടൊപ്പം സംയുക്തമായോ സൃഷ്ടിക്കുന്നതിന് പ്രാപ്തമായ സാങ്കേതികവിദ്യാ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സംവിധാനങ്ങളെക്കുറിച്ചു ഗവേഷണം ചെയ്യുക, വികസിപ്പിക്കുക തുടങ്ങിയവയാണു ഫ്‌ളോ മെഷീനുകളുടെ ലക്ഷ്യം. 2016-ല്‍ ഫ്‌ളോ മെഷീന്‍ സംഗീതമേകിയ രണ്ട് പാട്ടുകള്‍ പുറത്തിറങ്ങിയെങ്കിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സംഗീതം നിര്‍വഹിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ട് ഏഴ് പതിറ്റാണ്ടുകളെങ്കിലുമായിട്ടുണ്ടെന്നതാണു വാസ്തവം. 1957-ല്‍ ഒരു ട്രൂപ്പിനു വേണ്ടി ഇലക്‌ട്രോണിക് കമ്പ്യൂട്ടറില്‍ സംഗീതം നല്‍കിയിരുന്നു. Illiac Suite എന്നായിരുന്നു ആ സംഗീതത്തിന്റെ പേര്. പിന്നീട് 1990-കളില്‍ അമേരിക്കന്‍ സംഗീതജ്ഞന്‍ ഡേവിഡ് കോപ്പും കമ്പ്യൂട്ടറിന്റെ സഹായത്തോടെ സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കിയിരുന്നു. 2016 ജൂണില്‍ ഗൂഗിള്‍ 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളൊരു ലഘുഗാനം പുറത്തിറക്കി. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മ്യൂസിക് ടൂളായ മജന്ത (Magenta) ആയിരുന്നു ഇതിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഇത്തരത്തില്‍ പതിറ്റാണ്ടുകളായി ഈ രംഗത്ത് ഗവേഷണങ്ങള്‍ പുരോഗമിച്ചിരുന്നു. ഇന്നു ശാസ്ത്രജ്ഞര്‍ ചെയ്യുന്നത് മറ്റൊന്നുമല്ല, പതിറ്റാണ്ടുകള്‍ മുന്‍പ് കണ്ടുപിടിച്ച സാങ്കേതികവിദ്യകള്‍ കൂടുതല്‍ വിപുലമായ രീതിയില്‍ വികസിപ്പിച്ചെടുക്കുന്നെന്നു മാത്രം.

സംഗീത ലോകത്തിന്റെ ഭാവി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സംഗീതം നല്‍കിയ പാട്ട് ഉള്‍പ്പെടുത്തിയുള്ള ആല്‍ബം ഈ മാസം പുറത്തിറങ്ങാന്‍ പോവുകയാണ്. ഇൗ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഏതൊരാള്‍ക്കും അനുഭവപ്പെടുന്നത്, സംഗീത ലോകത്തെ ഏറ്റെടുക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതു പോലെയായിരിക്കുമെന്നത് ഉറപ്പ്. ഒരര്‍ഥത്തില്‍ ആ തോന്നല്‍ യാഥാര്‍ഥ്യവുമാണ്. ഇനി മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സായിരിക്കും നമ്മള്‍ക്ക് ഇഷ്ടപ്പെട്ട പാട്ടുകള്‍ സമ്മാനിക്കാന്‍ പോകുന്നത്. സംഗീതമേകാന്‍ മാത്രമല്ല, വരികള്‍ എഴുതാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു സാധിച്ചിരിക്കുന്നു. ഈയടുത്ത് കാലത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഐറിഷ് നാടോടി പാട്ടുകള്‍ എഴുതുകയുണ്ടായി. Jukedeck, Amper Music and Melodrive തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ നമ്മള്‍ക്ക് ഇഷ്ടപ്പെട്ട രീതിയിലും രൂപത്തിലുമുള്ള ട്യൂണുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിച്ചെടുത്തിരിക്കുന്നു.

 

Comments

comments